K P Sukumaran Anjarakandy
മാർക്സിസ്റ്റുകാർ ഗവണ്മേന്റ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും ആയാൽ അവരുടെ നിലവാരം എങ്ങനെയിരിക്കും എന്നതിന്റെ ലക്ഷണങ്ങളാണു ഇപ്പോൾ നടക്കുന്ന സമരാഭാസത്തിൽ കണ്ടുവരുന്നത്. കല്ലേറ്, വസ്ത്രാക്ഷേപം, നായ്‌ക്കുരണ, കരിഓയിൽ, ചാണകവെള്ളം, ചീമുട്ട തെറിയഭിഷേകം തുടങ്ങിയ കയ്യേറ്റങ്ങളും പിന്നെ ഫയലുകളിൽ ചാണകപ്രയോഗം, ആഫീസുകള്‍ താഴിട്ട് പൂട്ടല്‍ ഇതൊക്കെയാണു സമരക്കാർ സമരത്തിലില്ലാതെ ജോലിക്കെത്തുന്നവരുടെ മേൽ പ്രയോഗക്കുന്നത്. സമരം അവസാനിച്ചാലും തങ്ങൾ ജോലിചെയ്യേണ്ട ആഫീസും നാളെ മുഖത്ത് നോക്കേണ്ട സഹപ്രവർത്തകരുമാണ് എന്ന ഒരു ചിന്തയും മാര്‍ക്സിസ്റ്റ് അദ്ധ്യാപകരാദി ഉദ്യോഗസ്ഥര്‍ക്ക് ഇല്ല. അതാണ് മാര്‍ക്സിസം തലക്ക് പിടിച്ചാല്‍ ഉണ്ടാകുന്ന സ്വഭാവസവിശേഷത. അവര്‍ക്ക് സംഘടനയായിരിക്കും ഏറ്റവും വലുത്. സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യും. അതില്‍ നീതിയും മാനുഷികതയും ഒന്നും നോക്കുകയില്ല.
ഈ സമരത്തെ പറ്റി എല്ലാവർക്കും അറിയാം. 2013 ഏപ്രിൽ ഒന്ന് മുതൽ സർക്കാർ സർവ്വീസിൽ കയറി പിന്നെ മുപ്പതോ മുപ്പത്തഞ്ചോ വർഷം കഴിഞ്ഞ് പെൻഷൻ വാങ്ങാൻ പോകുന്ന സാങ്കല്പിക ഉദ്യോഗസ്ഥർക്ക് അവർ അപ്പോൾ വാങ്ങാൻ പോകുന്ന പെൻഷനെ പറ്റിയാണു സമരം. ഇമ്മാതിരി ഒരു സമരം മാർക്സിസ്റ്റുകാർ ഉദ്യോഗസ്ഥരായിട്ടുള്ള നാട്ടിൽ മാത്രമേ നടക്കൂ. അത്തരമൊരു ഗതികെട്ട നാടായിപ്പോയി നമ്മുടെ കേരളം.
എന്താണു പങ്കാളിത്ത പെൻഷൻ? വരുന്ന ഏപ്രിൽ മുതൽ സർക്കാർ സർവ്വീസിൽ നിയമനം ലഭിക്കുന്ന ജീവനക്കാർ വാങ്ങുന്ന ശമ്പളത്തിന്റെ 10% പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കണം. ജീവനക്കാരന്റെ തുകയ്ക്ക് തുല്യമായ അത്രയും തുക സംസ്ഥാന സർക്കാരും നിക്ഷേപിക്കും. എന്നിട്ട് 2044 ലിലോ അതിനു ശേഷമോ ആ ജീവനക്കാരൻ വിരമിക്കുമ്പോൾ പെൻഷൻ ഫണ്ടിൽ നിന്ന് 60% വരെ തുക പിൻവലിക്കാം. ബാക്കി വരുന്ന 40% തുകയിൽ നിന്ന് പെൻഷൻ ലഭിക്കും. ഇതിൽ എവിടെയാണു ആർക്കെങ്കിലും ദ്രോഹമുള്ളത്. ഇനി അഥവാ ഈ വ്യവസ്ഥ തനിക്ക് ദ്രോഹമാണു എന്ന് കരുതുന്നെങ്കിൽ അവൻ സർക്കാർ സർവ്വീസിൽ ചേരണ്ട എന്നല്ലേയുള്ളൂ. എല്ലാവരും എന്താ സർക്കാർ ജോലിക്കാണോ പോകാൻ പോകുന്നത്? എള്ള് ഉണങ്ങിയാൽ എണ്ണ കിട്ടും. അതിന്റെ കൂടെ എലിക്കാഷ്ടം എന്തിനാണു ഉണങ്ങുന്നത്? ഇക്കാര്യത്തിൽ സമരക്കാർക്ക് എലിക്കാഷ്ടത്തിന്റെ റോളാണു ഉള്ളത്.
കേരളത്തിലെ ജനസംഖ്യ മൂന്നേകാൽ കോടി. സർക്കാർ ജീവനക്കാർ വെറും 10 ലക്ഷം. ഈ പത്ത് ലക്ഷം ജീവനക്കാർക്ക് വേണ്ടി റവന്യൂ വരുമാനത്തിന്റെ 80.61 ശതമാനവും ചെലവാക്കുന്നു. ബാക്കി വരുന്ന 3കോടി 15ലക്ഷം പേർക്ക് ചലവാക്കാൻ സർക്കാരിന്റെ ഖജനാവിൽ ബാക്കിയാകുന്നത് റവന്യു വരുമാനത്തിന്റെ 19.39% മാത്രമാണു. സർക്കാർ ജീവനക്കാർക്ക് വേണ്ടി ഗവണ്മേന്റ് ചെലവാക്കുന്ന തുകയുടെ എത്രയോ ഇരട്ടി കൈക്കൂലിയായി ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നുമുണ്ട്. പല ഉദ്യോഗസ്ഥർക്കും ശമ്പളത്തിന്റെ എത്രയോ ഇരട്ടി കിമ്പളം കിട്ടും. കിമ്പളം കൊടുത്തില്ലെങ്കിൽ പൊതുജനത്തിനു എത്രയോ സേവനങ്ങൾ സർക്കാരാഫീസുകളിൽ നിന്ന് കിട്ടുകയില്ല.
അപ്പോൾ ചോദ്യം ഇതാണു. സംസ്ഥാനത്ത് ഈ പത്ത് ലക്ഷം ജീവനക്കാർ മാത്രം ജീവിച്ചാൽ മതിയോ? ബാക്കി മൂന്നേകാൽ കോടിയുടെ കാര്യമോ? സമരം ചെയ്യുന്ന ഒരോ ഉദ്യോഗസ്ഥന്റെയും മുഖത്ത് കരിഓയിലോ നായക്കുരണയോ ചാണകവെള്ളമോ മറുമരുന്നായി തെളിച്ച് ഓരോ സാധാരണക്കാരനും ചോദിക്കേണ്ട ചോദ്യമാണിത്.
തുടര്‍ന്ന് വായിക്കുക