ജോസഫ് ചാവറ
(നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരിലെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയായിരുന്നു ലേഖകന്‍)
2011 ഏപ്രില്‍ 13ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുകയോ ആഗ്രഹം പ്രകടിപ്പിക്കുകയോ ചെയ്യാതിരുന്ന എന്നെ എന്റെ പാര്‍ട്ടിയുടെ (സോഷ്യലിസ്‌റ്റ് ജനത ഡെമോക്രാറ്റിക്) സംസ്‌ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ മാര്‍ച്ച് 23നു രാത്രി ഏകദേശം പത്തുമണിയോടെ ഫോണില്‍ വിളിച്ച് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു. കൊലപാതക രാഷ്‌ട്രീയത്തിനു പേരുകേട്ട കണ്ണൂരിലേക്കു പോകാന്‍ പറഞ്ഞപ്പോള്‍തന്നെ എന്നില്‍ വിറയല്‍ തോന്നിത്തുടങ്ങി.
എന്റെ ഭയം പ്രസിഡന്റിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകന് ഉണ്ടാകേണ്ട ധൈര്യം അദ്ദേഹം എന്നെ ഓര്‍മപ്പെടുത്തി. എന്റെ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും തന്ന ഉപദേശത്തിലും അഭിപ്രായത്തിലും വിശ്വസിച്ച് ഇരുപത്തിനാലാം തീയതി പോകാന്‍തന്നെ സമ്മതിച്ചു. അന്നു വൈകുന്നേരം മട്ടന്നൂരിലേക്കു പോകാന്‍ ഇറങ്ങിയ എന്റെ മൊബൈല്‍ ഫോണില്‍ ഹോസ്‌റ്റലില്‍നിന്നു ഡിഗ്രിക്കു പഠിക്കുന്ന മകളുടെ ഫോണ്‍ വന്നു. മട്ടന്നൂരില്‍ മത്സരിക്കാന്‍ പോയാല്‍ എന്നെ വധിക്കും എന്ന പേടിയില്‍ പോകരുതെന്നു പറയാനാണ് അവള്‍ വിളിച്ചത്.
ഒടുവില്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിമാരായ ടി.എം. ജോസഫ്, ജോയി ചെട്ടിശേരി, എന്റെ കൂടെ ജോലി ചെയ്യുന്ന ശ്യാം എന്നിവരോടൊപ്പം ഞാന്‍ യാത്രയായി. വഴിമധ്യേ പ്രസിഡന്റിന്റെ കൈയില്‍നിന്നു മത്സരിക്കാന്‍ ആവശ്യമായ രേഖകള്‍ കൈപ്പറ്റി ഗുരുവായൂരില്‍ തങ്ങി. രാവിലെ വീണ്ടും യാത്ര. ഇടയ്‌ക്കുവച്ച് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി.കെ. കുഞ്ഞിരാമന്‍, മട്ടന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബാലകൃഷ്‌ണ നമ്പ്യാര്‍ എന്നിവരെ കൂട്ടി ഏകദേശം 11 മണിയോടെ മട്ടന്നൂരില്‍ എത്തിച്ചേര്‍ന്നു. അവിടെ ഞങ്ങളെ കാത്ത് കോണ്‍ഗ്രസ് നേതാക്കളായ സുരേഷ് മാവിലയും വിനോദ് കുമാറും ഉണ്ടായിരുന്നു. പിറകെ കോണ്‍ഗ്രസിന്റെയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെയും സി.എം.പിയുടെയും ഞങ്ങളുടെ പാര്‍ട്ടിയിലെയും നേതാക്കള്‍ വന്നു.
നോമിനേഷന്‍ സമര്‍പ്പിക്കാന്‍ തിരക്കോട് തിരക്ക്. ഒട്ടേറെ പരീക്ഷണങ്ങള്‍.... ഏറെ കടലാസുകള്‍... എല്ലാം ശരിയാക്കി പാര്‍ട്ടി നേതാക്കളുടെ അകമ്പടിയോടെ എന്റെ ആദ്യത്തെ പാര്‍ലമെന്ററി മത്സരത്തിന്റെ പത്രിക ഇരുപത്തിയാറാം തീയതി ഉച്ചയ്‌ക്ക് ഒരു മണിയോടെ റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിച്ചു. അതും ഒരു പത്രിക മാത്രം. പക്ഷേ, അത് അംഗീകരിക്കപ്പെട്ടു.
എന്റെ ചിന്ത 2007ലേക്കു പോയി. ഞങ്ങള്‍ കേരള അഡ്‌വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്റെ സംസ്‌ഥാന സമ്മേളനം കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചു. അതിന്റെ വിശിഷ്‌ടാതിഥികളുടെ കൂട്ടത്തില്‍ ക്ഷണിക്കാന്‍ തീരുമാനിച്ച ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന ഇ.പി. ജയരാജനെ കാണാന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോയി. എന്നോടൊപ്പം കെ.ത്രി.എ. സംസ്‌ഥാന പ്രസിഡന്റ് പി.ടി. ഏബ്രഹാം, സുന്ദര്‍കുമാര്‍, ജയിംസ് എന്നിവരുമുണ്ടായിരുന്നു. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഇ.പി. ജയരാജന്‍ തിരക്കിലാണ്. കുറച്ചു കാത്തിരിക്കാന്‍ പറഞ്ഞു. കാത്തിരുന്നു മുഷിഞ്ഞപ്പോള്‍ ഞാന്‍ വരാന്തയിലേക്കിറങ്ങി. ഒരു എട്ടുകെട്ടിനെ അനുസ്‌മരിപ്പിക്കുന്ന കൂറ്റന്‍ കെട്ടിടം. അതിന്റെ വരാന്തയില്‍ കുറേ ബോര്‍ഡുകള്‍. റേഷന്‍ കടകളിലെ വിലവിവരപ്പട്ടികപോലെ. അതില്‍ കുറെ പേരുകള്‍. ജാതി മത വര്‍ഗ വ്യത്യാസമില്ലാതെ. 17നും 25നും മധ്യേയാണു ബഹുഭൂരിപക്ഷത്തിന്റെയും പ്രായം. അങ്ങനെ അനവധി ബോര്‍ഡുകള്‍. നൂറുകണക്കിനു പേരുകള്‍. എല്ലാ ബോര്‍ഡുകളുടെയും തലവാചകം ഒന്നു മാത്രം. ഞാനതു വായിച്ചു.
''മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിക്കുവേണ്ടി രക്‌തസാക്ഷിത്വം വരിച്ച ധീരസഖാക്കള്‍''
ഞാന്‍ ഞെട്ടി. ഒരു ശ്‌മശാനത്തിലാണോ നില്‍ക്കുന്നത്! ശ്‌മശാനങ്ങളിലാണു പരേതരെ അടക്കം ചെയ്‌ത ശവക്കല്ലറകള്‍ക്കു മുകളിലെ മാര്‍ബിള്‍ ഫലകങ്ങളില്‍ 'ഇന്നു ഞാന്‍ നാളെ നീ' എന്ന് ആലേഖനം ചെയ്‌തതിന്റെ താഴെയായി അടക്കം ചെയ്‌തവരുടെ പേരുവിവരങ്ങള്‍ ഇങ്ങനെ കൊത്തിവച്ചിട്ടുള്ളത്. ഇവര്‍ മരിച്ചത് എങ്ങനെയാണ്? മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിക്കു ചൂതുകളിക്കാരുടെ ഭാഷയാണ്. ഒന്നുവച്ചാല്‍ രണ്ട്. രണ്ടുവച്ചാല്‍ നാല് എന്നിങ്ങനെ. ഇവരുടെ രക്‌തം വീണാണു കണ്ണൂരിന്റെ മണ്ണു ചുവന്നത്. ഈ പേരുദോഷം, ഈ ശാപവര്‍ഷം ആരു മാറ്റിത്തരും! നൂറുകണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി മട്ടന്നൂരിലെ സമ്മതിദായകരോടു ഞാന്‍ പറഞ്ഞു. എനിക്കുവേണ്ടി ഒരു തുള്ളി രക്‌തംപോലും ഈ മണ്ണില്‍ വീഴാന്‍പാടില്ല. ഒരു തുള്ളി കണ്ണുനീര്‍ പൊടിയാന്‍ പാടില്ല. ആരുടെയും മനസ് വേദനിക്കാന്‍ പാടില്ല. അതുപോലെ നിങ്ങള്‍ ആരുടെയും രക്‌തവും കണ്ണുനീരും വീഴ്‌ത്താന്‍ പാടില്ല. ആരുടെയും മനസ് വേദനിക്കുകയും അരുത്. സമാധാനത്തിന്റെ സന്ദേശവുമായ് സ്‌നേഹത്തിന്റെ ഭാഷയില്‍ നിങ്ങള്‍ അവരോടു പറയൂ.... യഥാര്‍ഥ ജനാധിപത്യത്തിലേക്കു തിരിച്ചുവരാന്‍. ബാലറ്റിലൂടെ കണക്കുതീര്‍ക്കാന്‍...
നിര്‍മ്മലഗിരി കോളജിലേക്കു വോട്ടുചോദിക്കാന്‍ ചെന്ന എന്നെ കൂകിവിളിച്ച് എന്റെ പ്രവൃത്തി തടസപ്പെടുത്തി വന്ന 18 ഓളം എസ്.എഫ്.ഐ. വിദ്യാര്‍ഥികള്‍! തില്ലങ്കേരിയിലേക്കു പര്യടനവുമായി പോയ എന്റെ വഴിയില്‍ കല്ലുകളും മരത്തടികളുംവച്ച് തടസപ്പെടുത്തി കുറെ ചെറുപ്പക്കാര്‍! അവരുടെ കൈകളില്‍ ആണി പതിപ്പിച്ച മരക്കഷണങ്ങള്‍! അത് ഉയര്‍ത്തിക്കാട്ടി അവര്‍ ഭീഷണിപ്പെടുത്തി.:
''അള്ളുവയ്‌ക്കും... വണ്ടിക്കെല്ലാം...!''
തെരഞ്ഞെടുപ്പിന്റെ ദിവസങ്ങളില്‍ മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ എന്റെ ബോര്‍ഡുകളും ബാനറുകളും ഒരു പകല്‍ വെളിച്ചംപോലും കാണാന്‍ അനുവദിക്കാതെ എടുത്തു മാറ്റി. നശിപ്പിച്ചു എന്നു പറയാന്‍ കഴിയില്ല. കാരണം എതിരാളികളുടെ പടം പതിച്ച ബാനറും ബോര്‍ഡുകളുമായി അത് അങ്ങിങ്ങു നിരന്നു കഴിഞ്ഞിരുന്നു. എന്റെ അഭ്യര്‍ഥനകളുമായി കടന്നുചെന്നവരെ ഏകദേശം എഴുപതോളം ബൂത്തുകളിലെ വോട്ടര്‍മാരെ കാണാന്‍പോലും അനുവദിച്ചില്ല. യു.ഡി.എഫ്. പ്രവര്‍ത്തകരെ കൊന്നുകളയുമെന്ന ഭീഷണി മുഴക്കി പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് ആരെയും കടത്തിവിട്ടുമില്ല. തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇരുപത്തഞ്ചോളം ബൂത്തുകളില്‍ ബൂത്ത് ഏജന്റായി ഇരിക്കാന്‍ പലര്‍ക്കും ഭയം. കാരണം, കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ കൈകാലുകള്‍ നഷ്‌ടപ്പെട്ടവരും ക്രൂരമര്‍ദനത്തിന് ഇരയായവരും അവരുടെ മുന്നില്‍ ജീവിച്ചിരിക്കുന്ന സൂചനകളാണ്. എങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി ഇരുന്നവരെ രാവിലെതന്നെ ഭീഷണിപ്പെടുത്തി പറഞ്ഞയയ്‌ക്കാന്‍ ശ്രമിച്ചു. ബൂത്തുകളില്‍ വോട്ടു ചെയ്യാന്‍ എത്തുന്ന പല യു.ഡി.എഫ്. അനുഭാവ വോട്ടര്‍മാരുടെ കൈയിലും ബൂത്തുലെവല്‍ ഓഫീസര്‍മാര്‍ കൊടുക്കേണ്ട സ്ലിപ്പുകള്‍ ഇല്ല.
ബി.എല്‍.ഒമാരെ നിയന്ത്രിക്കുന്നതു സി.പി.എം. പാര്‍ശ്വവര്‍ത്തികള്‍. തെരഞ്ഞെടുപ്പു ദിവസവും തലേന്നും കേന്ദ്രസേന ഉള്‍പ്പെടെയുള്ള സെക്യൂരിറ്റി ഉണ്ടാകുമെന്നു പറഞ്ഞതല്ലാതെ ഞാന്‍ മുന്‍കൂട്ടി ആവശ്യപ്പെട്ട ഒരു സ്‌ഥലത്തും ആ സേവനം ലഭിച്ചില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ തന്ന വാക്കുകള്‍ കാറ്റില്‍ പറത്തി. തലങ്ങും വിലങ്ങും നാടന്‍ പോലീസിന്റെ പട്രോളിംഗും സായുധമായ കാവലും ഉണ്ടാകുമെന്നു പറഞ്ഞിട്ട് സമയമായപ്പോള്‍ ഞാന്‍ അതൊന്നും കണ്ടില്ല. പോളിംഗ് സ്‌റ്റേഷനുകളിലേക്കു വ്യാജ സ്ലിപ്പുമായി കടന്നുവരുന്ന കള്ളവോട്ടര്‍മാരെ നിയന്ത്രിക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കു കഴിയുന്നില്ല. ചോദ്യം ചെയ്‌ത യു.ഡി.എഫ്. ബൂത്ത് ഏജന്റിനെ വീണ്ടും വീണ്ടും കൊല്ലുമെന്ന ഭീഷണി! 13-ാം തീയതി രാവിലെ ഏഴു മുതല്‍ പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടു ചെയ്യാന്‍ നീണ്ടനിര. അമ്മമാരും ഉമ്മമാരും കൈക്കുഞ്ഞുമായി നീണ്ട കാത്തിരിപ്പ്. കാരണം ഉച്ചകഴിഞ്ഞാല്‍ തെരഞ്ഞെടുപ്പിന്റെ സ്വഭാവം മാറും. ഞാന്‍ 61 ബൂത്തുകളോളം രണ്ടുമണിയോടെ കയറിയിറങ്ങി. 50 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിലാണ് അപ്പോഴത്തെ പോളിംഗ് നില. ബൂത്തിലെ തിരക്ക് ഒഴിഞ്ഞു. പിന്നീടു വന്നവരില്‍ സ്‌ത്രീകളാരുമില്ല.
പെട്ടെന്ന് എവിടെനിന്നോ ഓട്ടോറിക്ഷയിലും ലോറികളിലുമായി തലയില്‍കെട്ടുകാര്‍ വന്നിറങ്ങിത്തുടങ്ങി. എന്റെ ഫോണില്‍ നിരന്തരം സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ദീനരോദനങ്ങള്‍. എനിക്കു വാക്കുതന്ന പോലീസ് ഉദ്യോഗസ്‌ഥരെ ഞാന്‍ വഴിയില്‍ കണ്ടില്ല. ഒരേ സമയം പത്തോളം ബൂത്തുകളില്‍ ഗുണ്ടാവിളയാട്ടം.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ 133-ാം നമ്പര്‍ ബൂത്തായ കണ്ണവം എല്‍.പി. സ്‌കൂളില്‍ സി.പി.എമ്മുകാര്‍ ബൂത്തുപിടിച്ചു എന്നു കേട്ട് ഞാന്‍ അവിടെ ചെല്ലുമ്പോള്‍ മഹാഭാരത യുദ്ധത്തിലെ പത്മവ്യൂഹത്തിനെ അനുസ്‌മരിപ്പിക്കുന്നതുപോലെയൊരു പോളിംഗ് സ്‌റ്റേഷന്‍. കന്നുകാലിത്തൊഴുത്തിനെ അനുസ്‌മരിപ്പിക്കുന്ന ആ ബൂത്തിലേക്ക് 200 മീറ്റര്‍ ദൂരം.... കഷ്‌ടിച്ച് ഒരാള്‍ക്ക് നടക്കാവുന്ന വഴി. ബൂത്തിനു ചുറ്റും അമ്പതോളം സി.പി.എം. കാവല്‍ പടയാളികള്‍. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ചെറുപ്പക്കാരെ വെളിയിലിറക്കാന്‍ അവിടെ നാലു പോലീസുകാര്‍ മാത്രം. കോമ്പൗണ്ടിനു വെളിയിലിറങ്ങാന്‍ എ.എസ്.ഐ. ആവശ്യപ്പെട്ടതും ''
നിനക്കു കാലാണോ കൈയാണോ വേണ്ടതെന്നായി മറുചോദ്യം''. ഈ സമയം എന്നെ വഴികാണിക്കാന്‍ വന്ന ചെറുപ്പക്കാരനെ തിരിഞ്ഞുനോക്കി. അവനെ കാണാനില്ല. പെട്ടെന്ന് ഈ ചെന്നായ്‌ക്കൂട്ടം ഇരയെ കണ്ട ആക്രാന്തത്തോടെ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുന്നു. പിന്നെ സ്‌ത്രീകളുടേയും കുട്ടികളുടേയും ദീനരോദനങ്ങള്‍. ഒരു ചെറുപ്പക്കാരനെ ഓടിച്ചിട്ട് നാല്‍പതോളം ഗുണ്ടാസംഘത്തിന്റെ കൊടിയ മര്‍ദനം.
ഞാന്‍ ഓടി ആ മുറ്റത്തെത്തി. 40 പേരുടെ മുന്‍പില്‍ ഞാനാര്? ജീവനുവേണ്ടി കേഴുന്ന ചെറുപ്പക്കാരന്റെ മുഖം ഒരുനോക്കു കാണാന്‍ കഴിഞ്ഞു. അത് എനിക്കു വഴികാട്ടാന്‍ വന്നയാളല്ല. ഈ ചെറുപ്പക്കാരന്‍ ആരാണ്? ബൂത്തില്‍നിന്നു പോലീസുകാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. ഭാഗ്യത്തിന് ഒരു സി.ഐ. അവിടെയെത്തി. പോലീസ് അവിടെ എത്തുമ്പോള്‍ ചത്തിട്ടെന്നവണ്ണം ആ ചെറുപ്പക്കാരനെ ഉപേക്ഷിച്ച് അവര്‍ പിന്മാറിയിരുന്നു.
ആ ചെറുപ്പക്കാരനേയുംകൊണ്ട് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കു പോകുംവഴി ജീവച്‌ഛവംപോലെയായ അവനോട് ഞാന്‍ പേര് ചോദിച്ചു. ഉത്തരം പറഞ്ഞത് കൂടെയുണ്ടായിരുന്ന സഹോദരനാണ്. 'ഉമ്മര്‍..' മുസ്ലിം യൂത്ത്‌ലീഗിന്റെ പഞ്ചായത്ത് സെക്രട്ടറിയാണ്. എനിക്കുവേണ്ടി പോളിംഗ് ഏജന്റായി രാവിലെ ആറുമണിക്ക് ഒരു ചായ മാത്രം കുടിച്ചിട്ട് കയറിയതാണ്. ഒന്നും പിന്നെ കഴിച്ചിട്ടില്ല. ദാഹിച്ചിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ അടുത്ത വീട്ടിലേക്കു പോയതാണ്. അപ്പോഴാണ് ചെന്നായ്‌ക്കൂട്ടം ഈ നിലയിലാക്കിയത്. ഇനി എത്ര കാലം വേണം ഈ ചെറുപ്പക്കാരനു സാധാരണ നിലയിലേക്കു തിരിച്ചുവരുവാന്‍! വന്നാലോ എത്രയോ ശാരീരിക അവശതകള്‍ കടന്നുവരും. കണ്ണൂരിലെ കമ്യൂണിസ്‌റ്റ് ആധിപത്യം യഥാര്‍ഥ ജനാധിപത്യമായി അവകാശപ്പെടാന്‍ കഴിയുമോ?
ഈ ശൈലി പശ്‌ചിമബംഗാളിലെ പോലെ മാവോയിസം വളരാനും ചെറുത്തുനില്‍പിനായി ജനാധിപത്യ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ചെറുപ്പക്കാര്‍ കൂട്ടത്തോടെ ഭീകരവാദ- തീവ്രവാദ രാഷ്‌ട്രീയത്തിലേക്കു തിരിയാനും കാരണമാകും. അതു കണ്ണൂരില്‍ തുടങ്ങിക്കഴിഞ്ഞു. ഒന്നോര്‍ക്കുക നിങ്ങള്‍ തളര്‍ത്തുന്നതു യഥാര്‍ഥ ജനാധിപത്യത്തെയാണ്.
മംഗളം ദിന പത്രം (april 26,2011)
1 മറുപടികള്‍ ഇവിടെ:
ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ ജനാധിപത്യത്തെ പറ്റി വാ തോരാതെ സംസാരിക്കുന്നു. ശുദ്ധാത്മാക്കളായ സാംസ്കാരിക നായകര്‍ അത് വിശ്വസിച്ച് ചെന്നായ്ക്കള്‍ക്ക് ആട്ടിന്‍ കുട്ടികള്‍ എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ശുദ്ധന്‍ ദുഷ്ടന്റെ ഫലമാണ് ചെയ്യുക. ഈ ചെന്നായ്ക്കളെയും അവര്‍ക്ക് വക്കാലത്തെടുക്കുന്ന സാംസ്ക്കാരിക - ബുജികളെയും കരുതിയിരിക്കുക. ഇതൊക്കെയാണ് കമ്മ്യൂനിസത്തിന്റെ വികൃത മുഖങ്ങള്‍ ..
2011, ഏപ്രിൽ 26 11:05 AMഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