ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

സി പി എം കൊലവെറിക്കെതിരെ ഇടുക്കി ജില്ലയില്‍ പ്രതിഷേധം വ്യാപകം ..



സി പി എം നേതാക്കളുടെ  കൊല വെറി  രാഷ്ട്രീയത്തിനെതിരെ ഇടുക്കി ജില്ലയില്‍ കനത്ത പ്രതിഷേധം .സി പി എം ജില്ലാ  സെക്രട്ടറി എം എം മണിയുടെ വിവാദ വെളിപ്പെടുത്തല്‍  പ്രസംഗതിനെതിരില്‍   വിവിധ രാഷ്ട്രീയ കക്ഷികളുടെയും , ജനാധിപത്യ വിശ്വാസികളുടെയും ,സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ വ്യാപകമാവുന്നു
തുടര്‍ന്ന് വായിക്കുക

മീനാക്ഷി ടീച്ചര്‍ ഒരു കത്ത് കൂടി എഴുതണം




തുടര്‍ന്ന് വായിക്കുക

അട്ടം തപ്പി ഗോപാലനെ അറിയുമോ സഖാക്കളെ ?



അട്ടം തപ്പി ഗോപാലനെ അറിയുമോ സഖാക്കളെ ? അയാൾക്ക് പണ്ട് അട്ടം തപ്പലാണ് പണി. ഒരു തരം കൂട്ടികൊടുപ്പ്! പറയുന്നത് പിണറായി.
 എന്താണന്നല്ലേ, സ്വാതന്ത്ര്യ സമര സേനാനിയും, ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും, മാഹി വിമോചനത്തിനു വേണ്ടി സമരം നടത്തുകയും ചെയ്ത മഹാ ത്യാഗി വര്യനായ മുല്ലപ്പള്ളി ഗോപാലനെ കുറിച്ചാണ് പറയുന്നത്. അട്ടം തപ്പലിന്റെ കഥ പിണറായി പറയുമ്പോൾ ആയിരങ്ങൾ മുന്നിലുണ്ട്. കുറച്ച് പേർ കൈയ്യടിച്ചു. കാര്യം മനസ്സിലായവർ പരസ്പരം നോക്കി.

ഗാന്ധിയനും, സർവ്വോപരി നാടിന്റെ നന്മയുടേയും മുഖമായിരുന്നു ഗോപാലന്റേതെന്ന് പൂർവ്വികരുടെ കഥ പറച്ചിലിനിടെ കേട്ട വിവരമുള്ളതിനാൽ പിണറായി പറയുന്നതിലെ വ്യക്തി ഹത്യ ബോധ്യമായപ്പോൾ കൈവിട്ട് പോയ തന്റെ അധീശാധികാരം തിരിച്ചു പിടിക്കലാണോ ഈ കടന്നാക്രമണമെന്ന് തോന്നിപ്പോയി. മുല്ലപ്പള്ളി രാമചന്ദ്രനെന്ന മകനെ കുറിച്ചാണ് പിണറായിക്ക് ആക്ഷേപമെങ്കിൽ ഇന്നത്തെ തലമുറക്ക് സുപരിചിതനായ രാമചന്ദ്രനെന്ന കേന്ദ്ര മന്ത്രിയെ ആക്ഷേപിക്കാമായിരുന്നു.

കമ്മ്യൂണിസ്റ്റ് മേധാവിത്വത്തെ വെല്ലുവിളിച്ച് കണ്ണൂരെന്ന കോട്ട തകർത്ത, വടകരയെന്ന മല പിഴുത രാഷ്ട്രീയക്കാരനായ കോൺഗ്രസ്സുകാരനെ ആക്ഷേപിക്കാൻ അദ്ദേഹത്തിന്റെ അച്ചനെ വിളിക്കുന്ന മടയത്തരത്തിലേക്ക് മാർക്സിസ്റ്റ് രാഷ്ട്രീയം തരം താഴരുതായിരുന്നു. അട്ടം തപ്പലിന്റെ യഥാർത്ഥ കഥ ഇനി പറയുകയാണെങ്കിൽ കുറച്ച് മുമ്പ് സക്കറിയ കണ്ണൂരിൽ നിന്നും അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ തല അടിച്ചു പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട് സി.പി.എമ്മുകാർ.

ഒളിവിലെ ഓർമ്മകൾ പണ്ടത്തെ കമ്മ്യൂണിസ്റ്റുകാരെ ഇപ്പോഴും വേട്ടയാടുന്നത് കുറെ ജാര ജന്മങ്ങളെ പടച്ചത് കൊണ്ടായിഒരുന്നു. മുഴു മുഴുത്ത കമ്മ്യൂണിസ്റ്റുകാരുടെ വീടുകളിലെ അട്ടം ഒളി താവളമാക്കിയ നേതാക്കന്മാർ അന്തി മയങ്ങുന്നതോടെ താഴെ ഇറങ്ങി വന്ന് അഭയം നൽകിയവന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് നൽകിയ സമ്മാനങ്ങളായിരുന്ന സന്താനങ്ങളാണ് പിന്നീട് രാഷ്ട്രീയത്തിന് പോലും വെച്ച് പൊറുപ്പിക്കാനാവാത്ത കലാപകാരികളായി നാടു വിറപ്പിക്കുന്നവരായ് മാറിയത്.

അത്തരം ദുഷ്ട ശക്തികൾക്കെതിരെ മുല്ലപ്പള്ളി ഗോപാലന്റെ തുടർച്ചയായി അദ്ദേഹത്തിന്റെ മകൻ ശബ്ദിച്ചെങ്കിൽ പിണറായി എന്തിനിത്ര രോഷം കൊള്ളണം? ചെത്ത്കാരനായ കോരന്റെ മകനായ വിജയൻ അഭിരമിക്കുന്ന സൌഭാഗ്യങ്ങൾ വെച്ച് നോക്കുമ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനെന്ന കോൺഗ്രസ്സുകാർന്റെ സ്വകാര്യ ജീവിതം ഒന്നുമല്ല. മുക്കളിയിലെ സാധാരണ ഒരു വെളുത്ത പെയിന്റടിച്ച വീട് കാണാൻ വന്ന കോൺഗ്രസ്സുകാർ ഇപ്പോഴും കോൺഗ്ര്സ്സുകാരായി നില നിൽക്കുന്നുണ്ടെന്നും പിണറായി അറിയണം.

 രാഷ്ട്രീയം വ്യക്തി ഹത്യയിലേക്ക് വഴിമാറി പോകുന്നത് സാംസ്കാരികമായി തരം താഴുന്നവർക്കിടയിലാണ്. അത് മനസ്സിലാക്കാൻ കഴിയുന്നവർക്കിടയിലെ അഭിമാന ബോധമാണ് മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ചോദ്യം ചെയ്യലുകൾ. അധികാരം കൊണ്ട് മുഴുത്ത് നശിച്ച വർഗ്ഗമായി കമ്മ്യൂണിസ്റ്റുകാർ അധ:പതിച്ചതിന്റെ ദുഷിച്ച ഗന്ധമാണ് ഇപ്പോൾ അന്തരീക്ഷത്തിൽ.
തുടര്‍ന്ന് വായിക്കുക

ചില പ്രത്യയശാസ്‌ത്ര വിഷാദങ്ങള്‍

                                                                                  അനന്തരം \ ബാബു ഭരദ്വാജ്‌
_ചില പ്രത്യയശാസ്‌ത്ര വിഷാദങ്ങള്‍_

`നൂറല്ല, നൂറായിരം പാപത്തിന്‍
ശവംനാറിപ്പൂവുകള്‍
വിരിയിക്കും കാടത്തം വളരുന്നു'
എന്ന്‌ പണ്ട്‌ പാടിയത്‌ ഒ.എന്‍.വി കുറുപ്പാണ്‌. അന്ന്‌ ആ പാട്ടുകേട്ട്‌ കലിതുള്ളിയ തലമുറയില്‍പെട്ടവനാണ്‌ ഞാന്‍. അന്ന്‌ കമ്മ്യൂണിസത്തെ കാടത്തമെന്ന്‌ വിളിക്കാന്‍ ഒ.എന്‍.വിക്ക്‌ എങ്ങനെ ചങ്കുറപ്പ്‌ വന്നുവെന്ന്‌ എന്റെ തലമുറ അതിശയിച്ചിരുന്നു. കമ്മ്യൂണിസത്തെയല്ല, കമ്മ്യൂണിസത്തിന്റെ പേരില്‍ ഏകാധിപതികളായവരെക്കുറിച്ചാണ്‌ കവിവചനം എന്ന്‌ മനസ്സിലാക്കാനുള്ള വിവേകം ഞങ്ങള്‍ക്കില്ലാതെപോയി. ഇന്നാ കവിത ഒരിക്കല്‍കൂടി കേള്‍ക്കേണ്ടിവരുമ്പോള്‍ ഈ കാലത്തിനും അതുകൊണ്ട്‌ ഏത്‌ കാലത്തിനും ചേര്‍ന്ന കവിതയാണ്‌ അതെന്ന്‌ ഉള്‍ക്കൊള്ളാന്‍ ആവുന്നുണ്ട്‌. ഇന്നത്തെ രാഷ്‌ട്രീയ കേരളത്തിന്റെ നേര്‍സാക്ഷ്യമാണത്‌.

`പൊന്നരിവാള്‍ അമ്പിളി'യില്‍ കണ്ണെറിഞ്ഞ്‌ നില്‍ക്കുന്ന മാനവികതയെ വിളംബരംചെയ്‌ത കവിയാണ്‌ ഒ.എന്‍.വി. `പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകാരനാണ്‌' എന്ന്‌ പറഞ്ഞതും ഒ.എന്‍.വി തന്നെ. ഈ ഒറ്റപ്പാട്ടിലൂടെ ജനലക്ഷങ്ങളെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക്‌ ആനയിച്ച കവിയാണ്‌ ഒ.എന്‍.വി. വടിവാളിനെക്കാള്‍ മൂര്‍ച്ചയുള്ള പാട്ടുകൊണ്ട്‌.

