ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

ഇടത്തോട്ട്‌ വഴികാട്ടുകയാണോ ജമാഅത്തിന്റെ പണി?




കാല്‍നൂറ്റാണ്ടോളം കാലം ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്കുവഹിച്ച്‌, കേവലം ഒരു സാമുദായിക സംഘടന മാത്രമായിരുന്ന പ്രസ്ഥാനത്തിന്‌ സാമൂഹ്യ, രാഷ്‌ട്രീയ ഇടപെടലിലൂടെ പൊതുസമൂഹത്തിന്‌ മുന്നില്‍ സ്വീകാര്യതയുണ്ടാക്കിയ ഹമീദ്‌ വാണിമേല്‍ സംഘടനയോട്‌ വിടപറഞ്ഞിരിക്കുകയാണ്‌. കേഡര്‍ സംവിധാനത്തില്‍ ഒളിപ്പിച്ചുവെച്ച വൈരുധ്യാധിഷ്‌ഠിത തത്വവാദങ്ങളില്‍ കെട്ടുപിണയാന്‍ ഇനി താനില്ലെന്ന്‌ വെട്ടിത്തുറന്ന്‌ പറഞ്ഞാണ്‌ ഹമീദ്‌ പടിയിറങ്ങുന്നത്‌. ഹാകിമിയ്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്ന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയാണ്‌ ഹമീദ്‌ സംഘടനയുടെ പരമോന്നത സമിതിയായ അഖിലേന്ത്യാ ശൂറാ അംഗത്വം, സംസ്ഥാന ശൂറാ അംഗത്വം, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗത്വം, പ്രാദേശിക അമീര്‍ സ്ഥാനം എന്നിവ രാജിവെച്ചിരിക്കുന്നത്‌. സംഘടന നിയമിച്ച പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത്‌ ആറ്‌ വര്‍ഷത്തോളം തുടര്‍ച്ചയായി ഹമീദ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇത്രയും പദവികള്‍ വഹിച്ച ഒരാള്‍ സംഘടനയോട്‌ വിടപറയുന്നത്‌ ഒരുപക്ഷേ, കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കാം.

ജമാഅത്തെ ഇസ്‌ലാമിയോട്‌ വിടപറയുന്നതിലേക്കു നയിച്ച സാഹചര്യങ്ങള്‍ ചുരുക്കിപ്പറയാമോ?

ജമാഅത്തെ ഇസ്‌ലാമിയുമായി പ്രധാനമായും രണ്ട്‌ കാര്യങ്ങളിലായിരുന്നു എനിക്ക്‌ വിയോജിപ്പുണ്ടായിരുന്നത്‌. ഒന്ന്‌, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എം നേതൃത്വം നല്‍കുന്ന എല്‍ ഡി എഫിന്‌ ജമാഅത്തെ ഇസ്‌ലാമി പിന്തുണ പതിച്ചുനല്‍കിയത്‌. അന്ന്‌ പിന്തുണ നല്‍കുമ്പോള്‍ ജമാഅത്ത്‌ മുന്നോട്ടുവെച്ച നിബന്ധന. നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ മുസ്‌ലിം പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരം കാണാന്‍ ബാക്‌ലോഗ്‌ നികത്തുക എന്നതായിരുന്നു. എല്‍ ഡി എഫിന്റെ പ്രകടനപത്രികയില്‍ ഇത്‌ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തു. അഞ്ചു കൊല്ലം കഴിഞ്ഞിട്ടും ഇത്‌ നടപ്പായില്ല.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സി പി എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന്‌ അവഹേളനം മാത്രമാണ്‌ സംഘടനയ്‌ക്കുണ്ടായത്‌. അതില്‍ ഏറെ ദയനീയം ഹിറാ സെന്ററില്‍ നടന്ന റെയ്‌ഡായിരുന്നു. രണ്ട്‌ മഫ്‌തി പോലീസുകാര്‍ വന്ന്‌ ലൈബ്രറി ലെഡ്‌ജര്‍ പരിശോധിച്ചാല്‍ മതിയാകുമായിരുന്ന ഒരു നടപടിക്രമത്തിന്‌ ഒരു ഭീകരസംഘടനയുടെ ആസ്ഥാനം റെയ്‌ഡ്‌ ചെയ്യുന്നതിന്‌ സമാനമായ സന്നാഹങ്ങളോടെ റെയ്‌ഡ്‌ നടത്തിയത്‌ സംഘടനയെ അവഹേളിക്കാന്‍ വേണ്ടിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പരിപാടിയിലും മന്ത്രിമാരോ മറ്റോ പങ്കെടുക്കാറില്ല. ഇഫ്‌ത്വാര്‍മീറ്റിന്‌ പോലും അവര്‍ വരാറില്ല. ഒരുതരം അസ്‌പൃശ്യത സി പി എം വെച്ചുപുലര്‍ത്തി. എല്‍ ഡി എഫിന്റെ വിജയത്തിനു വേണ്ടി സ്വന്തം ചെലവില്‍ 50ലധികം പൊതുയോഗങ്ങള്‍ നടത്തിയ ജമാഅത്തിന്‌ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന്‌ ലഭിച്ച അവഹേളനം സഹിക്കാവുന്നതിലപ്പുറമാണ്‌. പി കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരെ തോല്‍പിക്കാന്‍ അഹോരാത്രം സംഘടന പണിയെടുത്തിരുന്നു. ഹൈക്കോടതിയില്‍ ജമാഅത്തെ ഇസ്‌ലാമിയെ ദേശവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ റിട്ടില്‍ വാദം കേള്‍ക്കുന്ന സമയത്ത്‌ സി പി എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ തീവ്രവാദവിരുദ്ധ കാമ്പയിനില്‍ നിറഞ്ഞുനിന്നത്‌ ജമാഅത്തെ ഇസ്‌ലാമി തന്നെയായിരുന്നു.

വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ പേരില്‍ ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മതവിരുദ്ധ പരിഷ്‌കാരങ്ങള്‍, വികസനത്തിന്റെ കാഴ്‌ചപ്പാടില്‍ സി പി എമ്മിനുണ്ടായ മാറ്റം, ഒരുവേള കൊടിയുടെ നിറം മാത്രം മാറിയ പാര്‍ട്ടികളായി സി പി എമ്മും കോണ്‍ഗ്രസും മാറിയ സാഹചര്യം, കിനാലൂരില്‍ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ സോളിഡാരിറ്റി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്‌ നടത്തിയ പോലീസ്‌ നടപടി -കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുഭരണത്തില്‍ ഉണ്ടായ ഈ അനുഭവങ്ങള്‍ മറച്ചുവെക്കാനാവുമോ?

രണ്ട്‌), പുതുതായി രൂപീകരിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടി. അത്തരം ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ സ്‌പെയ്‌സ്‌ ഇല്ല എന്നാണെന്റെ അഭിപ്രായം. കാരണം, കേരളത്തില്‍ പ്രബലമായ ഒരു മുസ്‌ലിം രാഷ്‌ട്രീയപ്പാര്‍ട്ടി നിലവിലുണ്ട്‌. പുതിയ പാര്‍ട്ടി അഖിലേന്ത്യാതലത്തിലാണ്‌ രൂപീകരിക്കുന്നത്‌. എന്നാല്‍ സംസ്ഥാന ഘടകങ്ങള്‍ക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാനോ രൂപീകരിക്കാതിരിക്കാനോ സ്വാതന്ത്ര്യമുണ്ട്‌.

അങ്ങനെയാകുമ്പോള്‍, കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി വേണ്ടെന്ന്‌ തീരുമാനിക്കലാകും നല്ലത്‌ എന്നായിരുന്നു എന്റെ അഭിപ്രായം. ഇത്‌ പറയാന്‍ കാരണം, വോട്ട്‌ നല്‍കുന്നതിനും രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനും പറഞ്ഞിരുന്ന സംഘടനാപരമായ ന്യായം സമുദായ താല്‍പര്യ സംരക്ഷണമാവണം എന്നതുകൊണ്ടായിരുന്നു. 25 ശൂറാ അംഗങ്ങളില്‍ ഞാന്‍ മാത്രമാണ്‌ ഈ വാദം ഉന്നയിച്ചത്‌. എന്നാല്‍ ഇത്‌ മുഖവിലക്കെടുക്കുന്നതിന്‌ പകരം നിരാശാബോധത്തില്‍ നിന്നുടലെടുത്ത ജല്‍പനങ്ങളാണിവയെന്ന മട്ടില്‍ സംസ്ഥാനത്തുടനീളം കാമ്പയിന്‍ നടത്താന്‍ ഒരു വിഭാഗം ശ്രമിച്ചു. എന്നെ പൊതുപരിപാടികളില്‍ നിന്ന്‌ മാറ്റിനിര്‍ത്തി ഒറ്റപ്പെടുത്താനും തെറ്റായ ആരോപണ പ്രചാരണത്തിനും ശ്രമമുണ്ടായി. ഈ സാഹചര്യത്തില്‍ രണ്ട്‌ മാസം മുമ്പ്‌ തന്നെ ജമാഅത്തിന്റെ ഇടത്തോട്ടുള്ള പോക്കില്‍ ഞാന്‍ വിയോജിപ്പ്‌ പ്രകടിപ്പിക്കുകയുണ്ടായി.

സംഘടനയില്‍ താങ്കളുടെ റോള്‍ എന്തായിരുന്നു?

അഖിലേന്ത്യാതലത്തില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ സംഘടനയ്‌ക്ക്‌ ഒരു സവിശേഷ സ്വഭാവമുണ്ടായിരുന്നു. സാമൂഹ്യ-രാഷ്‌ട്രീയ രംഗത്ത്‌ സംഘടന നടത്തിയ ഇടപെടലുകള്‍ പൊതുസമൂഹത്തില്‍ സംഘടനയെപ്പറ്റി മതിപ്പ്‌ വര്‍ധിക്കാന്‍ കാരണമായി. ഈ രംഗത്താണ്‌ ഞാന്‍ ശ്രദ്ധിച്ചത്‌. 2003ല്‍ സോളിഡാരിറ്റി രൂപീകൃതമായപ്പോള്‍ അതിന്റെ സെക്രട്ടറി ഞാനായിരുന്നു. 2005ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി. നീണ്ട ആറുവര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. ഈ കാലയളവില്‍ പലരുമായും ബന്ധപ്പെടാനും ആശയങ്ങള്‍ പങ്കുവെക്കാനും സാധിച്ചു.

പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ പിറവിയെക്കുറിച്ച്‌?

രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കും എന്ന്‌ പ്രഖ്യാപിച്ചത്‌ അഖിലേന്ത്യാ അമീര്‍ തന്നെയാണ്‌. അപ്പോള്‍ ആ പാര്‍ട്ടിയുടെ സ്വഭാവം എന്താകുമെന്ന്‌ ഉദ്‌ബുദ്ധരായ ജനങ്ങള്‍ക്കറിയാം. നേരത്തെ ജമാഅത്തെ ഇസ്‌ലാമിയോട്‌ സ്വീകരിച്ച നിലപാട്‌ തന്നെയായിരിക്കും പുതിയ പാര്‍ട്ടിയോടും പൊതുസമൂഹം സ്വീകരിക്കുക. വലിയൊരായുസൊന്നും പുതിയ പാര്‍ട്ടിക്കുണ്ടാവില്ല. കേരളത്തില്‍ മുന്നണികള്‍ക്ക്‌ ബദലാവുക എന്നൊക്കെ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ പൊട്ടിച്ചിരിക്കും!

ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഒരു നേതൃത്വം, അതിന്റെ രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ മറ്റൊരു നേതൃത്വം -ഇതിനെ എങ്ങനെ കാണുന്നു?

ശരിക്കും പറഞ്ഞാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയപരമായ പരാജയമാണിത്‌. രണ്ട്‌ നേതൃത്വം എന്ന്‌ പറയുന്നത്‌ ജമാഅത്തെ ഇസ്‌ലാമി ആറു പതിറ്റാണ്ടിലധികമായി വാതോരാതെ പറയുന്ന ഒരാശയത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്‌. ദീനും ദുന്‍യാവും രണ്ടാക്കലാണ്‌. കേരളത്തില്‍ മുജാഹിദുകള്‍ പറഞ്ഞിടത്താണ്‌ കാര്യങ്ങള്‍ എത്തുന്നത്‌. ഇതിന്റെ പേരിലായിരുന്നു ജമാഅത്തെ ഇസ്‌ലാമി തങ്ങളല്ലാത്ത മുസ്‌ലിംകളുടെ പേരില്‍ രാഷ്‌ട്രീയശിര്‍ക്ക്‌ ആരോപിച്ചത്‌. ഒരാള്‍ക്ക്‌ മതജീവിതവും പൊതുജീവിതവുമുണ്ടെന്ന്‌ ജമാഅത്തെ ഇസ്‌ലാമി സമ്മതിക്കുകയാവും പുതിയ സംഘടന രൂപീകരിക്കുന്നതോടെ. ഹാകിമിയ്യതുമായി ബന്ധപ്പെട്ട്‌ നടത്തിയ വാഗ്വാദങ്ങള്‍, ഇസ്‌ലാമിലെ നാല്‌ സാങ്കേതിക ശബ്‌ദങ്ങള്‍ക്ക്‌ നല്‍കിയ നിര്‍വചനം -ഇതെല്ലാം പാഴ്‌വേലയായിരുന്നു എന്ന്‌ പറയേണ്ടിവരും.

മതത്തില്‍ ഒരു സഘടന, രാഷ്‌ട്രീയത്തില്‍ മറ്റൊരു സംഘടന. ഇങ്ങനെയല്ലാതെ നിലവിലുള്ള സംഘടനയ്‌ക്ക്‌ തന്നെ രാഷ്‌ട്രീയപ്പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുകൂടേ?

ജമാഅത്തെ ഇസ്‌ലാമി ഭരണഘടന തന്നെയാണ്‌ പ്രധാന തടസ്സം. മതാധിഷ്‌ഠിത ആശയമുള്‍ക്കൊള്ളുന്നതിനാല്‍ രാഷ്‌ട്രീയപ്പാര്‍ട്ടിയാകാന്‍ സാധിക്കില്ല.

സോളിഡാരിറ്റിയുടെ സ്ഥാപക കാല നേതാക്കളില്‍ പ്രമുഖനാണ്‌ താങ്കള്‍. ആ നിലയ്‌ക്ക്‌ ആ സംഘടനയുടെ വളര്‍ച്ചയെയും പുതിയ പ്രവര്‍ത്തന ശൈലിയെയും എങ്ങനെ നോക്കിക്കാണുന്നു?

പൊളിറ്റിക്‌സും ആക്‌റ്റിവ ിസവും എന്നതാണ്‌ സോളിഡാരിറ്റിയുടെ ലൈന്‍. എന്നാല്‍ അതിന്റെ ആധിക്യം പ്രസ്ഥാന പ്രവര്‍ത്തകരുടെ ആത്മീയതയില്‍ വന്‍ ഇടിവു വരുത്തി. മാനസികമായി പാകപ്പെടാത്ത പുതിയ പ്രവര്‍ത്തകരെ നയിക്കാന്‍ നേതൃത്വത്തിന്നാവുന്നില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്‌ ശരിക്കും പ്രകടമായത്‌ നാം കണ്ടു. പ്രവര്‍ത്തകരുടെ വികാരവിക്ഷോഭങ്ങള്‍ പരിധി ലംഘിച്ചു. രാഷ്‌ട്രീയമാവുമ്പോള്‍ മതപ്രസ്ഥാനം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ ഇല്ലാതാവും. സദാചാരം തകരും. ഒന്നാം പരീക്ഷണമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്തരം ദുഷ്‌പ്രവണതകള്‍ക്ക്‌ അര ഡസന്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ പറ്റും. ജമാഅത്തെ ഇസ്‌ലാമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്‌. ഈ വക കാര്യങ്ങളെ മതവുമായി ബന്ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും സംഘടന പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും. അല്ലെങ്കില്‍ `നാട്ടുനടപ്പ്‌' എന്ന്‌ പറഞ്ഞ്‌ മൗനസമ്മതം നല്‍കേണ്ടിവരും.

പ്രസ്ഥാനത്തിലെ പുതിയ തലമുറയെക്കുറിച്ച്‌?

ജമാഅത്തെ ഇസ്‌ലാമി പാരമ്പര്യമായി ഉയര്‍ത്തിപ്പിടിച്ച സംഘടനാമൂല്യങ്ങള്‍ പുതിയ തലമുറയില്‍ ഇല്ല. (സംഘടന വിട്ടു എന്ന്‌ പ്രഖ്യാപിച്ച പത്രസമ്മേളനം കഴിഞ്ഞതു മുതല്‍ എന്റെ ഫോണിലേക്ക്‌ വരുന്ന കോളുകളും എസ്‌ എം എസ്സുകളും ഇതാണ്‌ സൂചിപ്പിക്കുന്നത്‌. ഒരു എസ്‌ എം എസ്‌ വായിച്ച മക്കള്‍ ചോദിക്കുന്നു: ഇത്തരമാള്‍ക്കാരുടെ കൂടെയായിരുന്നോ ഉപ്പ ഇതുവരെ നിലകൊണ്ടിരുന്നത്‌?) വിമര്‍ശകരെ അരിഞ്ഞുവീഴ്‌ത്താനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. എതിരാളി നശിച്ചുകാണണം എന്ന തോന്നലില്‍ നിന്നാണ്‌ ഇതുണ്ടാവുന്നത്‌. പ്രസംഗങ്ങളും പ്രഭാഷണങ്ങളും ആ വഴിക്ക്‌ നീങ്ങുന്നു. ശാപപ്രാര്‍ഥനകള്‍ വരെ നടത്തുന്നു. അതിരുകടന്ന പ്രയോഗങ്ങള്‍ ഉണ്ടാവുന്നു.

സംഘടനാപരമാണോ ഈ വിമര്‍ശനങ്ങള്‍?

അല്ല. അങ്ങനെയെങ്കില്‍ പഴയ തലമുറയില്‍ കാണേണ്ടതല്ലേ? സംഘടനാ താല്‍പര്യം വഴിമാറിപ്പോയതിന്റെ ഫലമാണ്‌. സമൂഹത്തെ എങ്ങനെ നയിക്കണമെന്നറിയില്ല. ഒറ്റപ്പെടലില്‍ നിന്നുണ്ടാകുന്നതാണ്‌ ഈ രൂക്ഷ വിമര്‍ശനങ്ങള്‍. മുന്‍ഗണന ക്രമത്തില്‍ സംഘടന ആദ്യമേ വരികയും സമുദായവും സമൂഹവും പിന്നീട്‌ വരികയും ചെയ്യുന്നു.

ജമാഅത്തെ ഇസ്‌ലാമി മുജാഹിദുകളുമായാണ്‌ കൂടുതല്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാറ്‌. എന്താണ്‌ കാരണം?

കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ അയഞ്ഞ നിലപാടാണ്‌ ജമാഅത്തിനുള്ളത്‌. സുന്നികളുടെ ആചാരരീതികളെ ഉള്‍ക്കൊള്ളുന്നതില്‍ സംഘടനയ്‌ക്ക്‌ പ്രയാസമുണ്ടാവുന്നില്ല. അതേസമയം ജമാഅത്തെ ഇസ്‌ലാമി ഉര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയ നിലപാട്‌, ഹാകിമിയ്യത്തില്‍ നിന്നാരംഭിക്കുന്ന വാദങ്ങള്‍ ഇവയെ മുജാഹിദുകളാണ്‌ വിമര്‍ശിക്കാറ്‌. ഇതാകട്ടെ ജമാഅത്തെ ഇസ്‌ലാമിയുടെ അസ്‌തിത്വത്തെ ചോദ്യം ചെയ്യുന്നതാണ്‌. ഇതുകൊണ്ട്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ടാര്‍ജറ്റ്‌ ഗ്രൂപ്പുകളില്‍ മുജാഹിദുകള്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്‌.

ജമാഅത്തെ ഇസ്‌ലാമിയുടെ കേഡര്‍ സംവിധാനത്തെ എങ്ങനെ വിലയിരുത്തുന്നു?

ഇതിന്റെ മതപരമായ വശം എന്തെന്ന്‌ പരിശോധിക്കപ്പെടണം. അതേസമയം സംഘടനയ്‌ക്കപ്പുറമുള്ള എല്ലാറ്റിനോടും അസഹിഷ്‌ണത ഉണ്ടാകുന്നത്‌ കേഡര്‍ സംവിധാനം കൊണ്ടാണ്‌. നേരത്തെ സൂചിപ്പിച്ചപോലെ ശത്രുക്കളെ അടച്ചാക്ഷേപിക്കുന്നതും മറ്റും ഇതിന്റെ ഭാഗമാണ്‌. കേഡര്‍ സംവിധാനമുള്ള സി പി എം, ബി ജെ പി പോലുള്ള സംഘടനകളില്‍ കാണുന്ന വൈകല്യം ഇതിലും ദൃശ്യമാകും. സംഘടന വിട്ട ശേഷം വന്ന ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ സംഘടന നാളിതുവരെ നടത്തിയ തര്‍ബിയത്തു ക്ലാസുകള്‍ കൊണ്ട്‌ ഒരു പ്രയോജനവും ഉണ്ടായില്ലെന്ന്‌ തോന്നിപ്പോകും.

വിമര്‍ശകരെ ശത്രുക്കളായിക്കാണുന്ന സമീപനത്തെക്കുറിച്ച്‌ പറഞ്ഞല്ലോ. ഡോ. എം കെ മുനീര്‍, കെ എം ഷാജി തുടങ്ങിയവരോടൊക്കെയുള്ള ജമാഅത്ത്‌ നേതൃത്വത്തിന്റെ വൈരാഗ്യ മനോഭാവം അതിനുദാഹരണമാണോ?

സമുദായത്തിനകത്തു നിന്നുള്ള വിമര്‍ശനങ്ങളെയാണ്‌ ജമാഅത്ത്‌ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്‌. അതേസമയം മുനീറും ഷാജിയും ഉന്നയിച്ചതിനെക്കാള്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ച പിണറായി വിജയനെ വിമര്‍ശിക്കുന്നില്ല. മറിച്ച്‌ പിന്തുണയുമായി വീണ്ടും അങ്ങോട്ട്‌ ചെല്ലുകയാണ്‌. ഇതാണ്‌ വൈരുധ്യം. ഇതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌. ഒന്ന്‌, പിണറായി സംഘടനയെ കുറിച്ച്‌ പൊതുസമൂഹത്തില്‍ ഇളക്കിവിട്ട ധാരണ ഇല്ലാതാക്കുക. അതിന്‌ അവരുമായി സൗഹൃദം സ്ഥാപിക്കുക. മുനീറും ഷാജിയും സംഘടനയെക്കുറിച്ച്‌ ഉന്നയിക്കുന്ന തീവ്രവാദ, ഭീകരവാദ പ്രയോഗങ്ങള്‍ ഒറ്റുകാരന്റെ ലേബലിലാക്കുക. കടുത്ത നിലപാടില്‍ പ്രതികരിക്കുക.

കാല്‍ നൂറ്റാണ്ട്‌ കാലത്തോളം താങ്കള്‍ ജമാഅത്തിനൊപ്പം യാത്ര ചെയ്‌തു. മാറിയ നേതൃത്വങ്ങളെ അടിത്തറിഞ്ഞു. എന്തു തോന്നുന്നു?

1988ലാണ്‌ ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ചേരുന്നത്‌. ഈ കാലയാളവില്‍ രാഷ്‌ട്രീയ, സാമൂഹ്യരംഗത്തെ പലരുമായി സൗഹൃദം പങ്കുവെക്കാനും ആശയം കൈമാറാനും അവസരം ലഭിച്ചു. മുന്‍ അമീര്‍ കെ എ സിദ്ദീഖ്‌ ഹസന്‍ സാഹിബിന്റെ കാലഘട്ടത്തിലുണ്ടായ സ്വീകാര്യത ജമാഅത്തെ ഇസ്‌ലാമിക്ക്‌ കുറഞ്ഞുവരികയാണ്‌. സമുദായത്തിലെയും സമൂഹത്തിലെയും വ്യത്യസ്‌ത മേഖലകളിലെ ആളുകളെ മുഖവിലക്കെടുക്കാന്‍ പിന്നീട്‌ വന്ന നേതൃത്വത്തിന്‌ സാധിച്ചില്ല. പ്രസ്‌തുത കാലഘട്ടത്തിലാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ പബ്ലിക്‌ റിലേഷന്‍ ഏറ്റവും ഫലപ്രദമായത്‌. പിന്നീട്‌ ഇതിന്‌ മാറ്റംവന്നു. കാലവും സമയവും വൃഥാവിലാക്കുന്ന ഏര്‍പ്പാടായി സംഘടനാ പ്രവര്‍ത്തനം മാറുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌.

കാല്‍ നൂറ്റാണ്ട്‌ കാലത്തോളം താങ്കള്‍ ജമാഅത്തിനൊപ്പം യാത്ര ചെയ്‌തു. മാറിയ നേതൃത്വങ്ങളെ അടിത്തറിഞ്ഞു. എന്തു തോന്നുന്നു?


കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ എം ഐ ഷാനവാസിന്‌ പിന്തുണ നല്‌കിയതുമായി ബന്ധപ്പെട്ട്‌ താങ്കള്‍ ചില വഴിവിട്ട നീക്കങ്ങള്‍ നടത്തിയതായി പരാതിയുണ്ടല്ലോ?

വയനാട്‌ മണ്ഡലത്തില്‍ എം ഐ ഷാനവാസിന്‌ പിന്തുണ നല്‌കാന്‍ ജമാഅത്തെ ഇസ്‌ലാമി ഐകകണ്‌ഠ്യേനയാണ്‌ തീരുമാനമെടുത്തത്‌. പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ ഷാനവാസിനെ നേതൃത്വവുമായി ബന്ധിപ്പിച്ചത്‌ ഞാനാണ്‌. ഷാനവാസിന്‌ പിന്തുണ വാങ്ങിക്കൊടുത്തതിന്റെ മറവില്‍ ഞാന്‍ കമ്മീഷന്‍ പറ്റി എന്ന വിലകുറഞ്ഞ ദുരാരോപണങ്ങളുമായി ഇപ്പോള്‍ ചിലര്‍ രംഗത്തുണ്ട്‌. അടിസ്ഥാനരഹിതമാണത്‌. അങ്ങനെ ആരോപിക്കുന്നത്‌ ചില ലക്ഷ്യത്തോടെയാണ്‌. ആ വാദം ശരിയാണെന്നു വന്നാല്‍ വോട്ടുമറിക്കാന്‍ ജമാഅത്ത്‌ പണം പറ്റി എന്നാണുവരുന്നത്‌. കാരണം, ജമാഅത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മാത്രമാണ്‌ ഞാന്‍ ഷാനവാസുമായി ബന്ധപ്പെട്ടത്‌!

സാമ്രാജ്യത്വം, ആണവ കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാട്‌ തന്നെയല്ലേ ഷാനവാസിനും. അപ്പോള്‍ ഷാനവാസിനെ പിന്തുണച്ചത്‌ എങ്ങനെ ന്യായീകരിക്കും?

ഷാനവാസിന്‌ മാത്രമല്ല, ഇന്ത്യയില്‍ ഇരുനൂറിലധികം കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്‌തിട്ടുണ്ട്‌. ഷാനവാസിനെപ്പോലുള്ള ഒരാള്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ അത്‌ മുസ്‌ലിംകള്‍ക്ക്‌ ഗുണകരമാവും എന്ന്‌ മാത്രമേ പിന്തുണയുമായി ബന്ധപ്പെട്ട്‌ കരുതിയുള്ളൂ.

കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജമാഅത്ത്‌ നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണി മത്സരിക്കുകയുണ്ടായല്ലോ. കനത്ത തിരിച്ചടിയാണ്‌ മത്സരരംഗത്ത്‌ ജമാഅത്തിന്നുണ്ടായത്‌. അതേക്കുറിച്ച്‌ പുനരാലോചന നടത്തിയിരുന്നോ?

പ്രായോഗിക രാഷ്‌ട്രീയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പരിമിതി ശരിക്കും ബോധ്യപ്പെടുത്തുന്നതായിരുന്നു തെരഞ്ഞെടുപ്പ്‌ മത്സരം. പ്രവര്‍ത്തകരില്‍ അമിത ആത്മവിശ്വാസമാണ്‌ നേതൃത്വം ഉണ്ടാക്കിയത്‌. പ്രത്യേകിച്ച്‌ വനിതാ പ്രവര്‍ത്തകരില്‍. പ്രചാരണം കൊടുമ്പിരി കൊള്ളുന്ന ഘട്ടത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച എനിക്ക്‌ ബോധ്യമായ കാര്യങ്ങള്‍ ഞാന്‍ നേതൃത്വവുമായി പങ്കുവെച്ചിരിന്നു. പരമാവധി 25 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന്‌ എനിക്ക്‌ ബോധ്യമായിരുന്നു. ഇത്‌ തുറന്നുപറയണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാതായാല്‍ പ്രസ്ഥാനപ്രവര്‍ത്തകരില്‍ മനോരോഗികള്‍ വര്‍ധിക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു.


ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ്‌ നയങ്ങള്‍ വികലവും യുക്തിഹീനവുമാണെന്നാണോ പുതിയ അനുഭവങ്ങള്‍ അടിവരയിടുന്നത്‌?

ദീര്‍ഘവീക്ഷണമില്ലാതെ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ ഇടപെട്ടതുകൊണ്ട്‌ നിരവധി പ്രശ്‌നങ്ങളുണ്ടായി. ഓരോന്നിനെയും മറികടക്കാന്‍ പിന്നീട്‌ വിശദീകരണങ്ങള്‍ കണ്ടെത്തേണ്ട ഗതികേട്‌. ഇതിനായി സംഘനയുടെ വിലപ്പെട്ട ഊര്‍ജം ചെലവഴിക്കേണ്ടി വരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ്‌ നയങ്ങള്‍ ക്രോഡീകരിച്ചാല്‍ അത്‌ ലോകത്തെ ഏറ്റവും കൂടുതല്‍ വൈരുധ്യങ്ങളടങ്ങിയ പുസ്‌തകമായിരിക്കും.

ഭാവി പരിപാടി?

പെട്ടെന്ന്‌ ഒരു സംഘടനാ മാറ്റം ഉദ്ദേശിക്കുന്നില്ല. സാവധാനം ആലോചിച്ച്‌ തീരുമാനിക്കും. നിലവിലുള്ള സംഘടിത മുസ്‌ലിം രാഷ്‌ട്രീയപ്പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള എളിയ ശ്രമങ്ങള്‍ നടത്തും. പാര്‍ലമെന്ററി താല്‌പര്യമില്ല. ദിവസം പതിനെട്ട്‌ മണിക്കൂര്‍ ജോലി ചെയ്യുന്ന ഞാന്‍ വെറുതെയിരിക്കില്ല. എല്ലാം തെളിയട്ടെ. വായനയ്‌ക്കും എഴുത്തിനും സമയം നീക്കിവെക്കും. സമൂഹത്തിനും സമുദായത്തിനും വേണ്ടി കുറച്ചെങ്കിലും ചെയ്യണമെന്നുണ്ട്‌. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്‌ യോജിക്കാന്‍ പറ്റിയ മേഖലയില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കും.


http://shababweekly.net/index.php?option=com_content&view=article&id=749

image credit:  http://kvartha.com/jama-ath-gives-explanation-organsization-is-not-an-individual-100487.html

സാമ്യതയുള്ള പോസ്റ്റുകള്‍

5 മറുപടികള്‍ ഇവിടെ:

Anvar Vadakkangara പറഞ്ഞു...

ഒരു ചെടി നട്ടതിന്റെ പേരില്‍, മുസ്ലിം പണ്ഡിതന്മാര്‍ ഒപ്പമിരുന്നതിന്റെ പേരില്‍ രണ്ടായി പിളര്‍ന്നവര്‍.. സംഘടനയുടെ പേരിന്റെ ഉടമസ്ഥാവകാശതിന്റെ പേരില്‍ ഇന്നും കോടതിയി കയറി ഇറങ്ങുന്നവര്‍ 25 ശൂറാ അംഗങ്ങള്‍ ഞാന്‍ പറഞ്ഞതു കേട്ടില്ല എന്ന വിഷമത്തില്‍ തെറ്റി പോന്നത് ജാപ്പാന്‍ സുനാമി പോലെ കേരള മുസ്ലിം രാഷ്ട്രീയത്തിലെ ഫയങ്കര സംഭവം തന്നെ
മാധവന്‍ കുട്ടിയെ ജയിപ്പിച്ചു താമര വിരിയിപ്പിക്കലായിരുന്നോ മുജാഹിദുകള്‍ക്ക് പണി എന്ന് ചോദിച്ചാല്‍ എന്തായിരിക്കും മറുപടി..
ജമകളുടെ പുതിയ പാര്‍ട്ടി രൂപീകരണ വാര്‍ത്ത ജന്മഭൂമിയും വര്‍ത്തമാനവും റിപ്പോര്‍ട്ട് ചെയ്ത രീതി കണ്ടാല്‍ പഴയ ബന്ടം ഇപ്പോഴും ഊഷ്മളമായി തുടരുന്നു എന്നും മനസ്സിലാക്കാം

2011, ഏപ്രിൽ 21 1:18 PM
Noushad Vadakkel പറഞ്ഞു...

>>>>ഒരു ചെടി നട്ടതിന്റെ പേരില്‍, മുസ്ലിം പണ്ഡിതന്മാര്‍ ഒപ്പമിരുന്നതിന്റെ പേരില്‍ രണ്ടായി പിളര്‍ന്നവര്‍.. <<<

അന്‍വര്‍ വടക്കാങ്ങര എന്ന മുന്‍ 'സിമി'ക്കാരന്റെ അജ്ഞതയുടെ ആഴം ഈ ഒരു ഉദ്ധരനിയില്‍ തന്നെ വ്യക്തം ...അതോ എന്ത് എവിടെ പറയുന്നു എന്ന് തിരിച്ചറിയുവാനുള്ള ബോധം ഇത്ര പ്രായമായിട്ടും ഇല്ലാഞ്ഞിട്ടോ ? വിവരക്കേടിന് മറുപടി പറഞ്ഞു സമയം കളയുന്നില്ല...
അത് കൊണ്ട് തന്നെ താങ്കളെ നല്ല നടപ്പിന് വിട്ടിരിക്കുന്നു ..

2011, ഏപ്രിൽ 21 2:02 PM
Anvar Vadakkangara പറഞ്ഞു...

അറിയാത്തവര്‍ക്ക് അറിവുള്ളവര്‍ തിരുത്തി കൊടുക്കണം
സമസ്തയും കെ എന്‍ എമും പിളരാന്‍ കാരണമെന്ത്?
ആ പിളര്പ്പാണോ വാണിമേലിന്റെ രാജിയാണോ വലിയ വിഷയം

മാധവന്‍ കുട്ടിയെ ജയിപ്പിച്ചു താമര വിരിയിപ്പിക്കലായിരുന്നോ മുജാഹിദുകള്‍ക്ക് പണി എന്ന് ചോദിച്ചാല്‍ എന്തായിരിക്കും മറുപടി..

മറുപടി മെയില്‍ വഴി എങ്കിലും പ്രതീക്ഷിക്കുന്നു. anvarvadakkangara@yahoo.com

2011, ഏപ്രിൽ 22 12:15 AM
Anvar Vadakkangara പറഞ്ഞു...

ഹമീദ്‌ വാണിമേല്‍ ഇന്ന് ലീഗില്‍ ചേരുന്നു. (മലയാളം ന്യൂസ്‌) ജമകളുടെ വോട്ട്‌ ശിര്‍ക്ക് ഫതവ ശരിയോ തെറ്റോ എന്ന കാര്യത്തില്‍ അദ്ധേഹത്തിന്റെ നിലപാട് എന്ത്?!

2011, ഏപ്രിൽ 23 12:58 PM
Mohammed Ridwan പറഞ്ഞു...

അസ്സലാമു അലൈകും.
ഇടത്തോട്ടു വഴികാട്ടുന്നു എന്നതാണ് കുറ്റം എങ്കില്‍,
ഇടതിന് (സ്ഥിരമായി) വോട്ടു ചെയ്യുന്ന മുജാഹിദ് പ്രവര്‍ത്തകരുടെ കാര്യമോ?
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് പണിയെടുക്കുകയും വിയര്‍പ്പോഴുക്കുകയും ചെയ്യുന്ന, ചിലപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് വേണ്ടി മരിക്കാന്‍ വരെ തെയ്യാറാകുന്ന മുജാഹിദ് പ്രവര്‍ത്തകരുടെ കാര്യമോ? ഇവരെയൊക്കെ ആരാണ് ഇടത്തോട്ടു തിരിക്കുന്നത്? ഇനി ഇവരെയൊക്കെ ആര് വലത്തോട്ട് തിരിക്കും?
ഇനി ചരിത്രം നോക്കുകയാണെങ്കില്‍ 67-ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ലീഗ് പങ്കാളിയായപ്പോള്‍ അന്നത്തെ പണ്ഡിതന്മാര്‍ അതിനു പൂര്‍ണ പിന്തുണ നല്‍കിയതോ?
ഇനി മുജാഹിട് പ്രസ്ഥാനത്തിന് പ്രത്യേക രാഷ്ട്രീയ നിലപാടില്ല എന്നാണു നിങ്ങള്‍ പറയുന്നതെങ്കില്‍ ഒരു നിലപാട് സ്വീകരിക്കുന്ന ജ.ഇസ്ലാമിയെ വിമര്‍ശിക്കാന്‍ 'ശബാബ്'-നു അര്‍ഹതയുണ്ടോ?

2011, മേയ് 10 5:18 PM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails