പഴയ പോസ്റ്റുകളില്‍ നിന്നും: Home » Arquivos de 1/12/11
ഒരു മുന്നണിയെയും മുസാഫഹത്ത് ചെയ്യാതെ ഒറ്റാന്തടിയായി മത്സരിച്ചു മുസ്ലിംലീഗ് 1962ല്‍ ലോക്സഭയിലേക്ക്. സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ രക്ഷാകവചമായി മുസ്ലിംലീഗിനെ ഉയര്‍ത്തിപ്പിടിച്ച ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥി. സി.എച്ച്. മുഹമ്മദ്കോയ കോഴിക്കോട്ടും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും വെവ്വേറെ സ്ഥാനാര്‍ത്ഥികള്‍. റമസാന്‍ മാസം. ഫെബ്രുവരിയിലെ പൊരിഞ്ഞ ചൂട്. അര നൂറ്റാണ്ട് മുമ്പാണ്. പ്രചാരണ തന്ത്രങ്ങളും വാര്‍ത്താലോകവും ഇക്കാലം പോലെ വികസിച്ചിട്ടുമില്ല. നോമ്പുനോറ്റ് ദാഹിച്ചു വലഞ്ഞ് ക്യൂ നില്‍ക്കാന്‍ സാധാരണക്കാരായ മുസ്ലിം വോട്ടര്‍മാര്‍ വരില്ലെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പ്രവചിച്ചു. ഖാഇദേമില്ലത്തിന്റെ കാര്യം കഷ്ടമാണെന്ന്. കേരളത്തിലെ മുസ്ലിംലീഗ് ചരിത്രത്തിലറിയപ്പെടുന്ന ഒട്ടുമിക്ക നേതാക്കളും ഏറനാടന്‍ ഗ്രാമങ്ങളിലെ തിളക്കുന്ന വെയിലത്തുണ്ട്. പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും ഒന്നിച്ചു ഫലിച്ചു. ഖാഇദേമില്ലത്ത് ജയിച്ചു. സി.എച്ചും. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പില്‍ പി.എസ്.പി സഖ്യത്തില്‍ ഒരു സീറ്റ് മാത്രം കിട്ടിയ മുസ്ലിംലീഗിന് ഒറ്റയ്ക്കായപ്പോള്‍ രണ്ടിടത്ത് വിജയം. കേരള പത്രങ്ങള്‍ പ്രാദേശിക വാര്‍ത്തയില്‍ മുസ്ലിംലീഗിന്റെ വിജയം സമ്മതിച്ചെഴുതി.
പക്ഷേ ദേശീയ തലത്തിലെ കക്ഷിനിലയില്‍ മുസ്ലിംലീഗ് ഇല്ല. സ്വതന്ത്രര്‍ക്കും കക്ഷിരഹിതര്‍ക്കുമുള്ള കള്ളിയില്‍ "മറ്റുള്ളവര്‍' എന്ന വിശേഷണത്തിലായിരുന്നു കരുത്തരായി ജയിച്ചുപോയ ഖാഇദേമില്ലത്തിനെയും സി.എച്ചിനെയും തെരഞ്ഞെടുപ്പിന്റെ കണക്കെഴുത്തുകാര്‍ പെടുത്തിയത്. ഈ "വിധി' തന്നെയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ മുസ്ലിംലീഗിനെ പിന്തുടര്‍ന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സുലഭമായി എം.എല്‍.എമാരുമുള്ള കക്ഷി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തിന്റെ ഉജ്വല നേട്ടങ്ങള്‍. പുലരുവോളം വിജയാഹ്ലാദ പ്രകടനങ്ങള്‍. എല്ലാം കഴിഞ്ഞ് പത്രം നിവര്‍ത്തിയാല്‍ ലോക്സഭയുടെ കക്ഷിനിലയില്‍ "മുസ്ലിംലീഗ്' കാണില്ല. എല്ലാ കണക്കുമറിയുന്ന മലയാളപത്രങ്ങള്‍പോലും അത് വേറിട്ടെഴുതാന്‍ മടിച്ചു. ന്യൂഡല്‍ഹി നല്‍കുന്നത് മാത്രം അച്ചടിച്ചു.
ഇത് മറികടക്കേണ്ട ആവശ്യം മുസ്ലിംലീഗിനു തന്നെയായിരുന്നു. മുസ്ലിം ലീഗ് എന്ന വേറിട്ട വ്യക്തിത്വംകൊണ്ട് പൊരുതി നേടിയ ആനുകൂല്യങ്ങളുടെ തണലുള്ള സമുദായത്തിന് ഇതത്യാവശ്യവുമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ "എെഡന്റിറ്റി' നിലനിര്‍ത്തുന്നതിന് ആവശ്യമായ ഘടനാപരമായ നടപടികള്‍ സ്വാഭാവികമായും അവിടെ രൂപപ്പെട്ടു. അത് ഫലിച്ചു. ഇന്ത്യന്‍ നിയമനിര്‍മാണസഭയുടെ കക്ഷിനില കള്ളിയില്‍ "മറ്റുള്ളവര്‍' എന്ന നിസ്സാരവത്ക്കരണത്തിനു പകരം "മുസ്ലിംലീഗ്' എന്ന മേല്‍വിലാസമെഴുത്ത് അനിവാര്യമായി.
അന്നു മുതല്‍ തന്നെയാണ് പല ജന്മശത്രുക്കള്‍ക്കും ഇരിക്കപ്പൊറുതിയില്ലായ്മ തുടങ്ങിയതും. ആവതുള്ളവരും ഇല്ലാത്തവരും അക്കൂട്ടത്തിലുണ്ട്. അതുകൊണ്ടാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ അത്യാപത്തിനെക്കുറിച്ച് മുഖപ്രസംഗമെഴുതിയ ദിവസംതന്നെ അതേ പേജില്‍ അതിലും ഭീകരമായ തലക്കെട്ടില്‍ "മുസ്ലിംലീഗ്: ലയനത്തിലെ ചതിക്കുഴികള്‍' എന്ന് ജമാഅത്ത് പത്രം മുഖ്യലേഖനം പ്രസിദ്ധീകരിച്ചത്. മുല്ലപ്പെരിയാര്‍ മേഖലയിലെ ഭൂചലനങ്ങളും തമിഴ്നാട് അതിര്‍ത്തിയിലെ തല്ലും പിടിയുമായി ജനം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ വൈകാരികത ഒട്ടും ചോരാതെ ഇന്ത്യ നേരിടുന്ന "ഏറ്റവും ഭയാനകമായ' പ്രശ്നത്തെക്കുറിച്ച് ജമാഅത്ത്പത്രത്തില്‍ കെ.കെ. ഷാഹിന ഇങ്ങനെ തുടങ്ങി:
"ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഇപ്പോള്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി, രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍തന്നെ അഭൂതപൂര്‍വമാണ്.... തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ എെ.യു.എം.എല്‍ എന്ന പേരിനു നേരെ ചിഹ്നത്തിന്റെ കോളം ഒഴിഞ്ഞുകിടക്കുന്നു. അവിടെ ലീഗണികളുടെ വികാരമായ കോണി ചിഹ്നം കാണാനില്ല. മറ്റൊരു പാര്‍ട്ടിയുടെ പേരിനു നേരെയാണ് കോണി. എം.എല്‍.കെ.എസ്.സി അഥവാ മുസ്ലിംലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റി എന്നാണ് ആ പാര്‍ട്ടിയുടെ പേര്. ഇതെല്ലാം ഒന്നു തന്നെയാണ് എന്നാണ് വര്‍ഷങ്ങളായി ലീഗ് നേതൃത്വം നല്‍കുന്ന വിശദീകരണം. ഇത് രണ്ടും ഒന്നല്ല എന്നു തെരെഞ്ഞെടുപ്പ് കമ്മീഷനും...... തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം എം.എല്‍.കെ.എസ്.സി എന്ന ഈ പാര്‍ട്ടി 1989ലാണ് രജിസ്റ്റര്‍ ചെയ്തത്. കോണി അതിന്റെ സ്വന്തം ചിഹ്നമാണ്. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ പാര്‍ട്ടിയിലുണ്ടായ വിഭാഗീയതയുടെ പരിണാമമായിരുന്നു ദേശീയ പ്രസിഡണ്ടായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ കൈയില്‍ നിന്ന് പാര്‍ട്ടി പിടിച്ചെടുക്കാന്‍ കേരള നേതൃത്വം നടത്തിയ നീക്കം. പാര്‍ട്ടി പിളര്‍ത്തി സേട്ട് കോണി ചിഹ്നം സ്വന്തമാക്കിയാലോ എന്നു ഭയന്ന് കേരളത്തിലെ ലീഗ് നേതാക്കള്‍ ഒരു മുഴം നീട്ടി എറിഞ്ഞതാണ് മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പാര്‍ട്ടിയുടെ ജനനത്തിനു കാരണം. 1989ല്‍ നടന്ന നിശ്ശബ്ദമായ ഈ രൂപാന്തരം അതിനു ചുക്കാന്‍ പിടിച്ചവരല്ലാതെ മറ്റാരും അറിഞ്ഞില്ല. സേട്ട് പോലും. ലക്ഷക്കണക്കിന് വരുന്ന ലീഗണികള്‍ തുടര്‍ന്നും കോണി ചിഹ്നത്തില്‍ വോട്ട് ചെയ്തു. എന്നാല്‍ കണ്ണടച്ചു കോണിക്കു കുത്തുമ്പോഴും ജനങ്ങള്‍ക്കറിയില്ല ആ ചിഹ്നം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയുടേതല്ല (കേരള സ്റ്റേറ്റ് മുസ്ലിംലീഗിന്റേതാണെന്ന്). എെ.യു.എം.എല്‍ എന്ന പാര്‍ട്ടിയുടെ പ്രതിനിധികളാണ് തങ്ങളെന്നു ഭാവിച്ചും ആ പാര്‍ട്ടിയുടെ ബാനറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയും ലീഗണികളെയും പൊതുജനങ്ങളെയും കാലങ്ങളായി വഞ്ചിച്ചുകൊണ്ടിരിക്കുന്നു.'' ഇവ്വിധം താളുകള്‍ നിറഞ്ഞുകവിയുന്നു കോണി ചിഹ്നത്തില്‍ ആണി കയറ്റുന്ന ജമാഅത്ത് സങ്കടം. ശുദ്ധ മതേതരത്വത്തിനു ഭാരമാകുമെന്നു കരുതി ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ "എെഡന്റിറ്റി' ഊരിയെറിഞ്ഞ് ചാന്തുപൊട്ടും ചങ്കേലസ്സുമണിഞ്ഞിട്ടും ഗുണം കിട്ടാതെ പോയവരെ തന്നെ ഈ ലീഗ് വിരുദ്ധ പ്രചാരവേലയുടെ ചുമതല ഏല്‍പിച്ചതും ബഹുകേമമായി. മുസ്ലിംലീഗിന്റെ ഭാവിയോര്‍ത്ത് ജമാഅത്ത് പത്രവും ലീഗ് നേതാക്കളെ തെരുവില്‍ തെറിവിളിച്ചു കുപ്രസിദ്ധിയുള്ളവരും അധികം വേവലാതികൊള്ളുന്നത് അപഹാസ്യമാണ്.
സ്വതന്ത്ര ഇന്ത്യയോളം പഴക്കമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ മുസ്ലിംലീഗിനു രൂപീകരണ ഘട്ടംതൊട്ടുള്ള നയനിലപാടുകളും ഉദ്ദേശ്യ ലക്ഷ്യങ്ങളും ഭരണഘടനയും സംഘടനാ രീതികളുമുണ്ട്. രാജ്യത്തെ മാറിമാറിവരുന്ന നിയമങ്ങള്‍പ്രകാരം ഒരു വ്യവസ്ഥാപിത കക്ഷിയുടെ അടിസ്ഥാന ഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കടമ്പകളേറെ കടക്കേണ്ടതുമുണ്ട്. മെയ്യനങ്ങാതെ വരമ്പത്ത് നിന്നു രാഷ്ട്രീയംകണ്ടു ശീലിച്ചവര്‍ക്ക് അത് മനസ്സിലായെന്നുവരില്ല. "1989ല്‍ സേട്ടു പോലുമറിയാതെ കേരള നേതാക്കള്‍ നടത്തിയ രഹസ്യ നീക്കമാണ് പുതിയ രജിസ്ട്രേഷന്‍' എന്ന കണ്ടുപിടിത്തമാണ് കടുകട്ടി. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന് അന്ന് മുസ്ലിംലീഗിലും അതിന്റെ സംസ്ഥാന കമ്മിറ്റിയിലുമുള്ള സ്വാധീനശക്തി എത്രയായിരുന്നുവെന്നുകൂടി അന്വേിച്ചറിയുന്നത് നന്നാവും. കള്ളം പറയുമ്പോഴും വേണം ചെറിയൊരു ചേര്‍ച്ച.
ഇ.എം.എസിന്റെ ശരീഅത്ത് വിരുദ്ധ യുദ്ധത്തിനെതിരെ മുസ്ലിംലീഗും സേട്ടുസാഹിബും പടനയിച്ചതിന്റെ തുടര്‍ച്ചയായി വന്ന തെരഞ്ഞെടുപ്പ് കാലമാണത്. ഭൂരിപക്ഷ പ്രീണനത്തിനായി ന്യൂനപക്ഷ സംഘടനകളെ മുഴുവന്‍ സി.പി.എം തള്ളിപ്പറയുകയാണന്ന്. "തങ്ങന്മാരുടെയും മുസ്ല്യാക്കന്മാരുടെയും' കാലം കഴിഞ്ഞു, "ബാബരി മസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം പരിഹരിക്കണം' തുടങ്ങിയ കുടിലവര്‍ഗീയതയുടെ പ്രസ്താവനകള്‍ നമ്പൂതിരിപ്പാട് അഴിച്ചുവിട്ട സന്ദര്‍ഭം. "ശിലയിട്ടത് തര്‍ക്ക ഭൂമിയിലല്ല' എന്ന് സേട്ടുസാഹിബ് പറഞ്ഞതായും വര്‍ഗീയകലാപം നടന്ന ഭഗല്‍പൂരില്‍ അദ്ദേഹം പോയിട്ടില്ലെന്നും ജമാഅത്ത് പത്രത്തില്‍ ലേഖനങ്ങള്‍ പൊടിപൊടിക്കുന്ന ഘട്ടം. ബനാത്ത്വാലാ സാഹിബിനെ മത്സരരംഗത്തു നിന്നു തല്‍ക്കാലം മാറ്റിനിര്‍ത്തി കൂടുതല്‍ സുരക്ഷിതമായ പൊന്നാനിയില്‍ സേട്ടുസാഹിബിനെ മത്സരിപ്പിച്ച 1991ലെ തെരഞ്ഞെടുപ്പിനു രണ്ടു വര്‍ഷം മുമ്പാണ് ജമാഅത്ത് പത്രം അപ്പറഞ്ഞ കാലം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ സംസ്ഥാന കമ്മിറ്റി. സേട്ടു സാഹിബിനേക്കാള്‍ പാര്‍ട്ടിയില്‍ സീനിയറായ ബി.വി. അബ്ദുല്ലക്കോയയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും ജനറല്‍ സെക്രട്ടറിമാര്‍. യു.എ. ബീരാനും പി. സീതി ഹാജിയും മുന്‍ സ്പീക്കര്‍ ബാവ ഹാജിയും കൊരമ്പയിലും പി.എം. അബൂബക്കറും സി.കെ.പി. ചെറിയ മമ്മുക്കേയിയുമെല്ലാം സംഘടനയുടെ അമരത്തുണ്ട്. അന്ന് പുതിയൊരു രജിസ്ട്രേഷന്‍ എന്ന ആശയമുയര്‍ന്നെങ്കില്‍ അത് സേട്ടു സാഹിബ് അറിയാതെയാവില്ല എന്ന് ആര്‍ക്കുമുറപ്പിക്കാനാവും.
ഭരണഘടനാ വിദഗ്ധനും നിയമപണ്ഡിതനുമായ ജി.എം. ബനാത്ത്വാലയായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറി. ഖാഇദേമില്ലത്തിന്റെ വലംകൈയായിരുന്ന എ.കെ.എ. അബ്ദുസമദ് ദേശീയ ഭാരവാഹിയാണ്. 1989ല്‍ ആര് തമ്മില്‍ എന്ത് വിഭാഗീയതയാണ് മുസ്ലിംലീഗിലുണ്ടായിരുന്നത് എന്ന് കൂടി ജമാഅത്ത് പത്രം വിശദീകരിക്കണം. യു.ഡി.എഫില്‍ നിന്ന് മുസ്ലിംലീഗ് പുറത്തിറങ്ങിയ ഘട്ടമുണ്ട്. അത് 1991ലാണ്. ലോക്സഭാ ഇലക്ഷന്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍. ആരാധനാലയങ്ങളുടെ ഉടമാവകാശം സംബന്ധിച്ച് കട്ട് ഓഫ് ഡേറ്റ് 1947 ഓഗസ്റ്റ് 15 ആയി നിജപ്പെടുത്തണമെന്നും മുസ്ലിംകള്‍ക്കു മാത്രമായി കേന്ദ്ര സര്‍വീസില്‍ ആറു ശതമാനം സംവരണമേര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു അത്. രാജീവ്ഗാന്ധിയുടെ സാന്നിധ്യത്തില്‍ അതിന്മേലെടുത്ത സുനിശ്ചിത തീരുമാനത്തെ തുടര്‍ന്നു ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് രംഗത്തെ നിയമ സാങ്കേതിക പ്രശ്നങ്ങള്‍ തന്നെയാണ് മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന സംസ്ഥാന പാര്‍ട്ടി അംഗീകാരത്തിനു നിമിത്തമായത്. ഇത് സംഘടനയുടെ ആദ്യഭരണഘടനതൊട്ട് വ്യക്തമാണ്. ഖാഇദേമില്ലത്തും സീതി സാഹിബും ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി.എച്ചും ജീവിച്ചിരുന്ന കാലത്തെ "കേരള സ്റ്റേറ്റ് മുസ്ലിംലീഗ് ഘടനയും നിയമങ്ങളും' എന്ന ഭരണഘടനയിലെ ഒന്നാമത്തെ വകുപ്പ് ഇത് വിശദമാക്കുന്നു: ""ഈ സംഘത്തിന്റെ പേര്‍ കേരള സ്റ്റേറ്റ് മുസ്ലിംലീഗ് എന്നായിരിക്കുന്നതും ഇത് കേരള സ്റ്റേറ്റ് മുസ്ലിംലീഗ് എന്ന നിലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനോട് അനുബന്ധിച്ചിരിക്കുന്നതുമാകുന്നു''. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ അനുബന്ധമായിരിക്കുമ്പോള്‍ തന്നെ കേരള സ്റ്റേറ്റ് മുസ്ലിംലീഗിനു പ്രത്യേകമായ ഭരണഘടനയും പ്രാഥമിക മെമ്പര്‍ഷിപ്പും സംഘടനയുടെ രൂപീകരണം തൊട്ടുള്ളതാണെന്നര്‍ത്ഥം. ദേശീയ അധ്യക്ഷ പദവി വഹിച്ച ഖാഇദേമില്ലത്ത്, സേട്ടു സാഹിബ്, ബനാത്ത്വാല, ഇ. അഹമ്മദ് എന്നിവരെല്ലാം കേരളത്തില്‍ നിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരാണ്. അതാത് കാലത്തെ സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ടുമാര്‍ യഥാക്രമം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ദേശീയ പ്രസിഡണ്ടുമാരായ സ്ഥാനാര്‍ത്ഥികളെ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രഖ്യാപിച്ചു പോന്നിട്ടുള്ളത്. അത് മുസ്ലിംലീഗിന്റെ സംഘടനാപരമായ രീതിയാണ്.
രാജ്യത്തിന്റെ പൊതുനിയമത്തിനുള്ളില്‍ ജനാധിപത്യ, നിയമ വ്യവസ്ഥക്കു വിധേയമായി ഓരോ സംഘടനക്കും സ്വന്തമായ ഭരണഘടനയും ഘടനാരീതികളുമുണ്ട്. അതിന്റെ അനുബന്ധമായി പാരമ്പര്യങ്ങളും കീഴ്വഴക്കങ്ങളുമുണ്ട്. അതില്‍നിന്നുള്ള മാറ്റം സാവകാശം മാത്രമേ സാധ്യമാകൂ. രാജ്യത്തെ പൊതു നിയമങ്ങളുടെ ആനുകൂല്യങ്ങള്‍ യഥാവിധി ലഭ്യമാക്കാനും നിയന്ത്രണങ്ങള്‍ ദോഷകരമാവാതിരിക്കാനും സംഘടനകള്‍ ചില ക്രമീകരണങ്ങള്‍ വരുത്തും. ഏത് വിപ്ലവം പറയുന്ന സംഘടനയുടെയും ഔദ്യോഗിക ഘടനയില്‍ ഇപ്പറഞ്ഞതുണ്ട്. ലക്ഷക്കണക്കിന് അംഗങ്ങളും ആയിരക്കണക്കിനു കീഴ്ഘടകങ്ങളും പോഷകഘടകങ്ങളും വിവിധ തലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിത്വവും മത്സരവും വിജയവും അധികാര പങ്കാളിത്തവുമെല്ലാമുള്ള ഒരു വ്യവസ്ഥാപിത ജനാധിപത്യ പാര്‍ട്ടിയാണ് മുസ്ലിംലീഗ്.
ആട് തോട് കടക്കാന്‍ നില്‍ക്കുന്നതുപോലെ രാഷ്ട്രീയത്തിലേക്ക് മണംപിടിച്ചുവന്ന് പേടിച്ചു പിന്മാറുന്ന പുത്തന്‍ പാര്‍ട്ടികളുടെ അഴകൊഴമ്പന്‍ രീതി പറ്റില്ല മുസ്ലിംലീഗിന്. തീരുമാനങ്ങളെടുക്കുമ്പോള്‍ പലതും നോക്കാനുണ്ട്. സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായുള്ള പശ്ചാത്തലമൊരുക്കണം. കൂട്ടത്തില്‍ ദേശീയ അംഗീകാരം നേടാനുള്ള നിശ്ചിത കണക്കുകള്‍, സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരം നിലനിര്‍ത്തല്‍, ആറു പതിറ്റാണ്ടോളമായ പൊതുസമ്മതിയുള്ള ഔദ്യോഗിക ചിഹ്നം എന്നിവയും. അധികാരത്തിന്റെ കൊടിവെച്ച കാറില്‍ തലങ്ങുംവിലങ്ങും പാഞ്ഞ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമായി നാട് വിറപ്പിച്ച പല ദേശീയ, സംസ്ഥാന പാര്‍ട്ടികളും ശ്മശാനം പൂകിയതാണ് കേരള രാഷ്ട്രീയം. അവിടെ മുസ്ലിംലീഗ് അജയ്യമായി നിലകൊള്ളുന്നത് അതിന്റെ നയപരിപാടികളും നേതാക്കളുടെ ഇച്ഛാശക്തിയും അണികളുടെ കെട്ടുറപ്പും സമുദായത്തിന്റെ നിറസ്നേഹവും കൊണ്ടാണ്. കേരള ജനതയുടെ വിശ്വാസമാണ് മുസ്ലിംലീഗിന്റെ കരുത്ത്.
ഭിന്നിപ്പിച്ചും ദുര്‍ബല മനസ്സുകളെ പ്രലോഭിപ്പിച്ചും ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ചും ആയുസ് കളഞ്ഞവര്‍ പഴയ മരുന്ന് ഫലിക്കാതായപ്പോള്‍ പുതിയത് പരീക്ഷിക്കുകയാണ്. ഒപ്പ് പതിയാത്തതിന് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ തള്ളിക്കുന്നത്പോലുള്ള കേവലം സാങ്കേതികത്വത്തില്‍ തൂങ്ങി. അതിന് ചില കോടാലിക്കൈകളും.
തുടര്‍ന്ന് വായിക്കുക