എഡിറ്റോറിയല്പൊതുമരാമത്തു മന്ത്രിയായിരുന്ന പി.ജെ.ജോസഫിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതുതന്നെ. അന്വേഷിച്ചാല്‍ വല്ലതും തടയുകയും ചെയ്യും. അത് ആ വകുപ്പിന്റെ പ്രത്യേകതയാണ്. എന്തെങ്കിലുമൊക്കെ കണ്ടെത്താന്‍ കഴിയുന്ന വകുപ്പായിരുന്നു അദ്ദേഹം ഭരിച്ചിരുന്നത്. അതിലുപരി ഭരണതലത്തില്‍ ആദ്യ കാലഘട്ടത്തില്‍ മികച്ച പ്രതിച്ഛായ കാട്ടിയിരുന്ന ജോസഫിന്റെ റേറ്റിങ് പിന്നീട് എത്ര പെട്ടെന്നാണ് താഴോട്ടുപോയത്. എന്തൊക്കെ ആരോപണങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. അതിനാല്‍ ഏര്‍പ്പെടുത്തുന്ന ഏതൊരന്വേഷണത്തിനും വിശ്വാസ്യത ലഭിക്കുന്ന നല്ലൊരു ഇരയാണ് ജോസഫ്.
എന്നാല്‍, അന്വേഷണത്തിന് ഉത്തരവിടുന്നവര്‍ക്കും വിശ്വാസ്യത ഉണ്ടാകണം. കൂടെ നില്‍ക്കുമ്പോള്‍ നല്ലവനും കൂട്ടംവിട്ടാല്‍ കള്ളനും എന്നു പറയുന്നവര്‍ക്ക് എന്തു വിശ്വാസ്യതയാണുള്ളത്? ജോസഫ് മുന്നണിയില്‍ നില്‍ക്കുമ്പോള്‍ അന്വേഷണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കില്‍ അതിനൊരു സത്യസന്ധതയുടെ ഹരമുണ്ടാകുമായിരുന്നു. ആ ഉദ്ദേശ്യത്തിന് ശുദ്ധി അവകാശപ്പെടാമായിരുന്നു. അതുണ്ടായില്ല. ജോസഫ് സുരക്ഷിതമായി മുന്നണി വിട്ടു പുതിയ മേച്ചില്‍പുറം കണ്ടെത്തി. ഇടതുമുന്നണിയും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും എല്ലാം കഴിഞ്ഞിട്ടേ ആലോചിക്കൂ. അല്ലെങ്കില്‍ മന്ത്രിസഭയിലിരുന്നുകൊണ്ടു തന്നെ മറ്റൊരു പാര്‍ട്ടിയിലേക്കു പാലംപണിയാനും മറ്റൊരു മുന്നണിയില്‍ ചേക്കേറാനും ജോസഫിനു കഴിയുമായിരുന്നുവോ? മന്ത്രിസഭയില്‍നിന്നു രാജിെവച്ചയുടന്‍ അദ്ദേഹത്തെ പുറത്താക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. രാജിവെക്കുന്നതിനു മുമ്പായിരുന്നു പുറത്താക്കലെങ്കില്‍ അതിനുമുണ്ടായിരുന്നു ഒരു ഭംഗി. അതിനും ശേഷമാണ് അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിനു ബോധമുണ്ടായത്.
ഈ മന്ത്രിസഭ അധികാരത്തിലേറിയ ശേഷം ജോസഫിനെതിരെ മാത്രമല്ല ആരോപണങ്ങള്‍ ഉണ്ടായത്. എത്രപേര്‍ക്കെതിരെ ആരോപണമുയര്‍ന്നില്ല എന്നു പരിശോധിക്കുന്നതായിരിക്കും എളുപ്പം. അഴിമതി ആരോപണത്തിനു വിധേയരല്ലാത്തവരായി വിരലിലെണ്ണാന്‍ ഒരു സുധാകരനെയോ പ്രേമചന്ദ്രനെയോ മറ്റോ കിട്ടിയാലായി. കാര്യമായ പണിയൊന്നുമില്ലാത്ത കടന്നപ്പള്ളിയും ആരോപണാതീതരുടെ പട്ടികയിലുണ്ടാകും. എന്നിട്ടും ധനകാര്യ വകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ വിങ് എന്തേ മറ്റൊരു വകുപ്പിലും അന്വേഷണം നടത്തിയില്ല! മുന്നണി വിട്ടുപോകാത്തിടത്തോളം അവരാരും അനഭിമതരല്ലതന്നെ.
ജോസഫിന്റെ വകുപ്പ് അഴിമതിയുടെ കൂടാരമാണെന്നു കണ്ടെത്തിയത് ധനമന്ത്രി തോമസ് ഐസക്കിന്റെ ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിങ്ങാണ്. ഈ വിങ് ഇത്രകാലം പൊതുമരാമത്തുവകുപ്പിനെ പറ്റി അറിഞ്ഞിരുന്നില്ല എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. ആരോപണങ്ങള്‍ മുറജപം പോലെ മുറതെറ്റാതെ ഓരോ നിയമസഭാസമ്മേളനത്തിലും വന്നു കൊണ്ടേയിരുന്നു. ജോസഫ്ഗ്രൂപ്പില്‍ നിന്ന് ആദ്യം മറുമുന്നണി ചാടുകയും മാണിയുടെ പാര്‍ട്ടിയില്‍ ചേക്കേറുകയും ചെയ്ത പി.സി.ജോര്‍ജും നിരവധി ആരോപണങ്ങള്‍ കൊണ്ടുവന്നു. എതിര്‍പക്ഷത്തു നിന്നപ്പോള്‍ മാണിക്കെതിരെ നിരവധി ആരോപണങ്ങള്‍ നിരത്തിയ ആളാണ് ജോര്‍ജ്. അന്നൊക്കെ ജോര്‍ജിന്റെ ആരോപണങ്ങള്‍ വസ്തുനിഷ്~മാണെന്ന് പറഞ്ഞു നടന്നിരുന്നു, മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും.
മൂന്നാറിലെ കൈയേറ്റങ്ങള്‍ വരെ ജോര്‍ജിന്റെ കണ്ണിലൂടെയാണ് അച്യുതാനന്ദന്റെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍ വന്നത്. കൈയേറ്റങ്ങള്‍ക്കു പിന്നില്‍ കേരളകോണ്‍ഗ്രസ് മാണിഗ്രൂപ്പുകാരുടെ പങ്ക് കണ്ടുപിടിച്ചതും മറ്റാരുമായിരുന്നില്ല. അഴിമതിയുടെ എസ്‌റ്റേറ്റുകളിലൂടെ നടത്തിയ ആ അശ്വമേധം സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഓഫിസുകളുടെ മുറ്റത്ത് ചെന്നവസാനിച്ചു. കള്ളന്‍ കപ്പലില്‍ തന്നെയാണെന്നു വന്നപ്പോള്‍ ജോര്‍ജ് ഇടതുപാര്‍ട്ടികളുടെ കണ്ണില്‍ കരടായി. അതു പഴയ കഥ.
ഇവിടെ അഴിമതി അന്വേഷണങ്ങള്‍ സര്‍ക്കാരിനെതന്നെ തിരിഞ്ഞു കുത്തുന്ന അവസ്ഥയിലാണ്. ഭരണകാലത്താണ് അന്വേഷണമുണ്ടായതെങ്കില്‍ അഴിമതി ആവര്‍ത്തിക്കാതിരിക്കാന്‍ അത് സഹായകമാകുമായിരുന്നു. മറ്റു മന്ത്രിമാര്‍ക്കും പാ~മാകുമായിരുന്നു. ഇതുവരെ എല്ലാത്തിനും കൂട്ടുനിന്ന ശേഷം ബന്ധം പിരിയുമ്പോള്‍ മാ്രതം അന്വേഷണത്തിന് ഉത്തരവിട്ടതുകൊണ്ട് വിശ്വാസ്യത ഇല്ലാതാകുമെന്നതല്ലാതെ അഴിമതി അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ആരും കരുതുന്നില്ല. മാ്രതമല്ല, അത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യും. അന്വേഷണങ്ങള്‍ നേരിട്ടു ബാധിക്കുക ഭരിച്ച മന്ത്രിമാരെയല്ല, അവര്‍ക്കു കീഴിലുള്ള ഉദ്യോഗസ്ഥരെയാണ്. അവരാണ് ആദ്യം കുടുങ്ങുക. ലാവലിന്‍ കേസിലും ഇടമലയാര്‍കേസിലും അത് കണ്ടറിഞ്ഞതാണ്. ജോസഫ് നല്‍കിയ വാക്കാലുത്തരവുകള്‍ നടപ്പാക്കിയതിന് സമാധാനം പറയേണ്ടത് ഉദ്യോഗസ്ഥരാണല്ലോ.
ഇനി ഈ സര്‍ക്കാറിന് ഒരു വര്‍ഷത്തോളം അവശേഷിക്കുന്നുണ്ട്. ഈ കാലയളവ് സര്‍ക്കാറിന് ഏറെ പ്രധാനമാണ്. ഏറെ പ്രവര്‍ത്തിക്കാനുള്ള സമയം. വാക്കാലുത്തരവുകള്‍ നടപ്പാക്കാന്‍ ഇനി ഉദ്യോഗസ്ഥര്‍ മടിക്കും. ജോസഫിനെതിരായ രാഷ്ട്രീയ പ്രചാരണകാലഘട്ടം അവസാനിക്കുമ്പോള്‍ അന്വേഷണത്തിനുപിന്നാലെ തൂങ്ങേണ്ടിവരുന്നത് ഉദ്യോഗസ്ഥരാണ്.
ജോസഫിനെതിരായ ആരോപണങ്ങളെ ആവേശത്തോടെ പ്രതിരോധിച്ചവരാണ് ഇടതുന്നണി നേതാക്കള്‍. പണ്ട്, 1996 മുതല്‍ 2001 വരെ ഭരിച്ച നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ് പ്ലസ്ടു വീതംവെപ്പ് നടന്നത്. സ്വകാര്യ മേഖലക്ക് പ്ലസ്ടു നല്‍കുന്നതില്‍ കനത്ത ക്രമക്കേടുകളുണ്ടെന്നു വന്നപ്പോള്‍ ഇടതുമുന്നണിയില്‍ തന്നെ എതിര്‍പ്പുയര്‍ന്നു. അവസാനം എല്ലാ ഘടകകക്ഷികളും പ്ലസ്ടു വീതംവെച്ച് ജോസഫ് പ്രശ്‌നം അവസാനിപ്പിച്ചു. അഴിമതിയാരോപണങ്ങള്‍ അതോടെ അവസാനിച്ചു. ഘടകകക്ഷികള്‍ക്കു കിട്ടിയ വീതത്തിനുമീതെ പിന്നെ ആരോപണങ്ങള്‍ പറന്നില്ല. മുന്നണിയെന്നാല്‍ വീതംവെപ്പാണെന്ന് അന്നാണ് ഇടതുമുന്നണി മനസ്സിലാക്കിയത്.
അവസാനം വരെ എല്ലാ ചെയ്തികളും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തശേഷം ഇറങ്ങിപ്പോകുമ്പോള്‍ മാത്രം എതിരാകുന്നത് ഇടതുമുന്നണിയില്‍ ഇതാദ്യമാണ്. എന്നാല്‍, ഭരണത്തിലിരിക്കുമ്പോള്‍തന്നെ കൂടെയുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ കൊണ്ടുവന്ന കഥകള്‍ സി.പി.എമ്മിന്റെ ചരിത്രത്തിലുണ്ട്. 1967 മുതല്‍ 1969 വരെയുള്ള ഭരണകാലം മറക്കാനാവില്ലല്ലോ. ആരോഗ്യമന്ത്രിയായിരുന്ന വെല്ലിങ്ടണെതിരെ മുന്നണിക്കുള്ളില്‍ നിന്നുതന്നെ വന്ന അഴിമതിയാരോപണത്തില്‍നിന്ന് സംരക്ഷണം നല്‍കാന്‍ ശ്രമിച്ചയാളാണ് ഇ.എം.എസ്. അദ്ദേഹത്തിനെതിരെ മുന്നണിക്കുള്ളില്‍ വിമര്‍ശമുണ്ടായപ്പോള്‍ അതിനെ ചെറുക്കാനെന്നോണം സി.പി.ഐ മന്ത്രിമാരെ പറ്റി അതിലും വലിയ ആരോപണങ്ങളാണ്, സി.പി.എമ്മില്‍നിന്ന് ഉയര്‍ന്നത്. എം.എന്‍ ഗോവിന്ദന്‍നായരും ടി.വി തോമസും അഴിമതിക്കാരായി മാറി. എതിര്‍പക്ഷത്ത് എം.കെ.കൃഷ്ണനും കെ.ആര്‍.ഗൗരിയമ്മക്കും എതിരെയും വന്നു ആരോപണങ്ങള്‍.
തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കേരളചരിത്രം പ~ിക്കുന്ന ആര്‍ക്കും മറക്കാനാവാത്തതാണ്. പരസ്പരം ഉയര്‍ത്തിവിട്ട അഴിമതിക്കഥകളില്‍ മന്ത്രിസഭ ആടിയുലഞ്ഞു. അന്വേഷണത്തിനുള്ള കമീഷനും എത്തിയതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി. സി.പി.എമ്മുമായി തെറ്റി, നിയമസഭയില്‍നിന്ന് ടി.വി. തോമസ് ഇറങ്ങിപ്പോയത് കുരുക്ഷേത്രത്തില്‍വെച്ചു കാണാം എന്ന വെല്ലുവിളിയോടെയാണ്. സി.പി.എമ്മിന് പിന്നീട് മന്ത്രിസഭയിലെത്താന്‍ ദശാബ്ദം കാത്തിരിക്കേണ്ടി വന്നു. കോണ്‍ഗ്രസ് സി.പി.ഐയുമായി ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ സി.പി.എമ്മിനൊപ്പം നില്‍ക്കാന്‍ മറ്റു പ്രധാനപാര്‍ട്ടികളൊന്നും ഉണ്ടായിരുന്നില്ല. ഒരുപക്ഷേ, ആ പഴയ ഒറ്റപ്പെടലിന്റെ ഓര്‍മ മൂലമാകാം, പിരിഞ്ഞുപോയ ജനതാദളിലെ ഒരു ഗ്രൂപ്പിനെയുംപി.സി.തോമസിന്റെ ചെറു ഗ്രൂപ്പിനെയും കൂടെനിര്‍ത്താന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ശ്രമിക്കുന്നത്.
എന്നാല്‍ പി.സി.തോമസിനെ എങ്ങനെ അവര്‍ക്ക് ന്യായീകരിക്കാനാകും? ബി.ജെ.പിക്കൊപ്പം മുന്നണിയുണ്ടാക്കി മത്സരിച്ച്, സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പിച്ച് കേന്ദ്രമന്ത്രിയായ ആളാണ്. മല്‍സരിച്ചവേളയില്‍ മതവികാരം ഉയര്‍ത്തിയതിന് ശിക്ഷിക്കപ്പെട്ടയാള്‍. ഈ കേസില്‍ മൂന്നുവര്‍ഷം അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. കേരളത്തില്‍ ആദ്യമായാണ്, മതവികാരമുണര്‍ത്തിയ കുറ്റത്തിന് ഒരാള്‍ ശിക്ഷിക്കപ്പെടുന്നത്. അങ്ങനെയുള്ളയാളിനെ കൂടെ നിറുത്തുന്നതും അവരുടെ പ്രതിച്ഛായയെ വികൃതമാക്കുകയേയുള്ളൂ. ഇല്ലാത്ത പ്രതിച്ഛായക്കുമേല്‍ ഇനി എന്തായാലെന്ത് എന്ന മനോഭാവമാണോ ഈ ചിന്തക്കാധാരമെന്നു വ്യക്തമല്ല.
തോമസിന്റെ ഏക എം.എല്‍.എ സുരേന്ദ്രന്‍പിള്ളയെ സംരക്ഷിക്കുന്നതിലുമുണ്ട് വൈരുധ്യം. പണ്ട് ജോസഫ്ഗ്രൂപ്പ് ഐക്യമുന്നണി വിട്ടപ്പോള്‍ അന്നു ജോസഫ്ഗ്രൂപ്പിലുണ്ടായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളമാത്രം അവിടെ തുടര്‍ന്നു. അത് കൂറുമാറ്റമാണെന്നു പരാതിപ്പെട്ട് അദ്ദേഹത്തിന്റെ നിയമസഭാംഗത്വത്തിന് അയോഗ്യത കല്‍പിക്കണമെന്ന ആവശ്യവുമായി മുന്നില്‍നിന്നത് മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയാണ്. പിള്ളയെ അയോഗ്യനാക്കിയ സംഭവം ഏറെ ശബ്ദകോലാഹലങ്ങള്‍ക്കു കാരണമായി. മികച്ച സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണനെതിരെ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കുന്നതില്‍ വരെ അന്ന് ആ സംഭവം ചെന്നെത്തി. അന്ന് ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കിക്കിട്ടാന്‍ ഇറങ്ങിത്തിരിച്ചവര്‍ ഇന്ന് സുരേന്ദ്രന്‍പിള്ളയെ സംരക്ഷിക്കുന്നു എന്നതാണ് വൈചിത്ര്യം. കൂടെനില്‍ക്കുന്ന പിള്ള നല്ലതും കൂട്ടംതെറ്റിയ പിള്ള മോശവും എന്നതായിരിക്കുന്നു സി.പി.എം മാനദണ്ഡം.
ഓര്‍ത്തിരിക്കുക ,പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെയെങ്കിലും ,കാരണം തിരഞ്ഞെടുപ്പ് വരുമ്പോള്‍ സാമ്രാജ്യത്വ വിരോധം വല്ലാണ്ട് മൂത്ത് ഇത് വരെ എഴുതിയതൊക്കെ മറക്കുന്ന രോഗം മാധ്യമം പത്രതിനുണ്ട്