`നൂറുപൂക്കള്‍ വിരിയട്ടെ'യെന്നും `നൂറ്‌ ചിന്തകള്‍ ഉണരട്ടെ'യെന്നുമുള്ള മാവോവചനം പ്രചുരപ്രചാരത്തിലായ കാലത്താണ്‌ ഒ.എന്‍.വി നൂറായിരം ശവംനാറിപ്പൂവുകളെക്കുറിച്ച്‌ പറഞ്ഞത്‌.
നൂറല്ല ഒരൊറ്റപ്പൂവുപോലും വിരിയാന്‍ അനുവദിക്കാത്ത കാലത്താണ്‌ നമ്മള്‍ ജീവിക്കുന്നത്‌. നൂറല്ല ഒരൊറ്റ ചിന്തപോലും ഉണരാന്‍ അനുവദിക്കാത്ത രാഷ്‌ട്രീയ കാലാവസ്ഥയാണ്‌ കേരളത്തിന്റേത്‌. പാര്‍ട്ടി സെക്രട്ടറിയാണ്‌ എല്ലാവര്‍ക്കും വേണ്ടി ചിന്തിക്കേണ്ടത്‌.
മറ്റുള്ളവര്‍ ചിന്തിച്ചാല്‍ അത്‌ വിഭാഗീയതയായി. മറുചിന്തയുള്ളവര്‍ മുഴുവനും ശത്രുക്കളാണ്‌. മറിച്ച്‌ ചിന്തിക്കുന്നവരെ മുഴുവനും ഇല്ലാതാക്കണം, വകവരുത്തണം. പാര്‍ട്ടിക്കുള്ളില്‍ തരിമ്പും ജനാധിപത്യം പാടില്ല. പാര്‍ട്ടി അണികള്‍ മുഴുവനും അനുസരണയുള്ള കുഞ്ഞാടുകളായിരിക്കണം. അതാണ്‌ ലെനിനിസ്റ്റ്‌ രീതിയിലുള്ള ജനാധിപത്യ കേന്ദ്രീകരണം എന്നവര്‍ പറയുന്നു. ആര്‍ക്കും തെറ്റുപറ്റാം. 
 
എന്നാല്‍ പാര്‍ട്ടിക്ക്‌ തെറ്റുപറ്റില്ല. പാര്‍ട്ടി ചെയ്യുന്നതൊക്കെ ശരിയാണെന്നും അവര്‍ വാദിക്കുന്നു. പാര്‍ട്ടിക്ക്‌ ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കില്ലെന്ന്‌ പറഞ്ഞാല്‍ മറ്റുള്ളവര്‍ അത്‌ അംഗീകരിക്കണം. ക്രൂരമായ കൊലപാതകത്തെക്കുറിച്ച്‌ അന്വേഷിക്കാനേ പാടില്ല എന്നാണവര്‍ വാദിക്കുന്നത്‌. അന്വേഷിക്കുകയാണെങ്കില്‍ അവര്‍ പറയുന്ന രീതിയിലായിരിക്കണം അന്വേഷിക്കേണ്ടത്‌.

അതാണിതുവരെയുള്ള നാട്ടുനടപ്പ്‌. നാട്ടുനടപ്പ്‌ തെറ്റിക്കാന്‍ പാടില്ല. കുറേ വര്‍ഷങ്ങളായി അതാണതിന്റെ രീതി. പാര്‍ട്ടിക്കെതിരെ നില്‍ക്കുന്നവരെ അവര്‍ കൊല്ലും. കൊന്നാല്‍ കേസ്സും കൂട്ടവുമൊക്കെയുണ്ടാവും. അതിനാണല്ലോ കോടതിയും പൊലീസുമൊക്കെ. അതിനാണല്ലോ അവര്‍ക്കൊക്കെ ചൊല്ലിനും ചെലവിനും കൊടുക്കുന്നത്‌. കൊലപാതകം നടന്നു കഴിഞ്ഞാല്‍ പാര്‍ട്ടി പൊലീസിന്‌ ഒരു ലിസ്റ്റ്‌ കൊടുക്കും. ആ ലിസ്റ്റിലുള്ളവരെ അറസ്റ്റ്‌ ചെയ്യാം, ജയിലിലിടാം, ശിക്ഷിക്കാം. അവര്‍ക്കാ കൊലപാതകത്തില്‍ പങ്കുണ്ടാവണമെന്നില്ല. പാര്‍ട്ടിക്കുവേണ്ടി കുറ്റം ഏറ്റവരുടെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. കൊന്നവരും കൊല്ലാന്‍ പഠിച്ചവരും പുറത്ത്‌ വിഹരിക്കും. അവരെ തൊടാന്‍ പാടില്ല. കാരണം അവരെ പാര്‍ട്ടിക്ക്‌ ഇനിയും ആവശ്യമുണ്ട്‌. അവരെ തൊട്ടാല്‍ കളിമാറും. ഇടതുപക്ഷ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍വേണ്ടി ഭരണകൂടം കച്ചകെട്ടിയിറങ്ങുന്നുവെന്ന്‌ വിളിച്ചുകൂവും. അവരെ തൊട്ടാല്‍ `ഈ പാര്‍ട്ടി' തീപ്പന്തമാവും എന്നൊക്കെ അലറും. ഇതൊക്കെ കേട്ട്‌ ഞെട്ടിത്തെറിക്കുന്നവരുണ്ടാവാം.

ജനാധിപത്യമല്ലേ, ഭരണം മാറിമാറി വരും എന്നൊക്കെ കരുതുന്ന പൊലീസുകാരും ന്യായാധിപരും ഈ ഭീഷണിക്ക്‌ വഴങ്ങിയേക്കാം. എന്നാല്‍ ഇനി അത്‌ പാടില്ലെന്ന്‌ കരുതുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ്‌ കരുതേണ്ടത്‌. ഒരു വലിയ വിഭാഗം പൊതു സമൂഹം ഈ അനീതിക്കെതിരെ ഉണര്‍ന്നുകഴിഞ്ഞെന്നാണ്‌ കാലത്തിന്റെ ചുവരെഴുത്ത്‌ വായിക്കാന്‍ കഴിവുള്ളവര്‍ മനസ്സിലാക്കുന്നത്‌; മനസ്സിലാക്കേണ്ടത്‌. ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്‌ പുറത്തല്ലെന്നും അകത്തുതന്നെയാണെന്നും ജനങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കിക്കഴിഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തെ നയിക്കുന്നവര്‍ എന്ന്‌ പറയുന്നവര്‍ തന്നെയാണ്‌ അതിന്റെ തലപ്പത്തിരുന്ന്‌ ഇടതുപക്ഷ പ്രസ്ഥാനത്തെ കഷ്‌ണം കഷ്‌ണമാക്കി അരുംകൊല നടത്തിക്കൊണ്ടിരിക്കുന്നത്‌. അതുകൊണ്ട്‌ പാര്‍ട്ടിയുടെ വെളിച്ചപ്പാടന്‍മാര്‍ തുള്ളിയലറി വിളിച്ചിട്ടൊന്നും കാര്യമില്ല. അവരുടെ കല്ലേല്‍ പിളര്‍ക്കുന്ന കല്‍പ്പനകള്‍ കേള്‍ക്കാന്‍ ആരും മേല്‍മുണ്ടെടുത്ത്‌ അരക്കുകെട്ടി താണുവണങ്ങി നില്‍ക്കുകയുമില്ല.

പാര്‍ട്ടി എതിരാളികളെ നേരിടുന്നത്‌ പ്രത്യയശാസ്‌ത്രം കൊണ്ടാണെന്ന്‌ ദല്‍ഹിയില്‍നിന്ന്‌ ഇടക്കൊക്കെ പെട്ടിയുംതൂക്കി കേരളത്തിലെത്തുന്ന പ്രകാശ്‌ കാരാട്ടിന്‌ പറയാം. എന്നാല്‍ കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക്‌ അങ്ങനെ പറയാന്‍ പറ്റില്ല. ഇടക്കൊക്കെ പ്രത്യയശാസ്‌ത്രത്തെക്കുറിച്ചോര്‍മിപ്പിക്കാനാണല്ലോ പ്രകാശ്‌ കാരാട്ടിനെ അവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. പ്രത്യയശാസ്‌ത്രം പാതിരിയും കപ്യാരും മാത്രം പഠിച്ചാല്‍ മതിയെന്ന്‌ കരുതുന്നവരാണ്‌ എണ്ണത്തില്‍ കൂടുതല്‍. പ്രത്യയശാസ്‌ത്രം പഠിക്കാനും പ്രസംഗിക്കാനും നിയോഗിക്കപ്പെട്ട പാതിരിമാരും കപ്യാരുമാരുമാണ്‌ പോളിറ്റ്‌ ബ്യൂറോയും കേന്ദ്രകമ്മിറ്റിയുമൊക്കെ. അതവര്‍ ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്‌. സംസ്ഥാനത്ത്‌ ദൈനംദിന രാഷ്‌ട്രീയത്തില്‍ ഇടപെടുന്നവര്‍ക്ക്‌ പ്രത്യയശാസ്‌ത്രം നോക്കി പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ പറ്റില്ല. അതുകൊണ്ടവര്‍ സെക്രട്ടറിയുടെ ചിന്തകള്‍ക്കെതിരെ നില്‍ക്കുന്നവരെ വാളുകൊണ്ട്‌ അരിഞ്ഞുതള്ളുന്നു. വാളിന്‌ അലകും പിടിയുമൊക്കെയുണ്ട്‌. പ്രത്യയശാസ്‌ത്രത്തിന്‌ അതില്ല. പ്രത്യയശാസ്‌ത്രം എന്ന `കുന്ത്രാണ്ടം' എന്താണെന്ന്‌ അറിയാത്തവരാണ്‌ ബഹുഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും. ഇത്‌ പാര്‍ട്ടിക്ക്‌ പുറത്ത്‌ നില്‍ക്കുന്നവര്‍ പറയുന്നതല്ല, പാര്‍ട്ടിതന്നെ പറയുന്നതാണ്‌. പാര്‍ട്ടിയെ പ്രത്യയശാസ്‌ത്രത്തിന്റെ പടച്ചട്ടയണിയിക്കുമെന്ന്‌ ഇടക്കൊക്കെ പ്രമേയങ്ങളിലൂടെ പാര്‍ട്ടി പറയാറുണ്ട്‌. പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടേയും സമ്മേളനങ്ങളുടേയും നിലപാട്‌ തറകളില്‍ നിന്നാണവര്‍ ഇതൊക്കെ പറയാറ്‌.

മാമാങ്കത്തിലാണ്‌ നിലപാട്‌ തറയുള്ളത്‌. പാര്‍ട്ടി കോണ്‍ഗ്രസ്സും ഒരു മാമാങ്കം തന്നെയാണ്‌. മാമാങ്കം ഒരു നാടകമാണെന്ന്‌ ചരിത്ര കുതുകികള്‍ക്കറിയാം. പാര്‍ട്ടി കോണ്‍ഗ്രസ്സും ഇങ്ങനെ പ്രത്യയശാസ്‌ത്രം ഛര്‍ദിക്കാനുള്ള നിലപാടുതറയായി മാറിക്കഴിഞ്ഞിട്ട്‌ കാലമേറെയായി.
പാര്‍ട്ടി മുതലാളിത്തത്തിന്റെ വൈതാളികരായി മാറിക്കഴിഞ്ഞുവെന്നാണ്‌ പാര്‍ട്ടിയില്‍നിന്ന്‌ ഭിന്നിച്ചുനില്‍ക്കുന്നവര്‍ പറയുന്നത്‌. പാര്‍ട്ടി ഒരു മുതലാളിയെപ്പോലെ പെരുമാറുന്നുവെന്ന്‌ പാര്‍ട്ടിക്ക്‌ പുറത്തുള്ളവരും പറയുന്നു. പാര്‍ട്ടി മുതലാളിയുടെ നീതിയും നെറിയും കാണിച്ചുകൊടുത്ത സംഭവമാണ്‌ കൂത്തുപറമ്പിലും വടകരയിലും നടന്നത്‌. കുറേയേറെ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്‌തിട്ടും ലോക്കപ്പിലിട്ടിട്ടും അനങ്ങാതിരുന്ന പാര്‍ട്ടി പാര്‍ട്ടിയുടെ ഒരു ഓഫീസ്‌ ജീവനക്കാരനെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ സടകുടഞ്ഞെണീറ്റു. അതൊരു നല്ല മുതലാളിയുടെ ലക്ഷണമാണ്‌. ഒരു നല്ല മുതലാളി എപ്പോഴും വീട്ടുകാര്‍ക്ക്‌ വേണ്ടിയല്ല നിലകൊള്ളേണ്ടത്‌. അയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനുവേണ്ടിയാണ്‌.
 
 അറസ്റ്റ്‌ ചെയ്‌തയാളെ പുറത്തിറക്കാന്‍ ഒരു നേതാവുതന്നെ കുത്തിയിരിപ്പ്‌ സമരം നടത്തി. പ്രവര്‍ത്തകര്‍ നഷ്‌ടപ്പെട്ടാലും കുഴപ്പമില്ല. ശമ്പളം പറ്റുന്ന ജീവനക്കാരന്‍ നഷ്‌ടപ്പെട്ടുകൂട എന്ന്‌ വിചാരിക്കുന്നത്‌ മഹത്തായ `മാനവികത`യായിരിക്കണം. കൂത്തുപറമ്പിലെ പാര്‍ട്ടി ഓഫീസ്‌ രാവും പകലും കാത്തുസൂക്ഷിക്കുന്നത്‌ അയാളാണ്‌. മെയ്‌ അഞ്ചാം തീയതിയിലെ കൊച്ചുവെളുപ്പാന്‍ കാലത്തോ അതിന്‌ മുന്‍പോ പാര്‍ട്ടി ഓഫീസില്‍ അയാളാരെയാണ്‌ കാത്തിരുന്നത്‌? ഇത്തരം ചോദ്യങ്ങളെല്ലാം ഇനി ചോദിക്കപ്പെട്ടേക്കാം. അന്നുരാത്രി അയാള്‍ക്കൊപ്പം ഏതൊക്കെ നേതാക്കള്‍ അവിടെ ഉറക്കമൊഴിച്ചെന്ന ചോദ്യവും ഇനി ഉയര്‍ന്നേക്കാം. പൊലീസ്‌ കസ്റ്റഡിയില്‍ കഴിഞ്ഞ കുറേയേറെ മണിക്കൂറുകള്‍ക്കുള്ളില്‍ പറയേണ്ടത്‌ പലതും അയാള്‍ പറഞ്ഞുകഴിഞ്ഞെന്നാണ്‌ അറിയുന്നത്‌. ഒരുപക്ഷെ പറയാന്‍ ഇനി പലതും ബാക്കിയുണ്ടായേക്കാം. അതൊക്കെ പറയാതിരിക്കാന്‍ വേണ്ടിയായിരിക്കണമല്ലോ ഇത്ര തിരക്കിട്ട്‌ ബഹളംകൂട്ടി നേതാക്കള്‍ കുത്തിയിരിപ്പ്‌ സമരം നടത്തി ജീവനക്കാരനെ കൂട്ടിക്കൊണ്ടുപോയത്‌. 
 
പാര്‍ട്ടിക്ക്‌ ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കുണ്ടെന്നതിന്‌ ഇനി ഇതിനേക്കാള്‍ വലിയൊരു സാഹചര്യത്തെളിവ്‌ ആവശ്യമില്ല. സി.പി.എം ഒഴിച്ചുള്ള പാര്‍ട്ടികളൊക്കെത്തന്നെ ഇതിനെ അപലപിച്ചിട്ടുണ്ട്‌. സി.പി.എമ്മിന്റെ ദുശ്ശാഠ്യത്തിന്‌ വഴങ്ങി പ്രതിയെ വിട്ടുകൊടുത്ത പൊലീസിനെക്കുറിച്ച്‌ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌. പൊലീസിന്‌ ജാമ്യം നല്‍കാന്‍ കഴിയുന്ന വകുപ്പുകള്‍ ഉപയോഗിച്ച്‌ അയാളെ പ്രതിയാക്കിയതിന്റെ രഹസ്യവും ഇനി അറിയേണ്ടതുണ്ട്‌. ഏതെങ്കിലും പൊലീസുകാര്‍ സി.പി.എമ്മിനായി ദാസ്യവേല നടത്തുന്നുണ്ടോ?

കേരളത്തിലെ പൊതുസമൂഹം മുഴുവനും മാധ്യമങ്ങള്‍ മുഴുവനും ജാഗരൂകമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കേസ്സില്‍ സാങ്കേതിക കാരണങ്ങളാല്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടുകൂടാ. സി.പി.എമ്മിന്റെ മര്‍ക്കട മുഷ്‌ടിക്ക്‌ മുമ്പില്‍ ജനങ്ങള്‍ തോറ്റുകൂടാ.
തുടര്‍ന്ന് വായിക്കുക

പാർട്ടി എരി തീയിൽ പൊരിയുന്നൊരു കൊലപാതകം




വിപ്ലവം ഇനി എങ്ങിനെ നടത്തണമെന്നത് മറതി കൊണ്ട് പോയതിനാൽ പുതിയ ചില ഉപായങ്ങൾ കൊണ്ട് തുടങ്ങാമെന്നതായിരുന്നു പിണറായിയുടെ സൂത്രം. അത് പക്ഷെ വേണ്ടത് പോലെ നടക്കാത്തത് അച്ചുതാനന്ദനെന്ന പാർട്ടി ഉണ്ടാക്കിയ കൂട്ടത്തിലുണ്ടായിരുന്ന നേതാവിന്റെ മുഷ്ടിക്ക് വഴങ്ങിയാവണമെന്ന ശാഠ്യം അംഗീകരിക്കപ്പെടണമെന്ന് നിബന്ധന നിലനിൽക്കുന്നതിനാലും, ഇടത് രാഷ്ട്രീയത്തെ വലത് പക്ഷത്തിന്റെ സുഖത്തിന് മുന്നിൽ കുനിച്ചു നിർത്തുന്നതിനാലും അംഗീകരിക്കില്ലെന്ന് പിണറായി ആണയിടുന്നു. പിണറായി പറയുകയും, പിന്നെയും പറയുകയും ചെയ്ത കുലം കുത്തിരാഷ്ട്രീയം വീണ്ടും ഇങ്ങിനെ ചർച്ചയാവുന്നത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമാണെന്ന് കാരണവന്മാർ പറയാൻ തുടങ്ങിയിരിക്കുന്നു. 

അതിനിടയിൽ ചില്ലറ മദപ്പാടിന്റെ ലക്ഷണം കാണിക്കാൻ തുടങ്ങിയിരിക്കുന്നു മുതിർന്നവർ. നി ങ്ങൾ തന്ന പട്ടം കൊണ്ടു നടക്കുന്നതിൽ സുഖമില്ലെന്ന് പറയുന്നത് ആദ്യമാണ്. അതെഴുതിയ കത്ത് ആദ്യ നാളിൽ ആരും കണ്ടില്ല എന്ന് പറഞ്ഞു. ഇപ്പോൾ ശിപായി കൃത്യമായി കൈയിൽ ഏൽ‌പ്പിച്ചിരിക്കുന്നെന്നും, അതിൽ നടപടി എടുക്കണമെങ്കിൽ കാരാട്ടും, ഭാര്യയും ഒന്നായി ചേരുന്ന നാളിൽ വിളിച്ചു ചേർക്കുന്ന പോളിറ്റ് ബ്യൂറോയിൽ വെച്ച് ചർച്ച ചെയ്യുമെന്നും അച്ചുതാനന്ദ സഖാവിനെ അറിയിച്ചിട്ടുണ്ടാവുമെന്നും നമ്മൾ വിശ്വസിക്കണം. കാരണം ചന്ദ്രശേഖരനെ ഞങ്ങളാരും കൊന്നിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ പിണറായിയെ നമ്മൾ വിശ്വസിക്കണം, അതിനും കാരണം ചന്ദ്രശേഖരൻ വധിക്കപ്പെടുമ്പോൾ പിണറായി തിരുവന്തപുരത്താണെന്നതിനു തെളിവുണ്ട്. 

കോഴിക്കോട്ട് വെച്ച് ജില്ലാ സെക്രട്ടറി മരണം ഖേദകരമെന്ന് വിശ്വാസ യോഗ്യമായി പറയുകയും ചെയ്തെങ്കിൽ പിന്നെ എന്തിന് ഈ പാവങ്ങളുടെ പണക്കാരായ നേതാക്കന്മാരെ നമ്മൾ അവിശ്വസിക്കണം?

 കൊല്ലൽ ഞങ്ങളുടെ പണിയല്ലെന്ന് പറയുമ്പോൾ ഏതൊരു അവിശ്വാസിയും ഇത് കേട്ട് വിശ്വസിച്ചു പോകണം. അങ്ങിനെ ആയിരുന്നു ആ സമയങ്ങളിൽ സി.പി.എം നേതാക്കന്മാരുടെ ശരീര ഭാഷ പറഞ്ഞു കൊണ്ടിരുന്നത്. വല്ലാതെ കുറ്റബോധം തോന്നുന്ന പാർട്ടി അനുയായികൾ ഒരു വിശദീകരണവും കേൾക്കാൻ കൂട്ടാക്കാത്തതിനാൽ ഇത്ര വലിയ മഹാ കൊലപാതകമാണോ ഇതെന്ന് ചോദിക്കുന്നു കണ്ണൂരിലുള്ളവർ, ഓർക്കാൻ ഇഷ്ടമില്ലാത്ത പലതും സംഭവിക്കാൻ പോകുന്നു എന്ന അശുഭലക്ഷണം മണത്തറിഞ്ഞതിനാലാണ് വടകരയിൽ പോയി ഇരുന്നെരന്ന് മോചിപ്പിച്ച കൂത്ത്പറമ്പ് പാർട്ടി ഓഫീസ് സെക്രട്ടറി ബാബുവിനോട് വല്ലാതെ ഇഷ്ടം തോന്നിയത്. ബാബുവിനെ ഒന്ന് വാരിയെല്ലിനു മുകളിലൂടെ വിരലുകൊണ്ട് ഇക്കിളി വരുത്തിയാൽ എല്ലാം തുറന്ന് പറയുമെന്ന് ഭയക്കുന്നത് പിണറായി മുതൽ പി.ജയരാജൻ വരെയാണ്. അതായിരുന്നു എം.വി ജയരാജനെ തന്നെ പോലീസ് സ്റ്റേഷന് മുന്നിൽ ഇരിക്കാൻ കണ്ണൂരിലെ പാർട്ടി അയച്ചത്. 

കോഴിക്കോട് അവർക്ക് പാർട്ടി ഉണ്ടെങ്കിലും ഇന്ത്യയിൽ എവിടെ പോകാനും പാർട്ടിക്കാർക്ക് പ്രത്യേക അനുമതിയൊന്നും വേണ്ടാത്തതിനാൽ കണ്ണൂരിൽ നിന്നും ആളുകൾ വന്ന് വടകരയിൽ മുദ്രാവാക്യം വിളിച്ചു. ഭയം വല്ലാതെ തിരിഞ്ഞു കുത്തുകയാണു പാർട്ടി നേതാക്കന്മാരെ. ചന്ദ്രശേഖരനെ ഞങ്ങൾ കൊന്നിട്ടില്ല, കൊന്നിട്ടില്ല എന്ന് ഞങ്ങൾ പറയാൻ തുടങ്ങിയിട്ട് കുറെ നാളായി. ഞങ്ങൾ പറയുന്നത് കേട്ടിട്ടില്ലെങ്കിൽ ഞങ്ങൾ തീപന്തമാകുമെന്ന് മുന്നറിയിപ്പ് വന്നു കഴിഞ്ഞു. ഇനി ഈ പാർട്ടിക്ക് ഒരു തീ പന്തമായി എരിഞ്ഞു തീരലായിരിക്കും വിധി എന്നറിഞ്ഞതിലാണ് അച്ചുതാനന്ദൻ പറയുന്നത് എരിയാൻ തീരുമാനിച്ചവരേയും കൂട്ടി മുന്നോട്ട് പോകുന്നതിൽ കാര്യമില്ല എന്ന്. തന്നെ തീ പന്തമാക്കാനായിരിക്കും പിണറായി കരുതിയെങ്കിൽ അതിന് വേറെ അച്ചുവിനെ നോക്കണമെന്ന മുന്നറിയിപ്പാണ് അച്ചുതാനന്ദന്റെ തീരുമാനമെന്ന് പിണറായി തിരിച്ചറിയട്ടെ എന്ന് സ്വന്തം അച്ചുതാനന്ദൻ.
തുടര്‍ന്ന് വായിക്കുക

കെ.കെ. രമയുടെ തുറന്ന കത്ത്

click image to read large




കെ.കെ. രമയുടെ തുറന്ന കത്ത്..,

സഖാക്കളെ,
ഇക്കഴിഞ്ഞ മെയ് നാലാം തീയതിക്ക് ശേഷമെങ്കിലും നിങ്ങള്‍ക്കെല്ലാം എന്റെ പേര് പരിചിതമായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അന്ന് രാത്രിയാണ് എന്റെ ഭര്‍ത്താവ് സഖാവ് ടി പി ചന്ദ്രശേഖരന്‍ ശിരസ്സും ശരീരവും വെട്ടിനുറുക്കി കൊലചെയ്യപ്പെട്ടത്. അന്നാണ് 45 വയസ്സില്‍ ഞാന്‍ വിധവ ആക്കപ്പെട്ടത്. എന്റെ പതിനേഴു വയസ്സ് മാത്രമുള്ള ഏക മകന് അച്ഛനെ നഷ്ടപ്പെട്ടത്. അന്നാണ് ടി പി യുടെ 83 വയസ്സുള്ള വൃദ്ധ മാതാവിന് മകനെ നഷ്ടപ്പെട്ടത്. അങ്ങനെ ഒരു കുടുംബമാകെ അനാഥത്വത്തിന്റെയും തീരാദുഖത്തിന്റെയും ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടു.
 
ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവള്‍. എന്റെ അച്ഛന്‍ ഇപ്പോഴും സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം. എന്റെ രണ്ടു സഹോദരിമാരും സഹോദരനും കമ്മ്യുണിസ്റ്റ്കാര്‍ തന്നെ. ഞാന്‍ വിദ്യാര്‍ഥി ജീവിത കാലത്ത് എസ്.എഫ്.ഐ-യില്‍ സജീവമായിരുന്നു. വിവാഹശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകയായി രാഷ്ട്രീയത്തില്‍ മുഴുകാന്‍ കഴിയാതെ വന്നെന്നുമാത്രം. എന്റെ കമ്മ്യുണിസ്റ്റ് വിശ്വാസത്തിനും കൂറിനും ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. ആ വിശ്വാസമാണ് കേരളത്തിലെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കമ്മ്യുണിസ്റ്റ്കാരായ അച്ഛനമ്മമാര്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും ഇങ്ങിനെയൊരു തുറന്ന കത്തെഴുതാന്‍ ധൈര്യം നല്‍കുന്നത്.
 
സഖാക്കളെ,
എന്ത് തെറ്റാണ് ചന്ദ്രേട്ടന്‍ ചെയ്തത്? ഓര്‍മ്മവച്ച നാള്‍മുതല്‍ കമ്മ്യുണിസ്റ്റുകാരനായി ജീവിക്കാന്‍ കൊതിച്ചതും അങ്ങനെ ജീവിച്ചതും തെറ്റാണോ? ചന്ദ്രേട്ടന്‍ ധീരനായിരുന്നു. സമരമുഖങ്ങളില്‍ ഞങ്ങള്‍ തോളോടു തോള്‍ ചേര്‍ന്നണിനിരന്നു. ഒരിക്കലും പിന്തിരിയാതെ. തെറ്റുകളോട് പൊറുക്കാനാവാത്ത മനോഭാവമായിരുന്നു എന്നും ചന്ദ്രേട്ടന്റേത്. സി.പി.ഐ.എമ്മിനകത്ത് വലതുപക്ഷവത്കരണം ശക്തമായപ്പോള്‍ അതിനെതിരെ സന്ധിയില്ലാസമരം ചന്ദ്രേട്ടന്‍ നടത്തിയത് എനിക്കറിയാം. 
ചന്ദ്രേട്ടന്‍ പുറത്തുവന്നതും പുതിയ പാര്‍ട്ടി രൂപീകരിച്ചതും അധികാരമോഹത്തിന്റെ പേരിലാണെന്നാണ് ഇപ്പോള്‍ സി.പി.ഐ.എം പ്രചരിപ്പിക്കുന്നത്. ഇക്കാലം വരെ ഒരു പഞ്ചായത്ത് മെമ്പര്‍പോലുമാകാത്തയാളാണ് അദ്ദേഹം.
സംഘടനാജീവിതത്തിന്റെ തിരക്കൊഴിഞ്ഞ നേരം ഒരു കമ്മ്യുണിസ്റ്റുകാരന് ഒരിക്കലുമുണ്ടാകില്ലല്ലോ. എങ്കിലും വീണുകിട്ടുന്ന ഇടവേളകളില്‍ എന്നോടും മോനോടും പറയും.”ഞാന്‍ വീണുപോയാല്‍ നിങ്ങള്‍ തളരരുത്. എനിക്കറിയാം മരണം എന്റെ പിന്നാലെയുണ്ടെന്ന്. അവരെന്തെങ്കിലും ചെയ്യും”. 
ചന്ദ്രശേഖരന്റെ ഭാര്യ എന്ന നിലയില്‍ എനിക്കൊരിക്കലും അധീരയാകാന്‍ കഴിയില്ലല്ലോ. അതിനാല്‍ ഞാനെന്റെ പൊന്നുമോനെ രാത്രിയില്‍ നെഞ്ചോട് ചേര്‍ത്ത്പിടിച്ച് കിടന്നു. ഒടുവില്‍ ഒരിക്കലും കേള്‍ക്കരുതേ എന്ന് വിചാരിച്ച ആ വാര്‍ത്ത എന്റെയും മോന്റെയും ചെവിയിലെത്തി.
എന്റെയും മകന്റെയും വേദന തിരിച്ചറിയാതെ ഞങ്ങളല്ല ഇത് ചെയ്തതെന്ന് പറഞ്ഞ് നാടുമുഴുവന്‍ പൊതുയോഗം നടത്താന്‍ പിണറായി വിജയന്‍ വരുമ്പോള്‍ നാടറിയണം ചന്ദ്രശേഖരന്റെ യഥാര്‍ത്ഥ ഘാതകരാരാണെന്ന്. 
സി.പി.ഐ.എം നേതാക്കളുടെ അറിവോടെയല്ലാതെ ആരും ചന്ദ്രേട്ടനെ കൊല്ലില്ല. അതെനിക്കുറപ്പാണ്. എത്ര പൊതുയോഗം നടത്തിയാലും ആ കുറ്റത്തില്‍നിന്ന് ഒഴിയാനാവില്ല ഒരു സി.പി.ഐ.എം നേതാവിനും. അന്വേഷണം നടക്കട്ടെ എന്നും കുറ്റവാളികളെ കണ്ടെത്തട്ടെ എന്നുമെല്ലാം പറഞ്ഞവര്‍ അന്വേഷണം തങ്ങള്‍ക്ക് നേരെ നീളുമ്പോള്‍ അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുകയാണ്.
 
സഖാക്കളെ,
ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് നാം പൊരുതുന്നത്, മനുഷ്യനന്മയ്ക്കുവേണ്ടി. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ കൊന്നുതള്ളുന്നവരായിരുന്നില്ല മുമ്പ് സി.പി.ഐ.എം. പക്ഷേ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. പി കൃഷ്ണപിള്ളയും എ കെ ജി യും ഇ എം എസ്സും നായനാരും അടക്കമുള്ള മനുഷ്യസ്‌നേഹികളായ നേതാക്കന്മാര്‍ വളര്‍ത്തുകയും നയിക്കുകയും ചെയ്ത പ്രസ്ഥാനം ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു പറ്റം നേതാക്കന്മാരുടെ പിടിയില്‍ അമരാനിടയായി. അതിനുശേഷമാണ് കൊല്ലുവാനും കൊല്ലപ്പെടുവാനും മാത്രമുള്ള ഒരു പാര്‍ട്ടിയായി ഇത് മാറിയത്
രാഷ്ട്രീയ ജീവിതത്തിലെ സുതാര്യതകൊണ്ടും ജനകീയത കൊണ്ടും അടിക്കടി ജനപിന്തുണ വര്‍ദ്ധിച്ചുകൊണ്ടിരുന്ന ചന്ദ്രേട്ടനെ വകവരുത്താന്‍ സി പി ഐ എം നേതൃത്വം പലതവണ ശ്രമിച്ചതാണ്. ഒടുവിലവര്‍ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ സംഘത്തിന്റെ കൂടി സഹായത്തോടെ ആസൂത്രിതമായി ആ സഖാവിനെ കൊത്തിനുറുക്കി. അന്നുമുതല്‍ ഞങ്ങള്‍ക്കതില്‍ പങ്കില്ല എന്ന് ആണയിടുന്നുണ്ടെങ്കിലും പോലിസ് സംഘത്തിന്റെ സാധാരണനിലയിലുള്ള അന്വേഷണത്തില്‍ പോലും പിടിക്കപ്പെടുന്നത് പാര്‍ട്ടി അംഗങ്ങളും അവര്‍ ഏര്‍പ്പെടുത്തിയ വാടക കൊലയാളികളുമാണ്. മാത്രമല്ല അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ കണ്ണൂരിലെയും മറ്റും ഉയര്‍ന്ന പദവികളിലുമുള്ള നേതാക്കന്മാര്‍ക്ക് ഈ ഗൂഡാലോചനയിലും ഈ അരുംകൊലയിലും കൊലയാളികളെ ഒളിപ്പിച്ചതിലുംപങ്കുണ്ടെന്ന് വ്യക്തമാകുകയാണ്. അതോടെ സമനില തെറ്റിയ പാര്‍ട്ടി നേതൃത്വം സംഘടിതമായ ഒരു നുണപ്രചാരണത്തിലൂടെ അണികളെയും അനുഭാവികളെയും തെറ്റിദ്ധരിപ്പിച്ചു കൂടെ നിര്‍ത്താനുള്ള പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതായും ഞാന്‍ അറിയുന്നു. പിണറായിവിജയന്‍ തന്നെയാണ് അതിനും നേതൃത്വം നല്‍കുന്നത്. പരമാവധി പാര്‍ട്ടി ബന്ധുക്കളെ അണിനിരത്തി ശക്തിപ്രകടനങ്ങള്‍ സംഘടിപ്പിച്ച് പോലിസ് അന്വേഷണത്തെ ഭീഷണികൊണ്ട് അട്ടിമറിക്കുകയാണവരുടെ ലക്ഷ്യം.
 
സഖാക്കളെ,
നേതൃത്വം ആവശ്യപ്പെട്ടാല്‍ അണിനിരക്കുന്നവരും നേതാക്കന്മാര്‍ പറയുന്നത് വിശ്വസിക്കുന്നവരുമാണ് എല്ലാകാലത്തും കമ്മ്യുണിസ്റ്റുകാര്‍. സത്യസന്ധതയുള്ളപാര്‍ട്ടിയും വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാക്കന്മാരുമുണ്ടായിരുന്ന കാലത്ത് അത് ശരിയായിരുന്നു. ഇപ്പോള്‍ അതാണോ സ്ഥിതി? ഈ മാഫിയ നേതാക്കന്മാരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ എത്ര പേര്‍ക്കാണ് മകനും സഹോദരനും ഭര്‍ത്താവും നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഓര്‍ത്തുനോക്കു. എത്ര പേരാണ് കൊലപാതകികളായും ബലിയാടുകളായും ജയിലുകളില്‍ നരകിക്കുന്നത്? ഈ കൊലപാതക രാഷ്ട്രീയം ഇനിയും തുടരണോ? ഈ കൊലയാളി നേതാക്കന്മാരുടെ പിന്നില്‍ ഇനിയും അണിനിരക്കണോ? അവര്‍ പറയുന്നത് വിശ്വസിക്കണോ? ശാന്തമായി ആലോചിക്കുക. സ്വതന്ത്രമായി തീരുമാനിക്കുക. ഒരു കമ്മ്യുണിസ്റ്റ് രക്ത സാക്ഷിയുടെ കമ്മ്യുണിസ്റ്റ്കാരിയായ വിധവ എന്നനിലയില്‍ എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്. എന്റെ വാക്കുകള്‍ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ സമനില തെറ്റിയ ജല്‍പ്പനങ്ങള്‍ മാത്രമാണെന്നും അതിനൊരു വിലയും കല്‍പ്പിക്കേണ്ടതില്ലെന്നും നേതാക്കന്മാര്‍ പറയുന്നു. ആ ക്രൂരതയോടെങ്കിലും പ്രതിഷേധിക്കണമെന്നും പാര്‍ട്ടികൂറിന്റെപേരില്‍ മാത്രം ഏതു കാട്ടാളത്തത്തിനും കൂട്ടുനില്‍ക്കുകയില്ലെന്നു തീരുമാനിക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു...


അഭിവാദനങ്ങളോടെ
കെ.കെ. രമ
R M P.


തുടര്‍ന്ന് വായിക്കുക

ഇങ്ങനെ പോയാല്‍ പാര്‍ട്ടി ഉണ്ടാകും ,ആളുകള്‍ ഉണ്ടാവില്ല




തുടര്‍ന്ന് വായിക്കുക

ഇതാണോ സഖാവേ കേഡര്‍ പാര്‍ട്ടി ?


തുടര്‍ന്ന് വായിക്കുക

പാര്‍ട്ടി വിട്ടവര്‍ക്ക്‌ പട്ടട തന്നെ വിധി

എഴുതാപ്പുറം | സി.പി. സൈതലവി
 
 
ഒഞ്ചിയത്തെ സി.പി.എം ഓഫീസായ മണ്ടോടി കണ്ണന്‍ സ്‌മാരകത്തിലെ മറിച്ചിട്ട കസേരകള്‍ നോക്കി എം.എല്‍.എമാര്‍ വികാരഭരിതരായി നിന്നു. പൊട്ടിയ ജനല്‍ ചില്ലിനുള്ളിലൂടെ എടുത്ത ഫോട്ടോയില്‍ വീട്ടുമുറ്റത്ത്‌ നില്‍ക്കുന്ന എളമരം കരീമും എ.കെ. ശശീന്ദ്രനും സി.കെ. നാണുവും. മുഖത്ത്‌ ഘനീഭവിച്ച ദുഃഖം. ദേശാഭിമാനി (2012 മെയ്‌ 9) ഒന്നാം പേജിലെ വര്‍ണ ചിത്രം ഒഞ്ചിയത്തെ `നഷ്‌ട'ക്കണക്കെടുക്കാന്‍ വന്ന സി.പി.എം വിധേയ എം.എല്‍.എമാരുടെ ഭാവഹാവാദികള്‍ ഒപ്പിയെടുത്തു. അവരുടെ നഷ്‌ടങ്ങളെല്ലാം നികത്താന്‍ മണിക്കൂറു കൊണ്ടാവുമെങ്കിലും.
പക്ഷെ, ഒരിക്കലും പരിഹരിക്കാനാവാത്ത മഹാനഷ്‌ടത്തിന്റെ സങ്കടക്കടലില്‍ ഒരമ്മയും മകനും ഉറ്റവരും വേദന തിന്നു കഴിയുന്നുണ്ട്‌ തൊട്ടപ്പുറത്ത്‌. വെട്ടിനുറുക്കി കഷ്‌ണങ്ങളാക്കിയ ഒരു ജീവന്റെ നഷ്‌ടം. ഒരു ജനതയുടെ സ്വപ്‌നങ്ങളുടെയും. തിരിഞ്ഞു നോക്കിയില്ല ഒരു സി.പി.എം നേതാവും അവിടേക്ക്‌. `അനുവദിക്കുമെങ്കില്‍ ടി.പി. ചന്ദ്രശേഖരന്റെ വീടും ഒന്നു സന്ദര്‍ശിക്കാം' എന്നായിരുന്നു കേരളം നടുങ്ങിയ ക്രൂരതയോട്‌ സി.പി.എമ്മുകാരുടെ ഔദാര്യം. മെയ്‌ 8നാണ്‌ സി.പി.എം സംഘം നിരോധനാജ്ഞ ലംഘിച്ച്‌ ഒഞ്ചിയത്ത്‌ ചെല്ലുന്നത്‌. ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്‌ മെയ്‌ 4ന്‌ രാത്രിയും. അനുവാദം ചോദിക്കാതെ ആര്‍ക്കും മരണ വീട്ടില്‍ ചെല്ലാവുന്ന സമയം ധാരാളമുണ്ടായിരുന്നു. അച്യുതാനന്ദനെ പോലെയുള്ളവര്‍ പോയ നേരം. ശുദ്ധ കമ്യൂണിസ്റ്റുകാരായ പന്ന്യന്‍ രവീന്ദ്രനും ഒഞ്ചിയത്തെ വെടിയുണ്ട നെഞ്ചില്‍ കൊണ്ടുനടക്കുന്ന പുറവില്‍ കണ്ണനും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും ആ വീടിന്റെ നിലവിളികളില്‍, നാടിന്റെ കൂട്ടക്കരച്ചിലുകളില്‍ കണ്ണീരടക്കാനാവാതെ നിന്ന സമയം. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷിഭേദമില്ലാതെ ജനം ഒന്നടങ്കം ആ രക്തനക്ഷത്രത്തെ കണ്ണിമക്കാതെ നോക്കിനിന്ന അന്ത്യനിമിഷങ്ങള്‍. അന്നൊന്നും ആ വഴിയെ പോകാത്തവര്‍ പട്ടടയിലെ അവസാന കനലും കെട്ടുകഴിഞ്ഞ്‌ നാലാം നാള്‍ പറയുന്നു; `അങ്ങോട്ടു ചെല്ലരുതെന്ന്‌ പറഞ്ഞിരിക്കുന്നു' വെന്ന്‌. പരിഹാസത്തിന്റെ സഹതാപ കണ്ണീരുമായി അങ്ങോട്ടുവരേണ്ടെന്ന്‌ ഇടതുപക്ഷ ഏകോപന സമിതിയുടെയും ആര്‍.എം.പിയുടെയും ഭാരവാഹികള്‍ സി.പി.എമ്മുകാരോട്‌ പറഞ്ഞത്‌ കൊലപാതകം നടന്ന്‌ ദിവസമേറെ കഴിഞ്ഞാണ്‌. മലയാളത്തിലെ സര്‍വചാനലുകളും ഇടതടവില്ലാതെ സംപ്രേഷണം ചെയ്യുകയും മെയ്‌ 5ന്‌ കേരളത്തിലിറങ്ങിയ സകല ദിനപത്രങ്ങളിലും ഒന്നാം പേജ്‌ നിറഞ്ഞ്‌ നില്‍ക്കുകയും ചെയ്‌ത നടുക്കമുളവാക്കിയ സംഭവം `ദേശാഭിമാനി' യുടെ അവസാന പേജിലെ ഒരു മൂലയില്‍ `ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ചു' എന്ന്‌ വെറും രണ്ടു കോളം സ്വാഭാവിക വാര്‍ത്തയായി ചുരുങ്ങിയതിലുണ്ട്‌ പാര്‍ട്ടിയുടെ ഉള്ളിലിരിപ്പ്‌. അവര്‍ക്കു മുന്നില്‍ നാഥന്‍ നഷ്‌ടപ്പെട്ട കുടുംബത്തിന്റെയോ നായകന്‍ നഷ്‌ടപ്പെട്ട ജനതയുടെയോ വിലാപത്തിനെന്ത്‌ പ്രസക്തി?

നന്ദു എന്ന പതിനാറുകാരന്റെ സ്ഥാനത്ത്‌ സ്വന്തം മക്കളായിരുന്നെങ്കിലോ എന്ന്‌ കരിങ്കല്‍ ഹൃദയവുമായി നടക്കുന്ന ഒരു സി.പി.എം അച്ഛനും തോന്നിക്കാണില്ല. അങ്ങനെയൊരു മനസ്സ്‌ സി.പി.എമ്മുകാര്‍ക്കുണ്ടായിരുന്നെങ്കില്‍ കണ്ണൂരിലെ അരിയില്‍ അബ്‌ദുല്‍ശുകൂര്‍ എന്ന ബിരുദ വിദ്യാര്‍ത്ഥിയെ ദാഹജലം പോലും നല്‍കാതെ രണ്ടര മണിക്കൂര്‍ വിചാരണ ചെയ്‌ത്‌ മഴുകൊണ്ട്‌ വെട്ടിനുറുക്കി കൊല്ലാന്‍ കല്‍പന നല്‍കില്ലായിരുന്നല്ലോ?
പിണറായി പുത്രനെ പോലെ ലക്ഷങ്ങള്‍ മുടക്കിയ വിദേശവിദ്യാഭ്യാസവും കോടിയേരി സന്തതികളെ പോലെ ഭരണത്തണലിലെ സുഖവാസവും കിട്ടിയില്ലെങ്കിലും `ധീരനായ അച്ഛന്റെ ധീരനായ പുത്രനായി' മലയാളിയുടെ മനസ്സിലിടം നേടാന്‍ ടി.പി. ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ്‌ എന്ന നന്ദുവിന്‌ ഈ ഇളം പ്രായത്തില്‍ കഴിഞ്ഞിരിക്കുന്നു. മെയ്‌ നാലിന്‌ രാത്രി വീട്ടിലിരുന്ന്‌ ടി.വി. കാണുമ്പോഴാണ്‌ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത `ഫ്‌ളാഷ്‌' ആയി വരുന്നത്‌. നന്ദു ആദ്യം ചെയ്‌തത്‌ ടി.വി ഓഫാക്കി വീട്ടിലേക്കുള്ള കേബിള്‍ കണക്‌ഷന്‍ മുറിച്ചു മാറ്റുകയായിരുന്നു. അമ്മയും മുത്തശ്ശിയും വാര്‍ത്ത പെട്ടെന്നറിയാതിരിക്കാന്‍. അച്ഛന്റെ മരണവാര്‍ത്ത കേട്ട്‌ ഇന്നോളം നന്ദുവിന്റെ കണ്ണ്‌ നിറഞ്ഞ്‌ ആരും കണ്ടിട്ടില്ല. ഒരേയൊരു മകന്‍. പിന്നെ അച്ഛനും അമ്മയും. അടുത്ത മാസം താമസം മാറ്റാനിരിക്കുന്ന പുതിയ വീട്‌. ഇതിനിടെ ഒത്തുകിട്ടിയ ഒരിടവേളയില്‍ നന്ദുവിനെ ചേര്‍ത്തിരുത്തി തലോടിക്കൊണ്ട്‌ അച്ഛന്‍ പറഞ്ഞു: `നിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ വീണാല്‍ പിന്നെ അച്ഛന്റെ ആത്മാവിന്‌ ശാന്തി കിട്ടില്ല.' അച്ഛനു കൊടുത്ത വാക്ക്‌ അക്ഷരം പ്രതി പാലിക്കുന്ന മകന്‍. `ഏട്ടനെ അവര്‍ക്കു കൊല്ലാനേ കഴിയൂ. തോല്‍പിക്കാനാവില്ല' എന്ന്‌ പ്രിയഭര്‍ത്താവിന്റെ വേര്‍പാടിനു തൊട്ടടുത്ത നിമിഷം തന്നെ ഘാതകരോടു വിളിച്ചുപറയാന്‍ ചങ്കുറപ്പുള്ള ഭാര്യ രമ.

സ്വന്തം വീടിനുള്ളില്‍ ടി.പി. ചന്ദ്രശേഖരന്‍ സാന്നിധ്യം കൊണ്ടു മാത്രം കോരിയിട്ട കനല്‍ ചൂട്‌ ഇത്രയുണ്ടെങ്കില്‍ ഒഞ്ചിയം മേഖലയില്‍ ആ വിപ്ലവകാരി എത്ര വലിയ അഗ്നിപര്‍വതമായിരിക്കണം? പോളിറ്റ്‌ ബ്യൂറോയെ പേടിക്കാത്ത പിണറായി വിജയന്‍ അപ്പോള്‍ ഒഞ്ചിയത്തെ ഭയപ്പെട്ടതില്‍ കാര്യമുണ്ട്‌. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെ കണ്ട്‌ പിണറായി ഗ്രൂപ്പ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അസ്വസ്ഥമാകുന്നത്‌ വെറുതെയല്ല.

`പാര്‍ട്ടി വിട്ടവരെ കൊന്നുതള്ളുന്നത്‌ സി.പി.ഐ.എം ശൈലിയല്ല' എന്നാണ്‌ പിണറായി വിജയന്റെ പ്രസ്‌താവന. അങ്ങനെ പറയാനുള്ള അര്‍ഹത രണ്ടുനിലക്കും പിണറായിക്കുണ്ട്‌. ഒന്ന്‌ പാര്‍ട്ടി സെക്രട്ടറി. പിന്നെ സി.പി.എം കോടതിയുടെ അധിപനും. പിണറായി വിജയന്‍ കണ്ണൂരില്‍ ചെയ്‌ത പ്രസംഗം ദേശാഭിമാനി ഒന്നാം പേജില്‍ അച്ചടിച്ചു വന്നത്‌ ഇങ്ങനെ; `പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന നിലപാട്‌ സ്വീകരിക്കുന്നവരെ ശാരീരികമായി ആക്രമിച്ച്‌ നശിപ്പിക്കാമെന്ന്‌ കരുതാന്‍ മാത്രം മൗഢ്യമുള്ളവരല്ല ഞങ്ങള്‍. പലകാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവരും നടപടിയെടുത്ത്‌ പുറത്താക്കിയവരുമുണ്ട്‌. ആരെയും കൊന്നുതള്ളാന്‍ സി.പി.എം തയ്യാറായിട്ടില്ല. .... പാര്‍ട്ടിക്കു പുറത്തുപോയി ശത്രുക്കളുമായി കൂട്ടുചേര്‍ന്ന്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ കുലം കുത്തികളും കുലദ്രോഹികളുമാണ്‌. പാര്‍ട്ടിയെ തകര്‍ക്കാനും ദ്രോഹിക്കാനും നില്‍ക്കുന്നവരോട്‌ നല്ലവാക്ക്‌ പറഞ്ഞിട്ട്‌ കാര്യമില്ല...... എം.വി. രാഘവനെയും കെ.ആര്‍. ഗൗരിയമ്മയെയും പാര്‍ട്ടി നേരിട്ടത്‌ പ്രത്യയശാസ്‌ത്രപരമായാണ്‌' (2012 മെയ്‌ 10).
പാര്‍ട്ടി വിട്ടവരെ സി.പി.എം പ്രത്യയശാസ്‌ത്രം കൊണ്ട്‌ നേരിടുന്നതിന്റെ മികച്ച ഉദാഹരണം സി.എം.പിയും എം.വി. രാഘവനും തന്നെ. 1987ല്‍ നിയമസഭയിലിട്ടായിരുന്നു എം.വി. രാഘവനു നേര്‍ക്കുള്ള ആദ്യ അക്രമം. വീട്‌ അഗ്നിക്കിരയാക്കിയും പലതവണ വധശ്രമം നടത്തിയും എം.വി.ആറിനെ പിന്തിരിപ്പിക്കാന്‍ നോക്കി. ഫലിക്കാതായപ്പോഴാണ്‌ പക തീര്‍ക്കാന്‍ സി.പി.എമ്മുകാര്‍ തീപന്തങ്ങളുമായി പാപ്പിനിശ്ശേരിയിലെ പാമ്പ്‌ വളര്‍ത്തല്‍ കേന്ദ്രത്തിലേക്കു കുതിച്ചത്‌.

നൂറുകണക്കിനു പാമ്പുകളെയും, മയില്‍, കുരങ്ങ്‌, മുയല്‍ തുടങ്ങി വിവിധയിനം മിണ്ടാപ്രാണികളെയും ചുട്ടുകൊന്നാണ്‌ സി.പി.എമ്മുകാര്‍ എം.വി. രാഘവനോട്‌ `പ്രത്യയശാസ്‌ത്ര യുദ്ധം' നടത്തിയത്‌.
സി.എം.പി നേതാവ്‌ അഡ്വ. ഹരീന്ദ്രനെ ബാര്‍ബര്‍ ഷാപ്പില്‍ മുടി വെട്ടിക്കൊണ്ടിരിക്കെയാണ്‌ ഗുണ്ടാസംഘം അക്രമിച്ച്‌ കൊല്ലാനാക്കിയത്‌. ഏതാണ്ട്‌ അതേ അളവിലുള്ള `പ്രത്യയാശസ്‌ത്ര' സഹായം ഗൗരിയമ്മക്കും ചാത്തുണ്ണി മാസ്റ്റര്‍ക്കും സി.കെ. ചക്രപാണിക്കുമെല്ലാം സി.പി.എമ്മില്‍ നിന്നു കിട്ടി. സി.പി.എം വിട്ട്‌ എം.വി. രാഘവനൊപ്പം പോയതിനാണ്‌ കാസര്‍ക്കോട്‌ ഉദുമയിലെ പള്ളിക്കര വേണു ഗോപാലന്‍ നായരെ 1987ല്‍ തെങ്ങില്‍ കെട്ടിയിട്ട്‌ ചുറ്റിലും തീ കത്തിച്ച്‌ തലക്ക്‌ കല്ലു കൊണ്ടിടിച്ചു കൊന്നത്‌. തലശ്ശേരിയിലെ മാടപ്പീടിക മുഹമ്മദ്‌ ഫസലിനെ സി.പി.എം വിട്ട്‌ എന്‍.ഡി.എഫില്‍ ചേര്‍ന്നതിനാണ്‌ പുലര്‍ച്ചെ വെട്ടിക്കൊന്നത്‌. ഫസലിന്റെ വീട്‌ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി കോടിയേരി ആര്‍.എസ്‌.എസുകാരാണ്‌ ഘാതകരെന്ന്‌ പരസ്യപ്രസ്‌താവന നടത്തി. ഒരു വര്‍ഗീയ കലാപം കൂടി മനസ്സില്‍ കണ്ടുള്ള നീക്കം. ഒടുവില്‍ സി.ബി.ഐ അന്വേഷണത്തില്‍ പിടിക്കപ്പെട്ടത്‌ സി.പി.എം ജില്ലാ നേതാവും ഗുണ്ടകളും.

പയ്യന്നൂര്‍ പുഞ്ചക്കാട്‌ മുട്ടില്‍ സുധാകരന്‍ സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനം രാജിവെച്ച്‌ ഇടതുപക്ഷ ഏകോപന സമിതിയില്‍ പ്രവര്‍ത്തിച്ചതിനാണ്‌ സി.പി.എം ഗുണ്ടാസംഘം കടയില്‍ കയറി വെട്ടിനുറുക്കിയത്‌. 2010ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ സി.പി.എം തോറ്റതിന്റെ പ്രതികാരം. ചലന ശേഷി നഷ്‌ടപ്പെട്ട്‌ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ നരകിച്ചു കഴിയുന്നു സുധാകരന്‍.
സി.പി.എം ബ്രാഞ്ച്‌ കമ്മിറ്റി അംഗമായിരുന്ന ഷൊര്‍ണൂരിലെ എം.ആര്‍. മുരളി പാര്‍ട്ടി വിട്ട ശേഷം പലതവണ മൃഗീയമായി ആക്രമിക്കപ്പെട്ടു. നഗരസഭാ ചെയര്‍മാനായിട്ടും രക്ഷയുണ്ടായില്ല. ഇപ്പോഴും വധഭീഷണിയുടെ നിഴലില്‍ കഴിയുന്നു.

മലപ്പുറം പൊന്നാനി വെളിയങ്കോട്ടെ സി.പി.എം പ്രവര്‍ത്തകനായിരുന്ന ഹമീദ്‌മോന്‍ (35) പാര്‍ട്ടി വിട്ട്‌ മുസ്‌ലിംലീഗില്‍ ചേര്‍ന്നതിനാണ്‌ വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തറില്‍ നിന്ന്‌ അവധിക്കു വന്ന സമയം സി.പി.എമ്മുകാര്‍ പട്ടാപ്പകല്‍ അങ്ങാടിയിലിട്ട്‌ വെട്ടിക്കൊന്നത്‌. 2004 മാര്‍ച്ച്‌ 30നായിരുന്നു ആ ക്രൂരകൃത്യം. ഖത്തര്‍ കെ.എം.സി.സി പൊന്നാനി മണ്ഡലം ജനറല്‍ സെക്രട്ടറിയും മികച്ച സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു അന്ന്‌ ഹമീദ്‌ മോന്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട്‌ സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന സൂരജിനെ വധിച്ചത്‌ ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ്‌. പാര്‍ട്ടി വിട്ടവരെ കൊലക്കത്തി കൊണ്ടാണ്‌ സി.പി.എം `ആശയ'പരമായി നേരിടുകയെന്നതിന്‌ ഉദാഹരണങ്ങള്‍ ഇനിയുമേറെയുണ്ട്‌.

നാല്‍പത്തെട്ടു വയസ്സുവരെയും സി.പി.എമ്മിനു വേണ്ടി മാത്രം ജീവിച്ച ടി.പി. ചന്ദ്രശേഖരന്‌ തന്റെ പൂര്‍വ സംഘടനയുടെ കയ്യിലിരിപ്പ്‌ നന്നായറിയാം. അതു കൊണ്ടാണ്‌ പലവട്ടം ചന്ദ്രശേഖരന്‍ പലരോടുമായി ഇങ്ങനെ പറഞ്ഞത്‌: `പാര്‍ട്ടി ഒരാളെ കൊല്ലണമെന്നു തീരുമാനിച്ചാല്‍ കൊന്നിരിക്കും. അതിന്റെ പേരില്‍ എന്നെയാരും സംരക്ഷിക്കേണ്ട' എന്ന്‌. അതിനര്‍ത്ഥം എത്ര കനത്ത സുരക്ഷയുണ്ടായാലും ഇടിമിന്നല്‍പോലെ സി.പി.എം കൊലയാളി സംഘം ഇരയെ കൈകാര്യം ചെയ്യുമെന്നാണ്‌. `ജയകൃഷ്‌ണന്‍ മാസ്റ്ററുടെ ഗതിവരും', `ചന്ദ്രശേഖരന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്നിങ്ങനെ സി.പി.എം ജാഥയില്‍ നിന്ന്‌ പരസ്യമായി മുദ്രാവാക്യം ഉയരുമ്പോള്‍, `കുലംകുത്തികള്‍ക്ക്‌ ഒരു ഘട്ടത്തിലും മാപ്പില്ല; ഈ പാര്‍ട്ടിയുടെ മുന്നില്‍ മാപ്പില്ല' എന്ന്‌ പലവട്ടം പിണറായി വിജയന്‍ ഒഞ്ചിയത്തിന്റെ മണ്ണില്‍ തന്നെ വന്ന്‌ ഭീഷണി മുഴക്കുമ്പോള്‍ ആര്‍ക്കായാലും ഉറപ്പിക്കാവുന്ന ഒരു കാര്യമുണ്ട്‌. അതാണ്‌ ചന്ദ്രശേഖരന്റെ വാക്കുകളായി ഭാര്യ രമ പറയുന്നത്‌: `അവര്‍ എന്നെ ഇല്ലാതാക്കും' എന്ന്‌. തനിക്കു നേരെ നേരത്തെ ഒമ്പത്‌ തവണ നടന്ന വധശ്രമങ്ങള്‍, ആര്‍.എം.പി പ്രവര്‍ത്തകരായ ഒഞ്ചിയം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. ജയരാജന്‍, എം.പി. ദാമോദരന്‍, കെ.കെ. ജയന്‍, ടി.പി. ബാലന്‍, താഴെക്കുനി കേളപ്പന്‍, അഖിലേഷ്‌ തുടങ്ങിയവരെ ബോംബെറിഞ്ഞും വെട്ടിപ്പരിക്കേല്‍പിച്ചും നടത്തിയ കൊലപാതക ശ്രമങ്ങള്‍. ഇതെല്ലാം ചന്ദ്രശേഖരനു മുന്നിലുണ്ടായിരുന്നു. പാര്‍ട്ടിയുടെ മുഖപത്രമായ `ഇടത്‌പക്ഷം' മാസികയില്‍ `ഒഞ്ചിയത്ത്‌ സി.പി.എം ഫാസിസം' എന്ന അവസാനത്തെ ലേഖനത്തിലും അതാണ്‌ ടി.പി. വരച്ചുകാട്ടിയത്‌. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പിണറായി വിജയനെ പ്രതി ചേര്‍ക്കണമെന്ന ഇടതുപക്ഷ ഏകോപന സമിതിയുടെ ആവശ്യം കേവലം രാഷ്‌ട്രീയ വിദ്വേഷം എന്ന കള്ളിയിലൊതുങ്ങുന്നതല്ല. എഴുതിത്തള്ളിക്കൂടാ. കാര്യകാരണ സഹിതമാണ്‌ സി.പി.എം പരമാധികാരിക്കെതിരായ ആരോപണമുയരുന്നത്‌.

മെയ്‌ 10ന്‌ രാത്രി ഒരു ചാനല്‍ ചര്‍ച്ചയില്‍ മുതിര്‍ന്ന സി.പി.എം നേതാവ്‌ വി.വി. ദക്ഷിണാമൂര്‍ത്തി പറഞ്ഞു: ``ആര്‍.എം.പി നേതാവ്‌ കൊലചെയ്യപ്പെട്ടതു കൊണ്ട്‌ ആ രാഷ്‌ട്രീയ പാര്‍ട്ടിക്കു ഭാവിയില്ലാത്തതിനാല്‍ അവരെ സി.പി.ഐക്കു കിട്ടും എന്ന്‌ പ്രതീക്ഷയുണ്ടായിരിക്കാം''. ഇതിനര്‍ത്ഥം ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു കഴിഞ്ഞാല്‍ ആര്‍.എം.പിക്കു ഭാവിയില്ലെന്ന്‌ സി.പി.എം നിശ്ചയിച്ചിരിക്കുന്നുവെന്നു തന്നെ. ചന്ദ്രശേഖരനെ `കുലംകുത്തി' എന്നു വിളിച്ചത്‌ പാര്‍ട്ടി ശത്രുക്കളോടൊപ്പം ചേര്‍ന്ന്‌ പാര്‍ട്ടിയെ വെല്ലുവിളിച്ചതിനാണെന്ന്‌ പിണറായി പറയുന്നു.
യു.ഡി.എഫില്‍ ഘടകമായ എം.വി.ആറിനും ഗൗരിയമ്മക്കും കഴിയാത്ത വെല്ലുവിളി ചന്ദ്രശേഖരനു കഴിഞ്ഞു എന്ന്‌ സി.പി.എമ്മിനു സമ്മതിക്കേണ്ടി വരികയാണ്‌. ചന്ദ്രശേഖരന്‍ രൂപപ്പെടുത്തിയത്‌ അധികാരം ആവശ്യമില്ലാത്ത ഒരു ബദല്‍ സി.പി.എം. സ്വന്തമായി മാനിഫെസ്റ്റോ. ഭരണഘടന. വര്‍ഗ, ബഹുജന സംഘടനകള്‍. സ്വന്തം മുഖപത്രം. വളണ്ടിയര്‍ സേന. ആര്‍ക്കു മുന്നിലും തോറ്റുകൊടുക്കാത്ത വിപ്ലവവീര്യം. ആരോടും സന്ധി ചെയ്യാത്ത ഒറ്റയാന്‍. അതുകൊണ്ട്‌ ആര്‍.എം.പിയെ തന്നെയാണ്‌ സി.പി.എം പേടിക്കേണ്ടത്‌. ചന്ദ്രശേഖരനെ പിണറായി വിജയനും.

കൊലക്കേസില്‍ കൂട്ടുപ്രതിയാകാന്‍ പോകുന്നവന്റെ വെപ്രാളം പോലെയാണ്‌ സി.പി.എം അധിപന്റെ പ്രസ്‌താവനകള്‍. ആര്‍ക്കും സംശയം തോന്നുന്ന ശരീര ഭാഷ. ആരാണ്‌ പ്രതിയെന്ന്‌ ആദ്യം പറഞ്ഞതും പിണറായി തന്നെ. ക്വട്ടേഷന്‍ സംഘമാണെന്ന്‌.
ഒരു ചാണ്‍ നീളമുള്ള മുഖത്ത്‌ 51 വെട്ടുകള്‍. അവസാനമായി ആ മുഖത്തു പോലും ആരും നോക്കരുതെന്ന ക്രൂരവിധി. പക്ഷെ, പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്ക്‌ പട്ടടയൊരുക്കുന്ന മാര്‍ക്‌സിസ്റ്റ്‌ പ്രാകൃതത്വത്തെ സ്വന്തം ചോര കൊണ്ട്‌ തളച്ചിരിക്കുന്നു ടി.പി. ചന്ദ്രശേഖരന്‍.
ഒരൊറ്റ മരണത്തിലൂടെ ചന്ദ്രശേഖരന്‍ എല്ലാ പോരാളികളെയും അസൂയപ്പെടുത്തിക്കളഞ്ഞു. ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഒരേ പ്രത്യയാശാസ്‌ത്രത്തിന്റെ പേരില്‍ - ഒരേ കൊടി പിടിച്ചവരാല്‍ കൊല ചെയ്യപ്പെട്ട വിപ്ലവകാരിയായി ഒഞ്ചിയത്തിന്റെ ആകാശത്ത്‌ എന്നുമുണ്ടാകും ആ രക്തനക്ഷത്രം. എന്തായാലും ഒരിക്കല്‍ മരിക്കണം. അത്‌ പോര്‍ക്കളത്തിലാവുക. മരണാനന്തരം പ്രതിയോഗികളെ കൂടുതല്‍ വിറപ്പിച്ചു കൊണ്ട്‌. ഇനി വിശ്രമിക്കാനാവില്ല ടി.പിയുടെ അനുയായികള്‍ക്ക്‌. ഇനി സുഖനിദ്രയില്ല ചന്ദ്രശേഖരന്റെ ശത്രുക്കള്‍ക്കും. മൃത്യുവിന്‌ താഴ്‌ത്താനാവാത്ത ജീവിതത്തിന്റെ കൊടിപ്പടമായി ടി.പി. ചന്ദ്രശേഖരന്‍ ഉയര്‍ന്നു പറക്കുകയാണ്‌.
തുടര്‍ന്ന് വായിക്കുക

ചന്ദ്ര ശേഖരന്‍ വധം: സി പി എം ഒറ്റപ്പെടുന്നു

click to image for reading large


തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails