ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

ചില പ്രത്യയശാസ്‌ത്ര വിഷാദങ്ങള്‍

                                                                                  അനന്തരം \ ബാബു ഭരദ്വാജ്‌
_ചില പ്രത്യയശാസ്‌ത്ര വിഷാദങ്ങള്‍_

`നൂറല്ല, നൂറായിരം പാപത്തിന്‍
ശവംനാറിപ്പൂവുകള്‍
വിരിയിക്കും കാടത്തം വളരുന്നു'
എന്ന്‌ പണ്ട്‌ പാടിയത്‌ ഒ.എന്‍.വി കുറുപ്പാണ്‌. അന്ന്‌ ആ പാട്ടുകേട്ട്‌ കലിതുള്ളിയ തലമുറയില്‍പെട്ടവനാണ്‌ ഞാന്‍. അന്ന്‌ കമ്മ്യൂണിസത്തെ കാടത്തമെന്ന്‌ വിളിക്കാന്‍ ഒ.എന്‍.വിക്ക്‌ എങ്ങനെ ചങ്കുറപ്പ്‌ വന്നുവെന്ന്‌ എന്റെ തലമുറ അതിശയിച്ചിരുന്നു. കമ്മ്യൂണിസത്തെയല്ല, കമ്മ്യൂണിസത്തിന്റെ പേരില്‍ ഏകാധിപതികളായവരെക്കുറിച്ചാണ്‌ കവിവചനം എന്ന്‌ മനസ്സിലാക്കാനുള്ള വിവേകം ഞങ്ങള്‍ക്കില്ലാതെപോയി. ഇന്നാ കവിത ഒരിക്കല്‍കൂടി കേള്‍ക്കേണ്ടിവരുമ്പോള്‍ ഈ കാലത്തിനും അതുകൊണ്ട്‌ ഏത്‌ കാലത്തിനും ചേര്‍ന്ന കവിതയാണ്‌ അതെന്ന്‌ ഉള്‍ക്കൊള്ളാന്‍ ആവുന്നുണ്ട്‌. ഇന്നത്തെ രാഷ്‌ട്രീയ കേരളത്തിന്റെ നേര്‍സാക്ഷ്യമാണത്‌.

`പൊന്നരിവാള്‍ അമ്പിളി'യില്‍ കണ്ണെറിഞ്ഞ്‌ നില്‍ക്കുന്ന മാനവികതയെ വിളംബരംചെയ്‌ത കവിയാണ്‌ ഒ.എന്‍.വി. `പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകാരനാണ്‌' എന്ന്‌ പറഞ്ഞതും ഒ.എന്‍.വി തന്നെ. ഈ ഒറ്റപ്പാട്ടിലൂടെ ജനലക്ഷങ്ങളെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക്‌ ആനയിച്ച കവിയാണ്‌ ഒ.എന്‍.വി. വടിവാളിനെക്കാള്‍ മൂര്‍ച്ചയുള്ള പാട്ടുകൊണ്ട്‌.

`നൂറുപൂക്കള്‍ വിരിയട്ടെ'യെന്നും `നൂറ്‌ ചിന്തകള്‍ ഉണരട്ടെ'യെന്നുമുള്ള മാവോവചനം പ്രചുരപ്രചാരത്തിലായ കാലത്താണ്‌ ഒ.എന്‍.വി നൂറായിരം ശവംനാറിപ്പൂവുകളെക്കുറിച്ച്‌ പറഞ്ഞത്‌.
നൂറല്ല ഒരൊറ്റപ്പൂവുപോലും വിരിയാന്‍ അനുവദിക്കാത്ത കാലത്താണ്‌ നമ്മള്‍ ജീവിക്കുന്നത്‌. നൂറല്ല ഒരൊറ്റ ചിന്തപോലും ഉണരാന്‍ അനുവദിക്കാത്ത രാഷ്‌ട്രീയ കാലാവസ്ഥയാണ്‌ കേരളത്തിന്റേത്‌. പാര്‍ട്ടി സെക്രട്ടറിയാണ്‌ എല്ലാവര്‍ക്കും വേണ്ടി ചിന്തിക്കേണ്ടത്‌.
മറ്റുള്ളവര്‍ ചിന്തിച്ചാല്‍ അത്‌ വിഭാഗീയതയായി. മറുചിന്തയുള്ളവര്‍ മുഴുവനും ശത്രുക്കളാണ്‌. മറിച്ച്‌ ചിന്തിക്കുന്നവരെ മുഴുവനും ഇല്ലാതാക്കണം, വകവരുത്തണം. പാര്‍ട്ടിക്കുള്ളില്‍ തരിമ്പും ജനാധിപത്യം പാടില്ല. പാര്‍ട്ടി അണികള്‍ മുഴുവനും അനുസരണയുള്ള കുഞ്ഞാടുകളായിരിക്കണം. അതാണ്‌ ലെനിനിസ്റ്റ്‌ രീതിയിലുള്ള ജനാധിപത്യ കേന്ദ്രീകരണം എന്നവര്‍ പറയുന്നു. ആര്‍ക്കും തെറ്റുപറ്റാം. 
 
എന്നാല്‍ പാര്‍ട്ടിക്ക്‌ തെറ്റുപറ്റില്ല. പാര്‍ട്ടി ചെയ്യുന്നതൊക്കെ ശരിയാണെന്നും അവര്‍ വാദിക്കുന്നു. പാര്‍ട്ടിക്ക്‌ ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കില്ലെന്ന്‌ പറഞ്ഞാല്‍ മറ്റുള്ളവര്‍ അത്‌ അംഗീകരിക്കണം. ക്രൂരമായ കൊലപാതകത്തെക്കുറിച്ച്‌ അന്വേഷിക്കാനേ പാടില്ല എന്നാണവര്‍ വാദിക്കുന്നത്‌. അന്വേഷിക്കുകയാണെങ്കില്‍ അവര്‍ പറയുന്ന രീതിയിലായിരിക്കണം അന്വേഷിക്കേണ്ടത്‌.

അതാണിതുവരെയുള്ള നാട്ടുനടപ്പ്‌. നാട്ടുനടപ്പ്‌ തെറ്റിക്കാന്‍ പാടില്ല. കുറേ വര്‍ഷങ്ങളായി അതാണതിന്റെ രീതി. പാര്‍ട്ടിക്കെതിരെ നില്‍ക്കുന്നവരെ അവര്‍ കൊല്ലും. കൊന്നാല്‍ കേസ്സും കൂട്ടവുമൊക്കെയുണ്ടാവും. അതിനാണല്ലോ കോടതിയും പൊലീസുമൊക്കെ. അതിനാണല്ലോ അവര്‍ക്കൊക്കെ ചൊല്ലിനും ചെലവിനും കൊടുക്കുന്നത്‌. കൊലപാതകം നടന്നു കഴിഞ്ഞാല്‍ പാര്‍ട്ടി പൊലീസിന്‌ ഒരു ലിസ്റ്റ്‌ കൊടുക്കും. ആ ലിസ്റ്റിലുള്ളവരെ അറസ്റ്റ്‌ ചെയ്യാം, ജയിലിലിടാം, ശിക്ഷിക്കാം. അവര്‍ക്കാ കൊലപാതകത്തില്‍ പങ്കുണ്ടാവണമെന്നില്ല. പാര്‍ട്ടിക്കുവേണ്ടി കുറ്റം ഏറ്റവരുടെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. കൊന്നവരും കൊല്ലാന്‍ പഠിച്ചവരും പുറത്ത്‌ വിഹരിക്കും. അവരെ തൊടാന്‍ പാടില്ല. കാരണം അവരെ പാര്‍ട്ടിക്ക്‌ ഇനിയും ആവശ്യമുണ്ട്‌. അവരെ തൊട്ടാല്‍ കളിമാറും. ഇടതുപക്ഷ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍വേണ്ടി ഭരണകൂടം കച്ചകെട്ടിയിറങ്ങുന്നുവെന്ന്‌ വിളിച്ചുകൂവും. അവരെ തൊട്ടാല്‍ `ഈ പാര്‍ട്ടി' തീപ്പന്തമാവും എന്നൊക്കെ അലറും. ഇതൊക്കെ കേട്ട്‌ ഞെട്ടിത്തെറിക്കുന്നവരുണ്ടാവാം.

ജനാധിപത്യമല്ലേ, ഭരണം മാറിമാറി വരും എന്നൊക്കെ കരുതുന്ന പൊലീസുകാരും ന്യായാധിപരും ഈ ഭീഷണിക്ക്‌ വഴങ്ങിയേക്കാം. എന്നാല്‍ ഇനി അത്‌ പാടില്ലെന്ന്‌ കരുതുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ്‌ കരുതേണ്ടത്‌. ഒരു വലിയ വിഭാഗം പൊതു സമൂഹം ഈ അനീതിക്കെതിരെ ഉണര്‍ന്നുകഴിഞ്ഞെന്നാണ്‌ കാലത്തിന്റെ ചുവരെഴുത്ത്‌ വായിക്കാന്‍ കഴിവുള്ളവര്‍ മനസ്സിലാക്കുന്നത്‌; മനസ്സിലാക്കേണ്ടത്‌. ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്‌ പുറത്തല്ലെന്നും അകത്തുതന്നെയാണെന്നും ജനങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കിക്കഴിഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തെ നയിക്കുന്നവര്‍ എന്ന്‌ പറയുന്നവര്‍ തന്നെയാണ്‌ അതിന്റെ തലപ്പത്തിരുന്ന്‌ ഇടതുപക്ഷ പ്രസ്ഥാനത്തെ കഷ്‌ണം കഷ്‌ണമാക്കി അരുംകൊല നടത്തിക്കൊണ്ടിരിക്കുന്നത്‌. അതുകൊണ്ട്‌ പാര്‍ട്ടിയുടെ വെളിച്ചപ്പാടന്‍മാര്‍ തുള്ളിയലറി വിളിച്ചിട്ടൊന്നും കാര്യമില്ല. അവരുടെ കല്ലേല്‍ പിളര്‍ക്കുന്ന കല്‍പ്പനകള്‍ കേള്‍ക്കാന്‍ ആരും മേല്‍മുണ്ടെടുത്ത്‌ അരക്കുകെട്ടി താണുവണങ്ങി നില്‍ക്കുകയുമില്ല.

പാര്‍ട്ടി എതിരാളികളെ നേരിടുന്നത്‌ പ്രത്യയശാസ്‌ത്രം കൊണ്ടാണെന്ന്‌ ദല്‍ഹിയില്‍നിന്ന്‌ ഇടക്കൊക്കെ പെട്ടിയുംതൂക്കി കേരളത്തിലെത്തുന്ന പ്രകാശ്‌ കാരാട്ടിന്‌ പറയാം. എന്നാല്‍ കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക്‌ അങ്ങനെ പറയാന്‍ പറ്റില്ല. ഇടക്കൊക്കെ പ്രത്യയശാസ്‌ത്രത്തെക്കുറിച്ചോര്‍മിപ്പിക്കാനാണല്ലോ പ്രകാശ്‌ കാരാട്ടിനെ അവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. പ്രത്യയശാസ്‌ത്രം പാതിരിയും കപ്യാരും മാത്രം പഠിച്ചാല്‍ മതിയെന്ന്‌ കരുതുന്നവരാണ്‌ എണ്ണത്തില്‍ കൂടുതല്‍. പ്രത്യയശാസ്‌ത്രം പഠിക്കാനും പ്രസംഗിക്കാനും നിയോഗിക്കപ്പെട്ട പാതിരിമാരും കപ്യാരുമാരുമാണ്‌ പോളിറ്റ്‌ ബ്യൂറോയും കേന്ദ്രകമ്മിറ്റിയുമൊക്കെ. അതവര്‍ ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്‌. സംസ്ഥാനത്ത്‌ ദൈനംദിന രാഷ്‌ട്രീയത്തില്‍ ഇടപെടുന്നവര്‍ക്ക്‌ പ്രത്യയശാസ്‌ത്രം നോക്കി പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ പറ്റില്ല. അതുകൊണ്ടവര്‍ സെക്രട്ടറിയുടെ ചിന്തകള്‍ക്കെതിരെ നില്‍ക്കുന്നവരെ വാളുകൊണ്ട്‌ അരിഞ്ഞുതള്ളുന്നു. വാളിന്‌ അലകും പിടിയുമൊക്കെയുണ്ട്‌. പ്രത്യയശാസ്‌ത്രത്തിന്‌ അതില്ല. പ്രത്യയശാസ്‌ത്രം എന്ന `കുന്ത്രാണ്ടം' എന്താണെന്ന്‌ അറിയാത്തവരാണ്‌ ബഹുഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും. ഇത്‌ പാര്‍ട്ടിക്ക്‌ പുറത്ത്‌ നില്‍ക്കുന്നവര്‍ പറയുന്നതല്ല, പാര്‍ട്ടിതന്നെ പറയുന്നതാണ്‌. പാര്‍ട്ടിയെ പ്രത്യയശാസ്‌ത്രത്തിന്റെ പടച്ചട്ടയണിയിക്കുമെന്ന്‌ ഇടക്കൊക്കെ പ്രമേയങ്ങളിലൂടെ പാര്‍ട്ടി പറയാറുണ്ട്‌. പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടേയും സമ്മേളനങ്ങളുടേയും നിലപാട്‌ തറകളില്‍ നിന്നാണവര്‍ ഇതൊക്കെ പറയാറ്‌.

മാമാങ്കത്തിലാണ്‌ നിലപാട്‌ തറയുള്ളത്‌. പാര്‍ട്ടി കോണ്‍ഗ്രസ്സും ഒരു മാമാങ്കം തന്നെയാണ്‌. മാമാങ്കം ഒരു നാടകമാണെന്ന്‌ ചരിത്ര കുതുകികള്‍ക്കറിയാം. പാര്‍ട്ടി കോണ്‍ഗ്രസ്സും ഇങ്ങനെ പ്രത്യയശാസ്‌ത്രം ഛര്‍ദിക്കാനുള്ള നിലപാടുതറയായി മാറിക്കഴിഞ്ഞിട്ട്‌ കാലമേറെയായി.
പാര്‍ട്ടി മുതലാളിത്തത്തിന്റെ വൈതാളികരായി മാറിക്കഴിഞ്ഞുവെന്നാണ്‌ പാര്‍ട്ടിയില്‍നിന്ന്‌ ഭിന്നിച്ചുനില്‍ക്കുന്നവര്‍ പറയുന്നത്‌. പാര്‍ട്ടി ഒരു മുതലാളിയെപ്പോലെ പെരുമാറുന്നുവെന്ന്‌ പാര്‍ട്ടിക്ക്‌ പുറത്തുള്ളവരും പറയുന്നു. പാര്‍ട്ടി മുതലാളിയുടെ നീതിയും നെറിയും കാണിച്ചുകൊടുത്ത സംഭവമാണ്‌ കൂത്തുപറമ്പിലും വടകരയിലും നടന്നത്‌. കുറേയേറെ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്‌തിട്ടും ലോക്കപ്പിലിട്ടിട്ടും അനങ്ങാതിരുന്ന പാര്‍ട്ടി പാര്‍ട്ടിയുടെ ഒരു ഓഫീസ്‌ ജീവനക്കാരനെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ സടകുടഞ്ഞെണീറ്റു. അതൊരു നല്ല മുതലാളിയുടെ ലക്ഷണമാണ്‌. ഒരു നല്ല മുതലാളി എപ്പോഴും വീട്ടുകാര്‍ക്ക്‌ വേണ്ടിയല്ല നിലകൊള്ളേണ്ടത്‌. അയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനുവേണ്ടിയാണ്‌.
 
 അറസ്റ്റ്‌ ചെയ്‌തയാളെ പുറത്തിറക്കാന്‍ ഒരു നേതാവുതന്നെ കുത്തിയിരിപ്പ്‌ സമരം നടത്തി. പ്രവര്‍ത്തകര്‍ നഷ്‌ടപ്പെട്ടാലും കുഴപ്പമില്ല. ശമ്പളം പറ്റുന്ന ജീവനക്കാരന്‍ നഷ്‌ടപ്പെട്ടുകൂട എന്ന്‌ വിചാരിക്കുന്നത്‌ മഹത്തായ `മാനവികത`യായിരിക്കണം. കൂത്തുപറമ്പിലെ പാര്‍ട്ടി ഓഫീസ്‌ രാവും പകലും കാത്തുസൂക്ഷിക്കുന്നത്‌ അയാളാണ്‌. മെയ്‌ അഞ്ചാം തീയതിയിലെ കൊച്ചുവെളുപ്പാന്‍ കാലത്തോ അതിന്‌ മുന്‍പോ പാര്‍ട്ടി ഓഫീസില്‍ അയാളാരെയാണ്‌ കാത്തിരുന്നത്‌? ഇത്തരം ചോദ്യങ്ങളെല്ലാം ഇനി ചോദിക്കപ്പെട്ടേക്കാം. അന്നുരാത്രി അയാള്‍ക്കൊപ്പം ഏതൊക്കെ നേതാക്കള്‍ അവിടെ ഉറക്കമൊഴിച്ചെന്ന ചോദ്യവും ഇനി ഉയര്‍ന്നേക്കാം. പൊലീസ്‌ കസ്റ്റഡിയില്‍ കഴിഞ്ഞ കുറേയേറെ മണിക്കൂറുകള്‍ക്കുള്ളില്‍ പറയേണ്ടത്‌ പലതും അയാള്‍ പറഞ്ഞുകഴിഞ്ഞെന്നാണ്‌ അറിയുന്നത്‌. ഒരുപക്ഷെ പറയാന്‍ ഇനി പലതും ബാക്കിയുണ്ടായേക്കാം. അതൊക്കെ പറയാതിരിക്കാന്‍ വേണ്ടിയായിരിക്കണമല്ലോ ഇത്ര തിരക്കിട്ട്‌ ബഹളംകൂട്ടി നേതാക്കള്‍ കുത്തിയിരിപ്പ്‌ സമരം നടത്തി ജീവനക്കാരനെ കൂട്ടിക്കൊണ്ടുപോയത്‌. 
 
പാര്‍ട്ടിക്ക്‌ ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കുണ്ടെന്നതിന്‌ ഇനി ഇതിനേക്കാള്‍ വലിയൊരു സാഹചര്യത്തെളിവ്‌ ആവശ്യമില്ല. സി.പി.എം ഒഴിച്ചുള്ള പാര്‍ട്ടികളൊക്കെത്തന്നെ ഇതിനെ അപലപിച്ചിട്ടുണ്ട്‌. സി.പി.എമ്മിന്റെ ദുശ്ശാഠ്യത്തിന്‌ വഴങ്ങി പ്രതിയെ വിട്ടുകൊടുത്ത പൊലീസിനെക്കുറിച്ച്‌ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌. പൊലീസിന്‌ ജാമ്യം നല്‍കാന്‍ കഴിയുന്ന വകുപ്പുകള്‍ ഉപയോഗിച്ച്‌ അയാളെ പ്രതിയാക്കിയതിന്റെ രഹസ്യവും ഇനി അറിയേണ്ടതുണ്ട്‌. ഏതെങ്കിലും പൊലീസുകാര്‍ സി.പി.എമ്മിനായി ദാസ്യവേല നടത്തുന്നുണ്ടോ?

കേരളത്തിലെ പൊതുസമൂഹം മുഴുവനും മാധ്യമങ്ങള്‍ മുഴുവനും ജാഗരൂകമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കേസ്സില്‍ സാങ്കേതിക കാരണങ്ങളാല്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടുകൂടാ. സി.പി.എമ്മിന്റെ മര്‍ക്കട മുഷ്‌ടിക്ക്‌ മുമ്പില്‍ ജനങ്ങള്‍ തോറ്റുകൂടാ.

സാമ്യതയുള്ള പോസ്റ്റുകള്‍

0 മറുപടികള്‍ ഇവിടെ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails