ഈ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ വായിക്കുവാന്‍പ്രയാസം നേരിടുന്നുവെങ്കില്‍ ദയവായി ആ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ അവ തനിയെ വലുതായി വരുന്നതാണ് .

വി.എസ് മാധ്യമ ക്രിമിനല്‍ കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്ത്



ആവര്‍ത്തന ആധിക്യം അരോചകമാക്കിയ കുഞ്ഞാലിക്കുട്ടി വേട്ടയുടെ ലക്ഷ്യം കേരളീയ സമൂഹം വൈകിയെങ്കിലും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. നിയമജ്ഞരും സാംസ്കാരിക പ്രവര്‍ത്തകരുമടക്കം ചിലരെങ്കിലും ഈ കുടിപ്പകയുടെ രാഷ്ട്രീയം മനസ്സിലാക്കിയതിന്റെ ലക്ഷണങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലും പൊതുപ്രതികരണങ്ങളിലും പ്രകടമാണ്. സി.പി.എം. സുപ്പീരിയര്‍ അഡ്വൈസറായി സ്വയം അവകാശപ്പെടുന്ന സുകുമാര്‍ അഴീക്കോട് പോലും കുഞ്ഞാലിക്കുട്ടിക്കെതിരെ വി.എസിന്റെ സമീപനത്തെ അംഗീകരിക്കുന്നില്ലെന്ന് മാതൃഭൂമി അഭിമുഖത്തില്‍ പറയുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒക്ടോബര്‍ 30) നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ പൊയ്മുഖമണിഞ്ഞ് ഓരോ ദിവസവും നിറം പകരുന്ന വ്യാജാരോപണത്തിന് പിന്നില്‍ പ്രതിപക്ഷനേതാവും ഒരു സംഘം ക്രിമിനല്‍മാധ്യമ ശക്തികളുമാണെന്ന് ആര്‍ക്കാണറിയാത്തത്. മുന്‍സീഫ് കോടതി മുതല്‍ പരമോന്നത നീതിപീഠമായ സുപ്രീം കോടതിവരെ ഒരിക്കല്‍ പോലും കുറ്റവാളിയെന്ന് പരാമര്‍ശിക്കപ്പെടാത്ത കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള കഠിന ശ്രമത്തിന് പിന്നില്‍ ഒടുങ്ങാത്ത വ്യക്തിപകയല്ലാതെ മറ്റെന്താണുള്ളത്. സാക്ഷാല്‍ അചുതാനന്ദന്‍ തന്നെ നിയോഗിച്ച അന്വേണ സംഘത്തിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കാനുള്ള സാമാന്യ മര്യാദ പോലും പാലിക്കാതെ പുതിയ അപസര്‍പ്പകഥകള്‍ നെയ്തെടുത്ത് ബ്രേക്കിങ്ങ് ന്യൂസ് തരപ്പെടുത്തി അന്തരീക്ഷം മലിനമാക്കുന്ന ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്.



കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിച്ച് പകലന്തിയോളം നിറഞ്ഞാടുന്ന ചില അവതാരകര്‍ അദ്ദേഹത്തിന് അനുകൂലമായ വാര്‍ത്തകള്‍ ഒറ്റവരിയില്‍ ഒതുക്കുന്ന മാര്‍ക്കറ്റിങ്ങ് തന്ത്രം പ്രേക്ഷകര്‍ മനസ്സിലാക്കുന്നുണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. മാധ്യമ ധാര്‍മ്മികതയുടെ ഒരംശം പോലുമില്ലാത്ത ഇത്തരം നീക്കങ്ങളെ യാതൊരു പ്രതികരണവുമില്ലാതെ കേട്ടുനില്‍ക്കാന്‍ ആര്‍ക്കാണ് ഇനിയും സാധിക്കുക. വണ്‍മാന്‍ഷോ നടത്തിപ്പുകാരിലും അവതാരകരിലുമാണ് തെറ്റായ ഈ മാര്‍ക്കറ്റിങ്ങ് സംസ്കാരം കൂടുതല്‍ കാണുന്നത്. ഭദ്രമായ മാനേജ്മെന്റ് സംവിധാനവും നയനിലപാടുകളുമുള്ള മാധ്യമങ്ങള്‍ ഇതില്‍ കാണിക്കുന്ന സൂക്ഷമതയും മാന്യതയും വേര്‍തിരിച്ചു കാണാന്‍ സാധിക്കും. കോളിളക്കം സൃഷ്ടിച്ച തെറ്റായ ചില അന്വേണാത്മക റിപ്പോര്‍ട്ടിലൂടെ പ്രിന്റ് മീഡിയ രംഗത്ത് പിടിച്ചുനിന്ന ചില മാധ്യമങ്ങളുടെ മാര്‍ക്കറ്റിങ്ങ് തന്ത്രത്തെ അനുധാവനം ചെയ്യാനാണ് തുടക്കം മുതലേ ഇത്തരം ചില ചാനല്‍ നടത്തിപ്പുകാര്‍ ശ്രമിച്ചുവരുന്നത്. ഈ തെറ്റായ നീക്കങ്ങളെ ആവിഷ്കാര സ്വാതന്ത്രyത്തിന്റെ പേരില്‍ പ്രതിരോധിക്കാതിരിക്കാന്‍ സാധ്യമല്ല.
വി.എസിന്റെ പകയുടെ രാഷ്ട്രീയം സ്വന്തം പാര്‍ട്ടിക്കകത്തും പുറത്തും വിവാദ വിഷയം തന്നെയാണ്. സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ ബാലപാഠമറിയാത്ത, സ്വന്തം ഇമേജിന് മാത്രം പരമ പ്രാധാന്യം കല്‍പ്പിക്കുന്ന ഇതിന് സ്വന്തം പാര്‍ട്ടിക്കാരെ വരെ വ്യക്തിഹത്യ ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത നേതാവാണ് അദ്ദേഹം. ശരീരഭാഷ പോലും വരണ്ട മാനസികാവസ്ഥയുടെ പ്രതിനിധാനമായി മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുന്ന പ്രകൃതക്കാരനാണ് വി.എസ്. വിഭാഗീയതയുടെ മറവില്‍ സ്വയം വിഗ്രഹവല്‍ക്കരിച്ച് ചുറ്റും ആരാധകരെ സംഘടിപ്പിച്ച് നടത്തുന്ന ഈ ഒറ്റയാന്‍ പോരാട്ടം തിരിച്ചറിയപ്പെടാതെ ഏറെക്കാലം മുന്നോട്ട് പോവുകയില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് അദ്ദേഹത്തിനും ചുറ്റും ഇപ്പോള്‍ രൂപപ്പെടുന്നത്.
പ്രതിപക്ഷ നേതാവായിരിക്കെ ഊണിലും ഉറക്കത്തിലുമടക്കം അദ്ദേഹത്തോടൊപ്പം ജീവിച്ചവര്‍ വി.എസിന്റെ ഇരട്ടമുഖം അനാവരണം ചെയ്യുന്നത് നാം കാണുന്നു. അച്യുതാനന്ദന്റെ അഡീഷണല്‍ sൈ്രവറ്റ് സെക്രട്ടറി കെ.എം. ഷാജഹാന്റെ "ചുവന്ന അടയാളങ്ങള്‍' എന്ന ഗ്രന്ഥം ഒരാവര്‍ത്തി വായിച്ചാല്‍ ഈ കാര്യം നമുക്ക് ബോധ്യപ്പെടും. പെണ്‍വാണിഭക്കാര്‍ക്കെതിരെ പ്രതിപക്ഷത്തിരുന്ന് ഗീര്‍വാണം നടത്തിയ വി.എസ്. കിളിരൂര്‍ സ്ത്രീപീഡനകേസ് കൈകാര്യം ചെയ്യുന്നതില്‍ കാണിച്ച ഇരട്ട മുഖം ഈ പുസ്തകത്തില്‍ നമുക്ക് വായിക്കാം.
ആദ്യമാദ്യം ശാരിയുടെ കുടുംബത്തെയും കുട്ടികളെയും വീട്ടിലും ഓഫീസിലും കാണാനും നിവേദനങ്ങള്‍ വാങ്ങാനും താല്‍പ്പര്യം കാട്ടിയ വി.എസ്. പിന്നീട് അവരെ കാണാന്‍ പോലും കൂട്ടാക്കാതെ തീര്‍ത്തും ഒഴിവാക്കുകയല്ലേ ചെയ്തത്? "കിളിരൂര്‍ സ്ത്രീപീഡന കേസില്‍ നീതി നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയ വി.എസ്. അവസാനം തങ്ങളെ അറസ്റ്റ് ചെയ്യാന്‍ കൂട്ടുനില്‍ക്കുകയാണ്' എന്ന് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്റെ ഹൃദയഭേദകമായ പ്രതികരണം നമുക്ക് മറക്കാനാവുമോ? "കിളിരൂര്‍ സ്ത്രീപീഡനക്കേസ്സിലെ അന്വേണം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അട്ടിമറിക്കുന്നു' എന്ന ആക്ഷേപംവരെ മുഖ്യമന്ത്രിയുടെ ഓഫീസ് കേള്‍ക്കേണ്ടിവന്നിരിക്കുന്നു. (ചുവന്ന അടയാളങ്ങള്‍ പേജ് 209).
കൊടുംപകയുടെ രാഷ്ട്രീയം തലക്കു പിടിച്ച് വെപ്രാളം കാണിക്കുന്ന വി.എസിന്റെ മാനസികാവസ്ഥയെ നിര്‍ണ്ണയിക്കാന്‍ വൈദ്യശാസ്ത്രത്തിനു പോലും സാധിക്കാത്ത പ്രവചനാതീതമായ വ്യക്തിത്വമാണദ്ദേഹം.
അധികാര ദുര്‍വിനിയോഗത്തിലൂടെ മകനും ബന്ധുക്കള്‍ക്കും ജീവിത സൗകര്യം നല്‍കുന്നിടത്ത് നീതിബോധത്തിന്റെ കണിക പോലും കാണുന്നില്ല. പാവപ്പെട്ടവന്റെ പടത്തലവന്‍ സീമന്തപുത്രന് രാജകീയ ജീവിതം പ്രദാനം ചെയ്യാന്‍ കാട്ടിക്കൂട്ടിയ അഴിമതിയുടെ കഥകള്‍ ഇതിനകം പുറത്ത് വരികയും ചെയ്തു. പരമസാത്വികനായി അഭിനയിക്കുന്ന വി.എസ്. മകന്റെ ആര്‍ഭാട ജീവിതത്തെ ന്യായീകരിക്കുന്നതും മേല്‍പറഞ്ഞ ഷാജഹാന്റെ പുസ്തകത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്.
സമൂഹത്തില്‍ വലിയ സ്വാധീനമുള്ള എെ.എ.എസുകാരും എെ.പി.എസുകാരും കോടീശ്വരന്മാരും അംഗങ്ങളായ ഗോള്‍ഫ് ക്ലബില്‍ വി.എസിന്റെ മകന്‍ അംഗമാണെങ്കില്‍ അത് അധാര്‍മ്മികതയാണ്. ഇതിനെ പരസ്യമായി ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. "ചക്കാത്തിലല്ലല്ലോ! പണം കൊടുത്തിട്ടല്ലേ' എന്ന പ്രതികരണവും "കളിച്ചു ക്ഷീണിക്കുന്നവര്‍ വിശ്രമിക്കുമ്പോള്‍ അല്പം മദ്യപാനം നടത്തിയാല്‍ അതില്‍ എന്താണ് തെറ്റ്' എന്ന അദ്ദേഹത്തിന്റെ ന്യായവാദവുമെല്ലാം വി.എസിന് ജനങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ അവമതിപ്പുളവാക്കാനിടയാക്കിയിട്ടുണ്ട്. 2011 ജനുവരി 26ന് ഡി.വൈ.എഫ്.എെ. സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ "മദ്യാസക്തിക്കെതിരായ "ജനജാഗ്രതാ സദസ്' തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത വി.എസ്. മകനുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് മറുപടിയായി മദ്യപാനത്തെ പരസ്യമായി ന്യായീകരിച്ചത് ഏറെ തരംതാണ നടപടിയായിപ്പോയി' (ചുവന്ന അടയാളങ്ങള്‍ പേജ് 219).
സ്വയം നിര്‍മ്മിത രാഷ്ട്രീയ വിഗ്രഹത്തിന്റെ ജീവിതം തൊട്ടറിയാന്‍ ഇതിലുമധികം വിശദീകരണമാവശ്യമില്ല.
റഊഫിന്റെ വെളിപ്പെടുത്തല്‍ വിവാദത്തിന് വാര്‍ത്താ പ്രാധാന്യം നല്‍കിയ കുഞ്ഞാലിക്കുട്ടി വിഷയത്തിന്റെ ശില്‍പ്പികളും പ്രചാരകരുമാരെന്ന് സമൂഹം തിരിച്ചറിഞ്ഞെങ്കിലും ഇതിന്റെ ഉള്ളറകള്‍ കൂടുതല്‍ അന്വേിക്കുമ്പോഴാണ് ഇവരുടെ തനിനിറം വ്യക്തമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഈ വെടിമരുന്നുമായി റഊഫും സംഘവും ഇതിന് കൂട്ടാളികളെ അന്വേിച്ച് നടന്നതിന് ധാരാളം തെളിവുകളുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിക്കാനെത്തിയ ഈ ലേഖകനു മുമ്പില്‍ ഇപ്പോള്‍ പുറത്ത് വന്ന രേഖകളെല്ലാം കാണിച്ച് ഇത് റഊഫ് നല്‍കിയതാണെന്നും എന്നാല്‍ ഞാന്‍ ഇതില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ് തിരിച്ചയച്ച കാര്യവും മഅ്ദനി നേരിട്ട് എന്നോട് പറഞ്ഞതാണ്. മഅ്ദനി പോലും തിരിച്ചയച്ച വ്യാജ നിര്‍മ്മിത ഭാണ്ഡം ഇരുകയ്യും നീട്ടി വി.എസ്. അച്യുതാനന്ദന്‍ സ്വീകരിച്ചത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി അധികാരത്തില്‍ വരാമെന്ന വ്യാമോഹത്തോട് കൂടിയാണ്. നിരവധി ഗൂഢാലോചനാ യോഗങ്ങള്‍ക്ക് ശേഷം നിര്‍മ്മിച്ച ഈ ബോംബ് തെരഞ്ഞെടുപ്പ് മുഖത്ത് പൊട്ടിച്ച് ലാഭം കൊയ്യാമെന്ന് കരുതിയെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ തന്ത്രത്തിന് മുമ്പില്‍ അത് ഓലപ്പടക്കമായി മാറുകയാണ് ചെയ്തത്.
കുഞ്ഞാലിക്കുട്ടിയുടെ നിരപരാധിത്വം അധികം വൈകാതെ തന്നെ നിയമപരമായി തെളിയിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ ഈ ഗൂഢാലോചനയുടെ ക്രൂരത പൊതുസമൂഹം വിലയിരുത്തപ്പെടാതെ പോകരുത്. ഫാരിസ് അബൂബക്കറെ വെറുക്കപ്പെട്ടവനായി മാറ്റി നിര്‍ത്തിയ വി.എസ്. റഊഫ്, നന്ദകുമാര്‍ അടക്കമുള്ളവരുടെ ഉറ്റതോഴനായി മാറിയതിന്റെ പരിണാമദശ ശാസ്ത്രസാഹിത്യ പരിഷത്തിന് സാമൂഹിക പാഠമാക്കാവുന്ന ഒരു പുതിയ വിഷയമാണ്. ഒന്നര പതിറ്റാണ്ടിന്റെ വ്യാജാരോപണ അഗ്നിപര്‍വ്വതത്തില്‍ സ്വയം ഉരുകിയൊലിച്ചു പോകാതെ ജ്വലിച്ചു നില്‍ക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ആര്‍ജ്ജവമാണ് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന്റെ ഒന്നാമത്തെ തെളിവ്. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ വനവാസം പ്രതീക്ഷിച്ചവര്‍ക്ക് തന്റെ നിറസാന്നിദ്ധ്യം കൊണ്ട് മറുപടി പറയാന്‍ ഇതിനകം അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തിരുന്ന് നീതിന്യായ നിയമവ്യവസ്ഥകളെ മുഴുവന്‍ വിലക്കെടുത്തവനെന്ന് മുദ്രകുത്തി അല്‍ഭുത മനുഷ്യനായി കുഞ്ഞാലിക്കുട്ടിയെ അവതരിപ്പിച്ച വാര്‍ത്താമാധ്യമങ്ങള്‍ അല്പകാലത്തിനു ശേഷം തങ്ങളുടെ ലൈബ്രറികളില്‍ നിന്നു ഇതേ വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി കണ്ടാല്‍ വേദപുസ്തകത്തിലെ ഗുഹാവാസികളെ പോലെ അല്‍ഭുതം കൊണ്ട് ഞെട്ടാനാണ് സാധ്യത.

ഈ ഗൂഢാലോചനകള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. ലീഗ് പ്രതിയോഗികള്‍ ആവിഷ്കരിച്ചതാണിത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വിജയകരമായ മുന്നേറ്റത്തെ തകര്‍ക്കലാണ് ഒന്നാമത്തെ ലക്ഷ്യം. മുന്നണിപ്പോരാളികളെ വകവരുത്തി സൈന്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന യുദ്ധതന്ത്രമാണിത്. സമുദായത്തിനകത്തും പുറത്തും ഇത് കൈകാര്യം ചെയ്യുന്ന ശക്തികളെയും വ്യക്തികളെയും അടയാളപ്പെടുത്തിയാല്‍ ഇത് മനസ്സിലാകും. സമുദായത്തിനകത്ത് ലീഗ് തകര്‍ച്ചയിലൂടെ ബദല്‍ രാഷ്ട്രീയം കാണുന്ന ഗുണഭോക്താക്കളാണ് ഈ പ്രചാരണത്തിന് നിറം പകരുന്നത്.
ലീഗിന്റെ രാഷ്ട്രീയ ജീര്‍ണ്ണതകള്‍ ചൂണ്ടികാണിച്ച് പുതിയ ധാര്‍മ്മിക കൂടാരത്തിലേക്ക് സമുദായത്തെ ക്ഷണിക്കലാണ് ഇവരുടെ ഉദ്ദേശം. ഇടക്ക് പൊട്ടിമുളക്കുന്ന ഇടത് ബ്രാന്റ് ഈര്‍ക്കിള്‍ പാര്‍ട്ടികളാണ് സമുദായത്തിനകത്ത് ഇത്തരം നീക്കങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത്. കുഞ്ഞാലിക്കുട്ടിയേയും ലീഗിനേയും വേര്‍പ്പെടുത്തി അവതരിപ്പിക്കുന്നവരും, ലീഗില്‍ നിന്ന് തന്നെ ധാര്‍മ്മികതയുടെ അതിരുകള്‍ വരണ്ട് ചിലരെ പൊക്കികാണിക്കാന്‍ ഉദ്ദേശിക്കുന്നതുമെല്ലാം ലീഗ് രാഷ്ട്രീയം തകര്‍ക്കാന്‍ ലക്ഷ്യം വെക്കുന്നവരുടെ സൂത്രപണികളാണ്. സമുദായത്തിനകത്ത് കുഞ്ഞാലിക്കുട്ടി വിഷയം ആഘോഷിക്കുന്നവര്‍ വ്യാജ പ്രചാരണത്തിന്റെ മതശാസനകളെ പോലും പരിഗണിക്കാതെ നാവുനീട്ടി ഓടുന്നത് രാഷ്ട്രീയ താല്പര്യത്തിന്റെ ഭാഗമായിട്ടു തന്നെയാണ്. എന്നാല്‍ ഇതെല്ലാം തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം മുസ്ലിം ലീഗ് നേതൃത്വത്തിനുള്ളത് കൊണ്ട് പ്രതിയോഗികളുടെ സ്വപ്നം പൂവണിയാന്‍ പോകുന്നില്ല.




ലീഗ് രാഷ്ട്രീയം ദുര്‍ബ്ബലപ്പെടുത്താന്‍ ഇര തേടി നടക്കുന്നവര്‍ക്ക് മറ്റൊരു വിഷയം സമാനമായി കിട്ടുന്നതുവരെ ഈ വിഷയം തന്നെ ഇനിയും കൊണ്ടു നടക്കാനുള്ള തൊലിക്കട്ടി നല്‍കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നിര്‍ദ്ദേശിക്കാനില്ല.
തുടര്‍ന്ന് വായിക്കുക
Related Posts with Thumbnails