ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

34 വര്‍ഷം-ബംഗാള്‍ എന്തുനേടി

എന്‍.പി. രാജേന്ദ്രന്‍


ദുരിതം വാഴുന്ന ഗ്രാമങ്ങള്‍


ജീവിതത്തില്‍ കണ്ട ഏറ്റവും മോശമായ കാഴ്ച





"ഡാനിഷ് കവിയും ഫിലിം ഡയറക്ടറുമായ ജോര്‍ഗെന്‍ ലെത്തിനോട് ജീവിതത്തില്‍ കണ്ട ഏറ്റവും മോശമായ സ്ഥലം ഏതാണ് എന്നുചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി 'കൊല്‍ക്കത്തയിലെ ചുവന്ന തെരുവുകള്‍' എന്നാണ്. പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ ലൈംഗികത്തൊഴിലാളികള്‍ നരകതുല്യ സാഹചര്യങ്ങളില്‍ ജീവിക്കുന്ന സോനാഗച്ചിയാണ് നഗരത്തിലെ ഏറ്റവും വലിയ ചുവന്ന തെരുവ്. നഗരത്തിലെയല്ല, ഏഷ്യയിലെ വലിയ ചുവന്ന തെരുവാണിത് എന്നുപോലും പറയുന്നവരുണ്ട്.
സാമൂഹികവ്യവസ്ഥയുടെ സൃഷ്ടിയാണ് വ്യഭിചാരം പോലുള്ള തിന്മകള്‍ എന്നിരിക്കെ ബംഗാളിലും അതുണ്ടായതില്‍ അത്ഭുതമില്ല. വ്യവസ്ഥിതി മാറാതെ അതിന്റെ ലക്ഷണങ്ങളും ഫലങ്ങളും മാറ്റേണ്ട കാര്യമില്ല എന്ന തത്ത്വം സ്വീകരിച്ചാവും മുപ്പത്തിനാല് കൊല്ലത്തെ ഭരണത്തിന്‍ കീഴിലും ഇതില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടില്ല.


സോനാഗച്ചിയില്‍ എത്തുന്നവരില്‍ ബംഗ്ലാദേശുകാരും നേപ്പാളികളുമെല്ലാം ഉണ്ടെങ്കിലും നല്ലൊരു പങ്ക് ബംഗാളി ഗ്രാമങ്ങളില്‍ നിന്നുള്ള ബാലികമാരാണ് എന്ന് സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്‌സ് ബിരുദമുള്ള എറണാകുളം സ്വദേശി അബ്ദുള്‍ നാസര്‍ പറഞ്ഞു. ഗവേഷണത്തിന്റെ ഭാഗമായി അനേകംതവണ ചുവന്ന തെരുവുകള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയിട്ടുണ്ട് നാസര്‍. ഒരു സര്‍ക്കാര്‍ വിചാരിച്ചാലും ഇവരെ ഒന്നും ചെയ്യാനാവില്ല. മുമ്പൊക്കെ അത് ഉന്മൂലനം ചെയ്യപ്പെടേണ്ട തിന്മയാണെന്ന ചിന്തയെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതും മറ്റൊരു തൊഴിലാണ് എന്ന മട്ടില്‍ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. നിയമപാലകരൊന്നും ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല. പതിനയ്യായിരം പേരെ എന്തുചെയ്യാനാണ്!എന്തായാലും, ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഇടതുഭരണത്തിന്‍ കീഴിലുള്ള പ്രദേശത്താണ് എന്ന് കേള്‍ക്കുന്നത് അത്ര സുഖമായി തോന്നിയില്ല."




34 വര്‍ഷം ഭരിച്ചിട്ടും ഗ്രാമങ്ങളില്‍ ഇപ്പോഴും പട്ടിണിയുണ്ടല്ലോ , എന്തുകൊണ്ടാണത്? സി.ഐ.ടി.യു.വിന്റെ സംസ്ഥാനപ്രസിഡന്റും പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ ശ്യാമള്‍ ചക്രവര്‍ത്തിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം നിഷേധിക്കാനൊന്നും നിന്നില്ല. വര്‍ഷം തോറും കോട്ടക്കലില്‍ ആയുര്‍വേദ ചികിത്സയ്ക്ക് വരാറുണ്ട് അദ്ദേഹം. സി.ഐ.ടി.യു. ആസ്ഥാനം മദര്‍ തെരേസയുടെ ആവാസകേന്ദ്രത്തിന്റെ തൊട്ടടുത്താണ്.

ശ്യാമള്‍ ചക്രവര്‍ത്തി ഭൂപരിഷ്‌കരണം ബംഗാള്‍ ഗ്രാമങ്ങളില്‍ വരുത്തിയ പരിവര്‍ത്തനത്തെക്കുറിച്ച് വിസ്തരിച്ചു പറഞ്ഞു. 1977- ല്‍ അധികാരത്തില്‍ വന്നശേഷം അതാണ് പാര്‍ട്ടി മുന്‍ഗണന നല്‍കി നടപ്പാക്കിയത്. പത്ത് ഏക്കര്‍ കിട്ടിയ കുടുംബത്തില്‍ അന്ന് നാലഞ്ചാളുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴെത്ര പേരുണ്ടാകും? മക്കളും മക്കളുടെ മക്കളുമാകുമ്പോള്‍ സ്ഥലം അതുമതിയോ? കൃഷി ഭൂമി തുണ്ടുതുണ്ടാകും. എല്ലാവര്‍ക്കും കുടുതല്‍ സ്ഥലം കണ്ടെത്തിക്കൊടുക്കാന്‍ ഒരു സര്‍ക്കാറിനും ആവില്ല. ഗ്രാമങ്ങളില്‍ തൊഴില്‍രഹിതരോ അര്‍ധതൊഴില്‍ ഉള്ളവരോ ആണ് കൂടുതല്‍. അവര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ വ്യവസായങ്ങള്‍ ഉണ്ടായില്ല. ''ലൈസന്‍സ് പെര്‍മിറ്റ് രാജ് കാലഘട്ടത്തില്‍ ഞങ്ങള്‍ക്ക് വ്യവസായങ്ങളേ കിട്ടിയില്ല. ഉദാരീകരണം വന്ന ശേഷമാണ് കുറച്ചു വ്യവസായങ്ങളെങ്കിലും കിട്ടിയത്'' - ശ്യാമള്‍ ചക്രവര്‍ത്തി പറഞ്ഞു.


ബംഗാളിതൊഴിലാളികള്‍ കേരളത്തിലേക്ക് വരുന്നതിന് വലിയ ഗൗരവമൊന്നും അദ്ദേഹം കല്പിക്കുന്നില്ല. ''നിങ്ങള്‍ ഗള്‍ഫിലും അമേരിക്കയിലുമൊക്കെ പോയി കാശുണ്ടാക്കിയതുകൊണ്ട് കൂലി ഉയര്‍ന്നു. അതുകൊണ്ട് മറ്റുസംസ്ഥാനക്കാര്‍ അവിടെ ജോലിക്കുവരുന്നു. ജാര്‍ഖണ്ഡുകാരും ബിഹാറികളും ബംഗ്ലാദേശുകാരുമൊക്കെ ബംഗാളില്‍ തൊഴിലിനുവരുന്നില്ലേ? അത്രയൊക്കെയേ അതിനും പ്രാധാന്യമുള്ളൂ. കൊയ്ത്ത് കഴിഞ്ഞ് തൊഴില്‍ കാര്യമായി ഇല്ലാത്തപ്പോഴാണ് അവര്‍ പുറത്തുപോകാറുള്ളത്'' -ശ്യാമള്‍ കൂടുതല്‍ വിശദീകരിച്ചു.

ഭൂപരിഷ്‌കരണവും കൃഷിയും കൊണ്ടൊന്നും ഗ്രാമങ്ങളില്‍ സമൃദ്ധിയുണ്ടാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കുറച്ച് വൈകിയാണ് ഉണ്ടായത്. ഭൂപരിഷ്‌കരണം തന്നെ സര്‍ക്കാര്‍ വേണ്ടത്ര ഗൗരവത്തോടെ മുന്നോട്ടു കൊണ്ടുപോയില്ല എന്ന വിമര്‍ശനം ബംഗാള്‍ ഗ്രാമങ്ങളെക്കുറിച്ച് പഠിച്ച പല ഗവേഷകരും മുന്നോട്ടുവെച്ചിട്ടുണ്ട്. ഭൂമി നല്‍കിയെന്നതുശരിതന്നെ. പക്ഷേ, കൈയില്‍ പണമില്ലാത്ത പുതിയ ഭൂവുടമകള്‍ക്ക് സഹായധനമൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. ജലസേചനവും പര്യാപ്തമായിരുന്നില്ല. പലരുടെയും ഭൂമി ക്രമേണ പഴയ ഉടമകളിലേക്ക് തിരിച്ചെത്തി. പുതിയ വ്യവസായങ്ങളൊന്നും കാര്യമായി ഉണ്ടായില്ല. പഴയവ കുറെ പൂട്ടുകയും ചെയ്തു. തൊഴില്‍ തര്‍ക്കങ്ങള്‍കൊണ്ടും സമരങ്ങള്‍ കൊണ്ടും അടയ്ക്കപ്പെട്ട സ്ഥാപനങ്ങളുടെ കൃത്യമായ കണക്കൊന്നും ആരുടെയും കൈവശമില്ല. അരലക്ഷം സ്ഥാപനങ്ങള്‍ അങ്ങനെ അടയ്ക്കപ്പെട്ടിട്ടുണ്ട് എന്നാണ് പ്രതിപക്ഷത്തുള്ളവര്‍ പറയുന്നത്. അതിലെ അതിശയോക്തിയുടെ തോത് അടയാളപ്പെടുത്തുക പ്രയാസമാണ്.

പട്ടിണി മരണമോ?


രാജ്യത്തെ ഏറ്റവും ദരിദ്രമായ നൂറുജില്ലകളുടെ പട്ടികയില്‍ ബംഗാളിലെ 19 ല്‍ 14 ജില്ലകളും പെടുമെന്നത് നിസ്സാര കാര്യമല്ല. ഉത്തര്‍ ദിനാജ്പുര്‍, ദക്ഷിണ്‍ ദിനാജ്പുര്‍, ജല്‍പായ് ഗുഡി, മുര്‍ഷിദാബാദ്, പുരുലിയ, ബാങ്കുര തുടങ്ങിയ ജില്ലകളിലെ പട്ടിണിയെക്കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതാരും നിഷേധിക്കാറുമില്ല. കാര്‍ഷികപരിഷ്‌കാരത്തിന്റെ ആദ്യകാലത്ത് കാര്‍ഷികോത്പാദന നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നുവെങ്കിലും പിന്നീടത് താഴേക്ക് വരികയാണുണ്ടായത്. പകുതി കൃഷിഭൂമിയിലേ ഇപ്പോഴും ജലസേചനമെത്തിയിട്ടുള്ളൂ. ലാഭകരമല്ലാതായ കൃഷിയില്‍ തന്നെയാണ് ജനസംഖ്യയില്‍ 43 ശതമാനവും കഴിഞ്ഞുകൂടുന്നത്.

ദാരിദ്ര്യം മിക്കപ്പോഴും ഒരു സ്ഥിരം യാഥാര്‍ഥ്യം എന്ന നിലയില്‍ സംസ്ഥാനത്ത് ചര്‍ച്ച ചെയ്യപ്പെടാറേ ഇല്ല. എങ്കിലും ചിലപ്പോഴെല്ലാം പട്ടിണി മരണങ്ങള്‍ കോളിളക്കങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പശ്ചിമ മേദിനിപുര്‍ ജില്ലയിലെ ഗോത്രവര്‍ഗപ്രദേശമായ അംലാസോളില്‍ 2004 ജൂണില്‍ എട്ടുപേര്‍ പട്ടിണി കാരണം മരിച്ചെന്ന റിപ്പോര്‍ട്ട് അത്തരത്തിലെ ഏറ്റവും വലുതായിരുന്നു. സി.പി.എമ്മിന്റെ നേതാവ് കൂടിയായ ആദിവാസി ക്ഷേമപ്രവര്‍ത്തകനായ കൈലാശ് മുദ ആണ് പട്ടിണിമരണം പുറത്തറിയിച്ചത്. പട്ടിണിയല്ല രോഗമാണ് മരണകാരണം എന്ന് സര്‍ക്കാര്‍ തര്‍ക്കം പിടിച്ചു. വാര്‍ത്ത പുറത്തുകൊണ്ടുവന്ന കൈലാശ് മുദയ്ക്ക് ജീവന് ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് സി.പി.എമ്മിനെ ഉപേക്ഷിച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരേണ്ടിവന്നു. അംലാസോള്‍ കൊല്‍ക്കത്തയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ്. അടുത്ത പഞ്ചായത്ത് ഓഫീസ് 23 ഉം പോലീസ് സ്റ്റേഷന്‍ 25 ഉം കിലോമീറ്റര്‍ അകലെ. പട്ടിണിമരണ വിവാദത്തിനു ശേഷമാണ് അവിടെ അല്പം വികസനമൊക്കെ എത്തിയത്.

മാള്‍ഡ, മുര്‍ഷിദാബാദ്, ദിനാജ്പുര്‍, മേദിനിപുര്‍ ജില്ലകളില്‍ നിന്നുള്ള പട്ടിണിമരണവാര്‍ത്തകള്‍ ഇടയ്‌ക്കെല്ലാം കൊല്‍ക്കത്ത ഇംഗ്ലീഷ് പത്രങ്ങളില്‍പ്പോലും വരാറുണ്ട്. ഈ വിദൂര പ്രദേശങ്ങളിലുള്ളവര്‍ അന്ത്യോദയ, അന്ന യോജന, ഗ്രാമീണ്‍ റോസ്ഗര്‍ യോജന, അന്നപൂര്‍ണ യോജന തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് ഏഷ്യന്‍ മനുഷ്യാവകാശ കമ്മീഷന്റെ
(എ.എച്ച്. ആര്‍.സി.) അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സ്ഥിതിവിവരക്കണക്കുകള്‍ വലിയ തെളിവുകളല്ലെന്നതുശരി തന്നെ. പക്ഷേ, അവ ഒഴിവാക്കാനാവില്ല. അറുപതുകളില്‍ ബംഗാളിലെ ആളോഹരി വരുമാനം ദേശീയ ശരാശരിക്ക് മുകളിലായിരുന്നു. രണ്ടായിരത്തി ഒന്നായപ്പോഴേക്ക് ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക, തമിഴ് നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ ബംഗാളിനെ ബഹുദൂരം പിന്നിലാക്കി. ഉത്പാദനക്ഷമതയിലാകട്ടെ പഞ്ചാബ്, തമിഴ്‌നാട്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങള്‍ മുന്നില്‍കടന്നു. അഞ്ചുവര്‍ഷം മുമ്പുള്ള കണക്കുകള്‍ പോലും ബംഗാള്‍ ഗ്രാമങ്ങളുടെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നവയാണ്. ഫെഡറല്‍ സെന്‍സസ് ഓര്‍ഗനൈസേഷന്‍ ഗ്രാമീണരുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് നടത്തിയ സര്‍വേയുടെ കണക്കുകള്‍ പ്രകാരം അമ്പതുശതമാനം ഗ്രാമീണരും മണ്ണുകൊണ്ടുള്ള ഒറ്റമുറി കുടിലുകളിലാണ് താമസിക്കുന്നത്. ഉത്തര 24 പര്‍ഗാനാസില്‍ 73.45 ശതമാനം വീടുകള്‍ക്കും ബലമുള്ള വസ്തുക്കള്‍ കൊണ്ടുള്ള ചുമരോ മേല്‍ക്കൂരയോ ഇല്ല. ഗ്രാമങ്ങളില്‍ വൈദ്യുതിയുള്ള വീടുകളുടെ എണ്ണം പാതിയില്‍ താഴെയേ വരൂ. വൈദ്യുതിയുള്ള വീടുകളില്‍ത്തന്നെ കക്കൂസില്ല. മേദിനിപുര്‍, ദിനാജ്പുര്‍ ജില്ലകളില്‍ 17.4 ശതമാനം വീടുകളിലുള്ളവര്‍ വര്‍ഷത്തില്‍ മൂന്നുമാസമെങ്കിലും ഒരുനേരം ഭക്ഷണം കൊണ്ട് അന്തിയുറങ്ങുന്നുണ്ട്. പത്തു മാസവും ഇങ്ങനെ കഴിയുന്നവര്‍ 2.4 ശതമാനം വരുമെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ സര്‍വേ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

എഴുപതുശതമാനമാളുകള്‍ ജീവിക്കാന്‍ ആശ്രയിക്കുന്ന കാര്‍ഷികമേഖലയില്‍ നിന്നുള്ള ഉത്പാദനം സംസ്ഥാനത്തിന്റെ മൊത്തം ഉത്പാദനത്തിന്റെ 27 ശതമാനം മാത്രമാണ്. ഇതിലും താഴെയാണ് വ്യവസായത്തിന്റെ കിടപ്പ്- 22 ശതമാനം മാത്രം. സേവന മേഖലയിലാണ് 51 ശതമാനമാളുകളും. രാജ്യത്തിന്റെ 2.7 ശതമാനം മാത്രം ഭൂമി കൊണ്ട് 7.8 ശതമാനം ജനങ്ങളെ പോറ്റേണ്ടിവരിക കൂടി ചെയ്യുമ്പോള്‍ ദാരിദ്ര്യത്തിന്റെ തോത് മനസ്സിലാക്കാവുന്നതേയുള്ളൂ. കാര്‍ഷികമേഖലയിലെ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം ദിവസക്കൂലി 102 രൂപയാണ്. നമ്മുടെ നാട്ടിലും മിനിമം കൂലി നൂറ്റമ്പതോ ഇരുനൂറോ ഒക്കെയേ വരൂ. എങ്കിലും കിട്ടുന്നത് അതിനേക്കാള്‍ കൂടിയ തുകയായിരിക്കും. അവിടെ വിജ്ഞാപനം ചെയ്ത കൂലിതന്നെ പല മേഖലകളിലും കിട്ടുകയില്ല. റൈസ് മില്‍ തൊഴിലാളിയുടെ വിജ്ഞാപനം ചെയ്ത കൂലി 135 രൂപയാണെങ്കിലും ദിനാജ്പുരിലെ മില്‍തൊഴിലാളിക്ക് കിട്ടുന്നത് വെറും അമ്പതുരൂപയാണ്.

കര്‍ഷക ആത്മഹത്യയില്ല ?


ഗ്രാമീണ ദാരിദ്ര്യത്തെക്കുറിച്ച് പറയുമ്പോഴെല്ലാം ഇടതുമുന്നണി നേതാക്കളും ബുദ്ധിജീവികളും പറയുന്ന ഒരു കാര്യമുണ്ട്. ദാരിദ്ര്യമൊക്കെ ഉണ്ടെന്നത് ശരിതന്നെ. പക്ഷേ, ആന്ധ്രയിലോ മഹാരാഷ്ട്രയിലോ നടക്കുന്നതുപോലെ കാര്‍ഷിക ആത്മഹത്യ ബംഗാളിലില്ലല്ലോ. ഒരൊറ്റ കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തതായി പത്രങ്ങളില്‍ വന്നിട്ടില്ല എന്നവര്‍ ഉറപ്പിച്ചുപറയും. സംഗതി സത്യമാണ്. കാര്‍ഷിക ആത്മഹത്യ എന്ന പേരില്‍ ബംഗാളില്‍ ആത്മഹത്യകളൊന്നും രേഖപ്പെടുത്തുന്നില്ല. ആ രീതിയില്‍ അതിനെ ആരും ചര്‍ച്ചാവിഷയമാക്കുന്നുമില്ല. എന്നാല്‍, നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോവിന്റെ 2009 -ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനം പ. ബംഗാളാണ്. 14,648 പേരാണ് ആ വര്‍ഷം ബംഗാളില്‍ ആത്മഹത്യ ചെയ്തത്. 2007 മുതല്‍ ഒന്നാം സ്ഥാനത്ത് ബംഗാളാണ്. കര്‍ഷകര്‍ മാത്രം ആത്മഹത്യ ചെയ്യുന്നില്ല, മറ്റുള്ളവരേ സ്വയം മരിക്കുന്നുള്ളൂ എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. യഥാര്‍ഥത്തില്‍ എന്‍.സി.ആര്‍.ബി. രേഖയില്‍ ആത്മഹത്യ ചെയ്യുന്നവരെ തരം തിരിച്ചിട്ടുള്ളതില്‍ കര്‍ഷകര്‍ എന്നൊരു വിഭാഗം തന്നെയില്ല.

ദാരിദ്ര്യമില്ലാതാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഇതിനര്‍ഥമില്ല. 1977- ല്‍ മുന്നണി അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന പട്ടിണി രണ്ടായിരാമാണ്ടാകുമ്പോഴേക്ക് പകുതിയായി കുറയ്ക്കാന്‍ കഴിഞ്ഞതായി രേഖകള്‍ തെളിയിക്കുന്നു. ദേശീയശരാശരിയേക്കാള്‍ അല്പം കൂടുതലാണ് ഈ നേട്ടം. പാവങ്ങളുടെ സംഖ്യ '93-'94 ലെ 73 ശതമാനത്തില്‍ നിന്ന് '99-2000 ത്തിലെ 32 ശതമാനമായി കുറഞ്ഞതാണ് ഇടതുപിന്തുണയുടെ അടിസ്ഥാനമെന്ന് സാമ്പത്തിക കാര്യ നിരീക്ഷകനായ മോഹന്‍ ഗുരുസ്വാമി അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍, ഇത് മഹാരാഷ്ട്രയോ തമിഴ്‌നാടോ നേടിയതിനേക്കാള്‍ വളരെയൊന്നും കൂടുതലുമായിരുന്നില്ല.

ഒട്ടും പരിഷ്‌കരിക്കാത്ത മുതലാളിത്ത-ഫ്യൂഡല്‍ പാതയിലൂടെ സഞ്ചരിച്ച് സംസ്ഥാനങ്ങളില്‍ കാണുന്ന ദുരിതങ്ങള്‍, പുരോഗമന പരിഷ്‌കാരങ്ങള്‍ എന്നിവ ആഴത്തില്‍ പഠിക്കേണ്ട വിഷയങ്ങളാണ്. നിരവധി സംസ്ഥാനങ്ങള്‍ എത്രയോ മുന്നിലാണ്. ഗ്രാമീണമേഖലയെ സമ്പന്നമാക്കിയ ബംഗാള്‍ ഭൂവിതരണ-പരിഷ്‌കരണ പ്രസ്ഥാനത്തെക്കുറിച്ചും പഞ്ചാബ് ഹരിയാണ സംസ്ഥാനങ്ങളില്‍ ഇപ്പോഴും നില നില്‍ക്കുന്ന ഫ്യൂഡല്‍ ചൂഷണത്തെക്കുറിച്ചും ഇടതുപക്ഷ നിരീക്ഷകര്‍ എഴുതിയത് വായിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ എഴുതി...
''പഞ്ചാബ്, ഹരിയാണ, പശ്ചിമ യു.പി. സംസ്ഥാനങ്ങളിലുടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന സമ്പല്‍ സമൃദ്ധിയും ബംഗാള്‍ ഗ്രാമങ്ങളിലെ മ്ലാനതയും ഭീകരതയും താരതമ്യപ്പെടുത്തുമ്പോള്‍ ചോദിച്ചുപോകുന്നു- ഏതാണ് ഭേദം, പരുത്ത ഫ്യൂഡലിസമോ കപട സോഷ്യലിസമോ?

കടപ്പാട് : മാതൃഭൂമി 


 ബഹു രാഷ്ട്ര കുത്തകകള്‍ക്ക് ഭൂമി നല്‍കുന്നതിനു വേണ്ടി  നടത്തിയ   ബംഗാളിലെ കമ്മ്യൂണിസ്റ്റ്‌  സര്‍ക്കാരിന്റെ  സിന്ഗുരിലെ നരനായാട്ട് കാണുവാന്‍ താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കൂ ...

http://fractalenlightenment.com/731/issues/protests-against-tata-nano-to-intensify

സാമ്യതയുള്ള പോസ്റ്റുകള്‍

0 മറുപടികള്‍ ഇവിടെ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails