തങ്ങള്‍, അങ്ങ് ഉണ്ടായിരുന്നെങ്കില്‍ ടി. പത്മനാഭന്‍
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ഇംഗിഷ് ജനത വഴിതെറ്റുന്നതു കണ്ടു വില്യം വേര്‍ഡ്സ്വര്‍ത്ത് ’ലണ്ടന്‍, 1802 എന്ന കവിതയില്‍ എഴുതി: ’മില്‍ട്ടണ്‍, ഥൌ ഷുഡ്സ്റ്റ് ബി ലിവിങ് അറ്റ് ദിസ് അവര്‍... ഇംഗണ്ട് ഹാഥ് നീഡ് ഒാഫ് ഥീ... (മഹാകവി മില്‍ട്ടണ്‍, അങ്ങ് ഇന്നു ജീവിച്ചിരുന്നെങ്കില്‍... ഇംഗണ്ടിന് അങ്ങയെ ആവശ്യമുണ്ട്.) കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിഷമം പിടിച്ച, ദുരന്തങ്ങള്‍ പെയ്യാന്‍ കാത്തുനില്‍ക്കുന്ന ഈ സമയത്ത്, മലയാളത്തിലൊരു വേര്‍ഡ്സ്വര്‍ത്ത് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ എഴുതുമായിരുന്നു: ’ശിഹാബ് തങ്ങള്‍, യു ഷുഡ്സ്റ്റ് ബി ലിവിങ് അറ്റ് ദിസ് അവര്‍... തങ്ങള്‍, അങ്ങ് ഉണ്ടായിരുന്നെങ്കില്‍...
പാണക്കാട് മുഹമ്മദലി
ശിഹാബ് തങ്ങളെ ഞാന്‍ നേരിട്ടു കണ്ടിട്ടില്ല. എന്നെങ്കിലും കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങോട്ടു ചെന്നു പരിചയപ്പെടണമെന്നു ഞാന്‍ ആഗ്രഹിച്ച ചുരുക്കം പേരിലൊരാള്‍. സൌകര്യം കിട്ടി ഞാന്‍ പാണക്കാട്ടെ വീട്ടിലെത്തുമ്പോഴേക്കു തങ്ങള്‍ നമ്മളെ വിട്ടുപോയിരുന്നു. തങ്ങള്‍ മരിച്ചു ദിവസങ്ങള്‍ക്കു ശേഷവും പാണക്കാട്ടെ മുറ്റത്തു വലിയ ജനക്കൂട്ടത്തെ ഞാന്‍ കണ്ടു. അതില്‍ മുസ്ലിംകള്‍ മാത്രമായിരുന്നില്ല.
മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടക്കച്ചവടത്തിനു പാണക്കാട് തങ്ങള്‍ കാണിച്ച ധൈര്യമാണു കേരളത്തില്‍ ഇന്നും മതസൌഹാര്‍ദം പുലരാന്‍ കാരണമെന്നു ഞാന്‍ വിശ്വസിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്ത ദിവസം, ഇന്ത്യയുടെ പല ദിക്കിലും ചോരപ്പുഴകള്‍ ഒഴുകിയപ്പോള്‍ കേരളം
മാത്രം ശാന്തമായി നിലകൊണ്ടതു ശിഹാബ് തങ്ങളുടെ സാന്നിധ്യം കൊണ്ടായിരുന്നു. മുസ്ലിം ലീഗിനെ സംബന്ധിച്ചു വലിയ നഷ്ടക്കച്ചവടമായിരുന്നു അത്. ആ ശാന്തതയ്ക്കു പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരും എന്നറിയാത്ത വിഡ്ഢിയായിരുന്നില്ല തങ്ങള്‍. അസംതൃപ്തരായ മുസ്ലിം ചെറുപ്പക്കാര്‍ കൂട്ടത്തോടെ മുസ്ലിം ലീഗ് വിട്ടു കൊച്ചുകൊച്ചു തീവ്രവാദ സംഘടനകളിലേക്കു മാറുന്നതും മറ്റൊരു കൂട്ടര്‍ ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടുപോകുന്നതും ശിഹാബ് തങ്ങളുടെ സംയമനത്തിനു തടസ്സമായില്ല. ബാബറി മസ്ജിദ് പ്രശ്നത്തില്‍ വൈകാരികമായൊരു പ്രതികരണത്തിനു മുസ്ലിം ലീഗ് തയാറായില്ല. ശിഹാബ് തങ്ങള്‍ അതിന് അനുവദിച്ചില്ല. അന്നു മറിച്ചു സംഭവിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താവുമായിരുന്നു?
കഥകളിയില്‍, കോട്ടയ്ക്കല്‍ ശിവരാമന്റെയും കലാമണ്ഡലം ഗോപിയുടെയും വേഷങ്ങളെക്കാള്‍ സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുക ചെറുവേഷക്കാരായ ചുവന്ന താടികളെയാണ്. ചുവന്ന താടിക്കാരുടെ അലര്‍ച്ച കാണികളെ ആകര്‍ഷിക്കും. ശ്രീകൃഷ്ണന്റെയും നളന്റെയുമൊക്കെ വേഷം കെട്ടുന്നവരുടെ മഹത്വം കഥകളി അറിയുന്നവര്‍ക്കേ മനസ്സിലാവൂ. അന്നത്തെ കേരള രാഷ്ട്രീയത്തില്‍ പലരും ചുവന്നതാടിക്കാരായി ആര്‍ത്തുവിളിച്ചു കാണികളുടെ കയ്യടി നേടാന്‍ ശ്രമിച്ചപ്പോള്‍ ശിഹാബ് തങ്ങള്‍ സൌമ്യനായി നിന്നു നായകവേഷമണിഞ്ഞു. ആ വേഷത്തിന്റെ മഹത്വം മലയാളി ഇപ്പോള്‍ തിരിച്ചറിയുന്നു
---------------------------------------------------------------------------------------------------------------
മരിച്ചാലും മായാത്ത ചിരിനിലാവായി മലയാളിയുടെ ജീവിതത്തിന് ഇന്നും സുഗന്ധം പകരുകയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. വിയോഗത്തിന്റെ ഒന്നാം വാര്‍ഷികത്തിലും ശിഹാബ് തങ്ങളുടെ നിറപുഞ്ചിരി ഇന്നലെ കണ്ടതുപോലെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. ആരെയും ആകര്‍ഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത മന്ദഹാസം. വിനയവും വിവേകവും കൈവിടാത്ത ജീവിതം. സംഘര്‍ഷാന്തരീക്ഷത്തിലും സൌഹാര്‍ദത്തിന്റെ കൈത്തിരി അണയാതെ സൂക്ഷിച്ച നായകന്‍.
സമാനതകളില്ലാത്ത ദൌത്യപൂര്‍ത്തീകരണത്തിനു ശേഷം 2009 ഒാഗസ്റ്റ് ഒന്നിനാണു ശിഹാബ് തങ്ങള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയുമായിരുന്നു ശിഹാബ് തങ്ങളുടെ
മുഖമുദ്ര. സൌമ്യഭാവം. പതിഞ്ഞ ശബ്ദം. ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും. ആര്‍ക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതില്‍. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ് - ഇതായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാ ബ് തങ്ങള്‍.
സമൂഹത്തിന് ആത്മീയ രംഗത്തും രാ ഷ്ട്രീയ രംഗത്തും ഒരേ സമയം നേതൃത്വം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പേരിലൊരാളാണ് ശിഹാബ് തങ്ങള്‍. പിതാവിനു പിന്‍ഗാ മിയായി കേരള മുസ്ലിംകള്‍ക്ക് ആത്മീയ-രാഷ്ട്രീയ നേതൃസ്ഥാനത്ത് 34 വര്‍ഷം പിന്നിട്ട ശേഷമായിരുന്നു തങ്ങളുടെ മരണം. സ്വന്തം പിതാവ് ഈ സ്ഥാനത്തിരുന്നതിനേക്കാള്‍ അനേകമടങ്ങ് കൂടുതല്‍ കാലം.
ഉറവ വറ്റാത്ത സ്നേഹവും നിലയ്ക്കാത്ത ശാന്തിമന്ത്രവും
തെറ്റാത്ത നീതിശാസ്ത്രവുമാണ് ശിഹാബ് തങ്ങളെ ശ്രദ്ധേയനാക്കിയത്. അതുകൊണ്ടാണ് അഷ്ടദിക്കില്‍നിന്നും ആളുകള്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ അണമുറിയാതെ എത്തിയിരുന്നതും. തങ്ങളുടെ വിയോഗത്തിന് ഒരാണ്ട് പിന്നിടുമ്പോഴും ഇൌ പ്രവാഹം തുടരുന്നു.
അനേകകാലം പരസ്പരം പോരടിച്ച വസ്തുതര്‍ക്കങ്ങളും കേസുകളുമെല്ലാം ശിഹാബ് തങ്ങളുടെ മധ്യസ്ഥതയില്‍, അദ്ദേഹത്തിന്റെ വിധിയില്‍ തീര്‍പ്പാകുന്നത് പതിവായിരുന്നു. രോഗശാന്തിയും മനഃശാന്തിയും തേടി നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തി. തങ്ങളുടെ സാമീപ്യവും പ്രാര്‍ഥനയും അനുഗ്രഹവുമായിരുന്നു അവര്‍ക്കുള്ള മരുന്നുകള്‍. കേരളത്തിലെ മുന്നൂറിലേറെ മഹല്ലുകളുടെ ഖാസിയായിരുന്നു ശിഹാബ് തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളജ് മുതല്‍ അനേകം മത സ്ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനുമായും സേവനം ചെയ്തു. മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതം ചെറുതുമായ സ്ഥാപനങ്ങള്‍ ഇതില്‍പ്പെടും. പള്ളി, മദ്റസാ കമ്മിറ്റികളും യത്തീംഖാനകളും കോളജുകളുമെല്ലാം. അനുഗ്രഹത്തിനും നന്മയ്ക്കും വേണ്ടി തങ്ങളെ നേതൃസ്ഥാനത്ത് നിര്‍ബന്ധിച്ചിരുത്തുന്നതായിരുന്നു പലതും.
മുസ്ലിം ലീഗ് നേതൃത്വത്തിലേക്ക്
പട്ടികകളിലൊതുങ്ങാത്തത്ര സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു ശിഹാബ് തങ്ങള്‍. ഇവയില്‍ ഒന്നു പോലും തങ്ങള്‍ ആഗ്രഹിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. മുപ്പത്തൊന്‍പതാം വയസ്സില്‍, 1975 സെപ്റ്റംബര്‍ ഒന്നിന് ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ആ തീരുമാനത്തില്‍ അല്‍പമെങ്കിലും ശങ്ക ഉണ്ടായിരുന്നതു തങ്ങള്‍ക്കു മാത്രമായിരുന്നു. അധികാരം വിളിപ്പുറത്തായിട്ടും ശിഹാബ് തങ്ങളോ പാണക്കാട് കുടുംബത്തിലെ മറ്റുള്ളവരോ അത് ആഗ്രഹിച്ചില്ല. ജനമനസ്സുകളില്‍ ലഭിച്ച അധികാരത്തിനപ്പുറത്തെ അംഗീകാരമാണ് ഏറ്റവും അമൂല്യമെന്ന് അവര്‍ വിശ്വസിക്കുന്നു. അതേസമയം, ശിഹാബ് തങ്ങള്‍ക്കു കീഴിലാണ് മുസ്ലിംലീഗ് എക്കാലത്തെയും മികച്ച രാഷ്ട്രീയ വിജയങ്ങള്‍ നേടിയത് - അല്‍പകാലത്തേക്കാണെങ്കിലും സി.എച്ച്. മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയായതുള്‍പ്പെടെ.
കോയ മോന്‍
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ. പൂക്കോയ തങ്ങള്‍) ആയിഷാ ബീവിയുടെയും മകനായി 1936 മേയ് നാലിനായിരുന്നു ശിഹാബ് തങ്ങളുടെ ജനനം. വീട്ടിലും കുടുംബത്തി നകത്തും കോയമോന്‍ എന്നായിരുന്നു വിളിപ്പേര്. പാണക്കാട് ഡി.എം.ആര്‍.ടി. സ്കൂളില്‍ പ്രാഥമിക പഠനം. ഫസ്റ്റ് ഫോം മുതല്‍ എസ്.എസ്.എല്‍.സി. വരെ കോഴിക്കോട് എം.എം. ഹൈസ്കൂളിലായിരുന്നു. 1953ല്‍ എസ്.എസ്.എല്‍.സി. വിജയിച്ച ശേഷം നാലു വര്‍ഷത്തോളം വിവിധ പള്ളി ദര്‍സുകളില്‍ മതപഠനം. മലപ്പുറം ജില്ലയില്‍ തിരൂരിനടുത്തു തലക്കടത്തൂര്‍, രണ്ടത്താണിക്കടുത്തു കാനാഞ്ചേരി, തോഴന്നൂര്‍ തുടങ്ങിയ പള്ളികളിലായിരുന്നു ദര്‍സ് പഠനം. പൊന്മള മൊയ്തീന്‍കുട്ടി മുസ്ല്യാരാണ് പ്രധാന ഉസ്താദ്. എം.എം. ഹൈസ്കൂളിലെ ശേഷനാരായണനും ശിഹാബ് തങ്ങള്‍ എന്നും ഓര്‍മിച്ചിരുന്ന ഗുരുനാഥന്മാരുടെ പട്ടികയിലുണ്ട്.
ധന്യമായ പഠനകാലം
ഈജിപ്തിലെ ലോകപ്രശസ്തമായ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ 1958ല്‍ ഉപരിപഠനത്തിനെത്തി. അല്‍ അസ്ഹറില്‍ സ്കോളര്‍ഷിപ്പോടെയുള്ള പഠനത്തിനു ശേഷം 1961ല്‍ പ്രശസ്തമായ കെയ്റോ സര്‍വകലാശാലയില്‍ അറബിക് ഭാഷാ പഠനവിഭാഗത്തില്‍ ചേര്‍ന്നു. അഞ്ചുവര്‍ഷത്തെ പഠന ശേഷം ലിസാന്‍സ് സാഹിത്യ ബിരുദം നേടി. ഡോ. ഇസ്സുദ്ദീന്‍ ഫരീദ്, ശൌഖീ ളൈഫ്, യുസഫ് ഖുലൈഫ് തുടങ്ങിയവരായിരുന്നു ഉപരിപഠന കാലത്തെ പ്രധാന ഗുരുനാഥന്മാര്‍. മാലിദ്വീപ് പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം സഹപാഠിയായിരുന്നു.
സൂഫിസം, അധ്യാപനം
കയ്റോ സര്‍വകലാശാലയിലെ പഠന കാലത്ത് സൂഫിസത്തില്‍ ആകൃഷ്ടനായ ശിഹാബ് തങ്ങള്‍ ഷെയ്ഖ് അബ്ദുല്‍ ഹലീം മഹ്മൂദ് എന്ന പണ്ഡിതനു കീഴില്‍ പഠനം ആരംഭിച്ചു. സൂഫിവര്യനായ ഷെയ്ഖ് ഹലീമിനു കീഴില്‍ മൂന്നു വര്‍ഷത്തെ ശിക്ഷണം ശിഹാബ് തങ്ങള്‍ക്കു ലഭിച്ചു. വായനയും എഴുത്തുമായിരുന്നു അക്കാലത്ത് ശിഹാബ് തങ്ങളുടെ താല്‍പര്യങ്ങള്‍. മലയാളത്തിലും അറബിയിലുമുള്‍പ്പെടെ അനേകം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പഠനകാലത്തിനു ശേഷം കയ്റോ സര്‍വകലാശാലയില്‍ തന്നെ അധ്യാപകനാകാന്‍ തങ്ങള്‍ക്ക് അവസരം ലഭിച്ചതാണ്. അറുപതുകളില്‍ അന്നത്തെ പതിനായിരം രൂപ ശമ്പളമുള്ള ജോലിയായിരുന്നു അത്. ഈ തസ്തികയിലേക്ക് മകന് ജോലി നല്‍കുന്നതു സംബന്ധിച്ച് സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അസ്ഹരി, ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങള്‍ക്ക് എഴുതിയിരുന്നു. പണം വേണ്ട, നമുക്ക് കോയമോനെ മതി എന്നായിരുന്നുവത്രെ പൂക്കോയ തങ്ങളുടെ പ്രതികരണം. അദ്ദേഹം, മകനെ നാട്ടിലേക്കു തിരിച്ചുവിളിച്ചു. പില്‍ക്കാലത്ത് കേരളമുസ്ലിംകളുടെ സാരഥ്യം തന്റെ മകന്റെ കൈകളിലെത്തുമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തിരിക്കാം.
വിവാഹം, മക്കള്‍
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകള്‍ ശരീഫ ഫാത്തിമ ബീവിയായിരുന്നു ശിഹാബ് തങ്ങളുടെ ഭാര്യ. 1966 നവംബര്‍ 24നായിരുന്നു വിവാഹം. ശിഹാബ് തങ്ങള്‍ എഴുതിയ ലേഖനം വായിക്കാന്‍ കൊടുത്ത് അഭിപ്രായം തേടിയാണ് ബാഫഖി തങ്ങള്‍ മകള്‍ക്ക് തന്റെ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയതത്രെ. യാത്രയും സ്നേഹസല്‍ക്കാരങ്ങളും ഫാത്തിമ ബീവിക്ക് എന്നും ഇഷ്ടമായിരുന്നു. കേരളത്തിലും പുറത്തും ശിഹാബ് തങ്ങള്‍ക്കൊപ്പം മിക്ക യാത്രകളിലും ഉണ്ടാകാറുള്ള ഫാത്തിമ ബീവി, 2006 ഏപ്രിലില്‍ ശിഹാബ് തങ്ങള്‍ വിദഗ്ധ ചികില്‍സയ്ക്കു യു.എസിലേക്കു പോകുമ്പോള്‍ ഭര്‍ത്താവിനൊപ്പം പോയില്ല. ഭര്‍ത്താവിനെ വിദേശത്തേക്ക് ഒറ്റയ്ക്കയച്ച്, ജീവിതയാത്രയുടെ പടികടന്ന് അവര്‍ പോയി - 2006 ഏപ്രില്‍ 21ന് പുലര്‍ച്ചെ ഫാത്തിമ ബീവി അന്തരിച്ചു.
അമേരിക്കയില്‍ ആശുപത്രിക്കിടക്കയില്‍ കഴിയുന്ന ഭര്‍ത്താവിനു വേണ്ടി ഉംറ നിര്‍വഹിക്കാനും പ്രാര്‍ഥിക്കാനുമായി മക്കയിലേക്കു പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു അന്ത്യം. ശിഹാബ് തങ്ങള്‍ക്ക് അഞ്ചു മക്കള്‍ - മൂന്ന് പെണ്ണും രണ്ട് ആണും. കെ.എം.ഇ.എ. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സുഹറ, ഫൈറൂസ്, സമീറ എന്നിവരാണു മക്കള്‍. മരുമക്കള്‍: സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, സയ്യിദ് ലുഖ്മാന്‍ തങ്ങള്‍, സയ്യിദ് യൂസഫ് ഹൈദ്രോസ് തങ്ങള്‍, ഷമീമ, ശരീഫ ഹനിയ. ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഈജിപ്തിനും പുറമെ യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഓസ്ട്രേലിയ, ഇറ്റലി, സിംഗപ്പൂര്‍, പലസ്തീന്‍, ഇറാന്‍, യെമന്‍, മലേഷ്യ തുടങ്ങിയ അനേകം രാജ്യങ്ങളും തങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
നേതൃകുടുംബം
മുഹമ്മദലി ശിഹാബ് തങ്ങളുടെ പിന്‍ഗാമികളായി സഹോദരന്മാരും ആത്മീയ-രാഷ്ട്രീയ രംഗങ്ങളില്‍ നേതൃത്വം നല്‍കുന്നവരാണ്. (പൂക്കോയ തങ്ങള്‍ക്ക് രണ്ട് പെണ്‍മക്കള്‍ ഉള്‍പ്പെടെ ഏഴു മക്കളായിരുന്നു). മുഹമ്മദലി ശിഹാബ് തങ്ങളുടെ അനിയന്‍ ഉമറലി ശിഹാബ് തങ്ങള്‍, കേരളത്തിലെ മുസ്ലിംകളില്‍ പ്രമുഖ വിഭാഗമായ സുന്നികളുടെ പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വൈസ് പ്രസിഡന്റായിരുന്നു. 2008ലാണ് അദ്ദേഹം അന്തരിച്ചത്. മുസ്ലിംലീഗ് പാര്‍ലമെന്ററി ബോര്‍ഡ് അംഗം, എസ്.വൈ.എസ്. പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഉമറലി തങ്ങള്‍ വഹിച്ചിരുന്നു. ശിഹാബ് തങ്ങള്‍ക്കു ശേഷം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് മൂന്നാമത്തെ സഹോദരന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ്. എസ്.എം.എഫ്., എസ്.വൈ.എസ്. തുടങ്ങിയ സംഘടനകളുടെ സാരഥ്യത്തിലും ഹൈദരലി തങ്ങളുണ്ട്. നാലാമത്തെ സഹോദരന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാണ്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സാഹിത്യ അക്കാദമി, ഇസ്ലാമിക് സെന്റര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ തുടങ്ങിയവയ്ക്കും സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കുന്നു. ഇളയ സഹോദരന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റും മുസ്ലിംലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റുമാണ്.
സ്നേഹസ്മരണ
പാരമ്പര്യവും കടപ്പാടും നിലനിര്‍ത്തുന്നതാണ് പാണക്കാട് തങ്ങന്മാരുടെ പേരുകള്‍. പി.എം.എസ്.എ. പൂക്കോയ തങ്ങളെ പിതൃസഹോദരന്‍ അലി പൂക്കോയ തങ്ങളാണ് വളര്‍ത്തിയത്. മക്കളില്ലാതിരുന്ന അലി പൂക്കോയ തങ്ങള്‍ പൂക്കോയ തങ്ങള്‍ക്ക് പാണക്കാട് കൊടപ്പനക്കല്‍ തറവാടു വീടും നല്‍കി. തന്നെ സ്വന്തം മകനെപ്പോലെ വളര്‍ത്തിയ അലീ പൂക്കോയ തങ്ങളുടെ സ്മരണ നിലനിര്‍ത്താന്‍ പി.എം.എസ്.എ. തങ്ങള്‍ മക്കളുടെയെല്ലാം പേരിനൊപ്പം അലി ചേര്‍ത്തു. ശിഹാബ് എന്നത് കുടുംബപ്പേരാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സന്താന പരമ്പരയ്ക്ക് കേരള സമൂഹം ആദരിച്ചു നല്‍കുന്ന സ്ഥാനമാണ് തങ്ങള്‍ എന്നത്. തങ്ങന്മാര്‍ പലരുടെയും ഔദ്യോഗിക പേരിനൊപ്പം തങ്ങള്‍ എന്നത് ഉണ്ടാകാറില്ല.
പേരിലെ പെരുമ
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിനു തന്നെയുണ്ട് വലിയൊരു ചരിത്രം. നൂറ്റാണ്ടുകള്‍ക്കുമുന്‍പ്, വൈരം തീര്‍ക്കാന്‍ വധം പാടില്ലെന്ന സാരോപദേശം നല്‍കിയ ചരിത്രമുണ്ട് പാണക്കാട് എന്ന ഗ്രാമത്തിന്. പേരിനൊപ്പം സ്ഥലപ്പേരു കൂടി ചേര്‍ത്ത് ആദ്യം അറിയപ്പെട്ടത് പിതാവ് പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളായിരുന്നു. പുതിയമാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പൂര്‍ണപേര്. തുടര്‍ന്നു മകന്റെ പേരിനൊപ്പവും സ്ഥലപ്പേര് അറിയപ്പെട്ടു. സയ്യിദ്, തങ്ങള്‍ എന്നിവ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബത്തെ ആദരപൂര്‍വം വിശേഷിപ്പിക്കുന്ന അറബിക്, മലയാളം വാക്കുകളാണ്. സയ്യിദ് എന്ന വാക്കിന് നേതാവെന്നര്‍ഥം.
ആധുനിക അറബിക് ഭാഷയില്‍ ആദരസൂചകമായും സയ്യിദ് ഉപയോഗിക്കുന്നു.
വംശാവലിയുടെ പേരാണു ശിഹാബ്. യെമനില്‍, ഹളര്‍മൌത്തിലെ തരീമില്‍ നിന്നാണു ശിഹാബ് തങ്ങളുടെ കുടുംബം കേരളത്തിലെത്തിയത്. തരീമില്‍ എഡി 1487ല്‍ ജനിച്ച സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്‍ ആണ് ഇൌ വംശാവലിയുടെ നാഥന്‍. ശിഹാബ് തങ്ങളുടെ പതിനാറാമത്തെ പിതാമഹനാണ് അഹ്മദ് ശിഹാബുദ്ദീന്‍. ഇദ്ദേഹത്തിന്റെ പിന്‍തലമുറയെല്ലാം ശിഹാബുദ്ദീന്‍ കുടുംബം എന്ന പേരിലാണ് അറിയപ്പെട്ടത്. പാണക്കാട് തങ്ങളുടെയും പൂര്‍ണമായ വംശപ്പേര് ശിഹാബുദ്ദീന്‍ ആണ് - ഇതാണ് ’ശിഹാബ് എന്ന പേരില്‍ ചുരുക്കി വിളിക്കുന്നത്. പിതാവ് പൂക്കോയതങ്ങള്‍ ഇൌ വംശപ്പേരു ചേര്‍ത്തല്ല അറിയപ്പെട്ടിരുന്നത്. മകന്‍, കയ്റോയിലെ
പഠനകാലത്ത് ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയപ്പോള്‍ സയ്യിദ് മുഹമ്മദലി ശിഹാബ് എന്ന പേരു സ്വീകരിച്ചു. ശിഹാബ് എന്ന വാക്കിനു തീജ്വാല, മിന്നല്‍പ്പിണര്‍ എന്നൊക്കെയാണ് അര്‍ഥം. പിന്നീട്, സഹോദരന്മാരും മക്കളും ഇൌ പാത സ്വീകരിച്ചു പേരിനൊപ്പം ശിഹാബ് ചേര്‍ത്തു.
ഒരു കടപ്പാടിന്റെ മുദ്രയാണ് അലി. പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ പിതാവ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെ സഹോദരനായിരുന്നു അലി പൂക്കോയ തങ്ങള്‍. പിഎംഎസ്എ തങ്ങള്‍ ചെറിയ കുട്ടിയായിരിക്കെ പിതാവ് മരണമടഞ്ഞു. പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ ഉടമയായ അലി തങ്ങള്‍ക്കാകട്ടെ മക്കളില്ലായിരുന്നു. പിഎംഎസ്എ പൂക്കോയ തങ്ങളെ സ്വന്തം മകനെപ്പോലെ വളര്‍ത്തിയ അലി പൂക്കോയ തങ്ങള്‍ കൊടപ്പനക്കല്‍ തറവാടും ദാനമായി നല്‍കി. ഇൌ സ്നേഹത്തിന്റെ സ്മരണയായിട്ടാണ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ മക്കളുടെയെല്ലാം പേരിനൊപ്പം അലി ചേര്‍ത്തത്. ശിഹാബ് തങ്ങളും സഹോദരന്മാരും മക്കളുമെല്ലാം ഇൌ പാത പിന്തുടര്‍ന്നു. ഇന്ന്, കൊടപ്പനക്കല്‍ തറവാട്ടിലെ പുരുഷന്മാരുടെയെല്ലാം പേരിനൊപ്പം അലിയുണ്ട്.
മുഹമ്മദ് എന്നത് പ്രവാചകന്റെ പേരാണ്. വാഴ്ത്തപ്പെട്ടവന്‍, പ്രശംസനീയന്‍ എന്നൊക്കെയാണ് അര്‍ഥം. അറേബ്യയിലോ ലോകത്തിന്റെ മറ്റുഭാഗത്തോ പ്രവാചകനു മുന്‍പ് ഒരാള്‍ക്കും മുഹമ്മദ് എന്ന പേര് ഇല്ലായിരുന്നുവത്രെ. പതിവില്ലാത്ത ഇൌ പേര് എന്തിനാണു നല്‍കുന്നതെന്നു ചോദിച്ചപ്പോള്‍ ഇനി വരുന്ന സമൂഹമെല്ലാം ഇൌ കുട്ടിയെ പ്രശംസിക്കണമെന്നായിരുന്നുവത്രെ പിതാമഹന്റെ മറുപടി. പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പേര് പൂര്‍ണമായി ഉച്ചരിക്കുമ്പോഴേക്കും നൂറ്റാണ്ടുകളുടെ ചരിത്രത്തിലൂടെയാണു കടന്നുപോകുന്നത്. വീട്ടില്‍ കോയ മോന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്; സ്കൂള്‍ രേഖകളില്‍ പൂക്കോയ എന്നും.
സേവന വഴിയില്‍
സേവനത്തിന്റെ വഴിയിലായിരുന്നു ശിഹാബ് തങ്ങളുടെ ജീവിതം. നേതൃസ്ഥാനത്തെത്തുന്നതിന് മുന്‍പ്, അറുപതുകളില്‍ ഹജ് വൊളന്റിയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, തങ്ങള്‍. അന്നു ഹജ്ജിന് ആഴ്ചകള്‍ നീളുന്ന കപ്പല്‍ യാത്രയാണ്. കപ്പല്‍ പുറങ്കടലിലെത്തുന്നതോടെ കടല്‍ച്ചുരുക്ക് അനുഭവപ്പെട്ടു യാത്രക്കാര്‍ക്കു ഛര്‍ദി തുടങ്ങും. കപ്പലിലുടനീളം ഒാടിനടന്നു ശുദ്ധിയാക്കാനും യാത്രക്കാര്‍ക്കു സേവനം നല്‍കാനും തങ്ങള്‍ മുന്നിലുണ്ടായിരുന്നു. പിതാവ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ മുസ്ലിംലീഗ് പ്രസിഡന്റായിരിക്കെ, വീട്ടിലെത്തുന്ന സന്ദര്‍ശകര്‍ക്കു ചായ നല്‍കുന്ന ജോലി ഏറ്റെടുക്കാന്‍ മകന് ഒരു മടിയുമില്ലായിരുന്നു. ആറുവര്‍ഷത്തിലേറെ നീണ്ട വിദേശ വിദ്യാഭ്യാസം കഴിഞ്ഞെത്തിയ ഒരാള്‍ ഇത്ര വിനീതനാകുന്നത് അക്കാലത്തെ അത്യദ്ഭുതമായിരുന്നു.
അധികാരത്തില്‍നിന്ന് അകലെ
വഹിച്ച സ്ഥാനങ്ങളേക്കാളേറെയായിരുന്നു ശിഹാബ് തങ്ങള്‍ നിരസിച്ച കസേരകള്‍. രാജ്യസഭാ എംപിയാകാനുള്ള നിര്‍ദേശം എഴുപതുകളില്‍ തങ്ങള്‍ നിരസിച്ചിരുന്നു. നിയമസഭയിലോ കേന്ദ്ര, സംസ്ഥാന മന്ത്രിസഭകളിലോ അംഗമാകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ ആരും ലീഗിലെ ആരും വഴിമാറിക്കൊടുക്കുമായിരുന്നു. പക്ഷേ, തങ്ങള്‍ സ്വീകരിച്ചത്, 34 വര്‍ഷം മുന്‍പു തന്നെ നിര്‍ബന്ധിച്ചേല്‍പിച്ച കസേര മാത്രമാണ്. 1975 ജൂലൈ ആറിന് പിഎംഎസ്എ പൂക്കോയ തങ്ങളുടെ നിര്യാണത്തെത്തുടര്‍ന്നാണു മകന്‍ മുഹമ്മദലി ശിഹാബ് തങ്ങളെ പ്രസിഡന്റ് സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. ഉടന്‍ ഒരു മറുപടി പറയാവുന്ന സാഹചര്യമായിരുന്നില്ല തങ്ങള്‍ക്ക്. ’40 ദിവസം കഴിയട്ടെ, എന്നിട്ടു തീരുമാനിക്കാം എന്നായിരുന്നു മറുപടി. മരണശേഷമുള്ള പ്രധാന ചടങ്ങുകളിലൊന്നാണു നാല്‍പതാം ദിനം. ഇതു കഴിഞ്ഞ ശേഷം ഒാഗസ്റ്റ് 31ന് കോഴിക്കോട്ടു ചേരുന്ന മുസ്ലിംലീഗ് സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ തങ്ങളെ തിരഞ്ഞെടുക്കാനായിരുന്നു തീരുമാനം. യോഗത്തിനെത്തിയ ഒരു കൌണ്‍സിലറുടെ മരണത്തെത്തുടര്‍ന്ന് ഒരു ദിവസത്തേക്കു യോഗം മാറ്റി. സെപ്റ്റംബര്‍ ഒന്നിന് തങ്ങള്‍ ചരിത്രദൌത്യമേറ്റു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള അഭ്യര്‍ഥന രണ്ടുതവണയാണു തങ്ങള്‍ നിരസിച്ചത്. 1993ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് ഒഴിഞ്ഞപ്പോഴും കഴിഞ്ഞ വര്‍ഷം ജി.എം. ബനാത്ത്വാല അന്തരിച്ചപ്പോഴും.
കഥയെഴുത്തിലെ തങ്ങള്‍
എഴുത്തും അധ്യാപനവുമായിരുന്നു ശിഹാബ് തങ്ങളുടെ ഇഷ്ടവിഷയങ്ങള്‍. ഇൌജിപ്തില്‍ അല്‍ അസ്ഹറിലെ പഠനകാലത്ത് ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയ തങ്ങള്‍ ഖലീല്‍ ജിബ്രാന്റെ ചെറുകഥ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശ്മശാനഭൂമി എന്നാണ് ഇൌ കഥയുടെ പേര്. അറബിയില്‍ ചില കവിതകള്‍ എഴുതി പ്രസിദ്ധീകരിച്ചിരുന്ന തങ്ങളെ ഏതാനും വര്‍ഷം മുന്‍പ് കെയ്റോയിലെ ആഗോള അറബി സാഹിത്യ സമ്മേളനത്തിലേക്ക് പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ചിരുന്നു. പിരമിഡുകള്‍ സന്ദര്‍ശിച്ചു ഫീച്ചര്‍ തയാറാക്കിയ തങ്ങള്‍ സൂയസ് കനാലും നാസര്‍ പദ്ധതിയും, ഇൌജിപ്തിലെ പത്രപ്രവര്‍ത്തനം തുടങ്ങിയ ലേഖനങ്ങളുമെഴുതി.
ശാന്തിമന്ത്രവുമായി തമിഴ്നാട്ടിലും
ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ ഒരിക്കല്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഒരു മസ്ജിദ് പൊളിച്ചതു വന്‍ വിവാദമായിരുന്നു. ഇൌ സംഘര്‍ഷം ലഘൂകരിക്കാന്‍ ശാന്തിമന്ത്രവുമായി ഇടപെട്ടത് ശിഹാബ് തങ്ങളാണ്. പിന്നീടു സര്‍ക്കാര്‍ ചെലവില്‍ മസ്ജിദ് നിര്‍മിച്ചപ്പോള്‍ തറക്കല്ലിടാനും ഉദ്ഘാടനത്തിനും ജയലളിത ക്ഷണിച്ചത് ശിഹാബ് തങ്ങളെയായിരുന്നു.
അറിയപ്പെടാത്ത ഗായകന്‍
നേര്‍ത്ത ശബ്ദത്തില്‍ മധുരമായി പാടുമായിരുന്നു ശിഹാബ് തങ്ങള്‍. കോഴിക്കോട് എംഎം ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ എല്ലാ വ്യാഴാഴ്ചയും ഉച്ചകഴിഞ്ഞു സാഹിത്യസമാജമാണ്. പ്രസംഗം, പ്രബന്ധം, ഗാനം.... ഇങ്ങനെ എന്തെങ്കിലുമൊരു പരിപാടിയില്‍ എല്ലാ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്നതു നിര്‍ബന്ധം. തന്റെ ഉൌഴമെത്തുമ്പോള്‍ ഗാനം തിരഞ്ഞെടുക്കുകയായിരുന്നു ശിഹാബ് തങ്ങളുടെ രീതി. ഹിന്ദി പാട്ടുകളായിരുന്നു ഏറെയിഷ്ടം. എംഎം ഹൈസ്കൂളിലെ അക്കാലത്തെ വിദ്യാര്‍ഥികള്‍ അരനൂറ്റാണ്ടിനു ശേഷം സംഗമം നടത്തിയപ്പോഴും പഴയ ക്ളാസ് മുറി അതുപോലെ പുനഃസൃഷ്ടിച്ചു. ചരിത്രത്തിന്റെ പുനരാവര്‍ത്തനം പോലെ ശിഹാബ് തങ്ങള്‍ അന്നും ഒരു പാട്ടുപാടി. പഠനത്തിനായി ഇൌജിപ്തിലെത്തിയപ്പോള്‍ അറബ് സംഗീതലോകവുമായും അടുത്തു പരിചയപ്പെട്ടു. അന്ന് ഇൌജിപ്തിലെ രണ്ടു പ്രശസ്ത ഗായികയുടെ പേരാണ് തങ്ങള്‍ മകള്‍ക്കു നല്‍കിയത് - ഫൈറൂസ്.
സോണിയയുടെ ആദരം
ശിഹാബ് തങ്ങളോട് രാജ്യം കാണിക്കുന്ന ആദരത്തിന് ഉത്തമോദാഹരണമായിരുന്നു 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കോഴിക്കോട്ടെത്തിയ സോണിയഗാന്ധിയുടെ പ്രവര്‍ത്തനം. കടപ്പുറത്തെ സ്റ്റേജില്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കായി ഒരു കസേര മുന്‍പോട്ടു നീക്കിയിട്ടതായിരുന്നു. പിന്നിലെ നിരയിലായിരുന്നു മറ്റെല്ലാവരും. സ്റ്റേജിലെത്തിയ സോണിയഗാന്ധി പിന്നിലെ നിരയില്‍നിന്ന് ഒരു കസേര സ്വയം മുന്നിലേക്കു നീക്കിയിട്ടു ശിഹാബ് തങ്ങളെ ക്ഷണിച്ചിരുത്തി.
വിവേകപൂര്‍ണവും സന്തുലിതവുമായ നിലപാടുകളിലൂടെ ഒരേ സമയം രാഷ്ട്രീയ നേതാവും സാമൂഹി നവോഥാന നായകനുമായിരുന്നു ശിഹാബ് തങ്ങള്‍. സ്വന്തം സമുദായത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ ഒന്നടങ്കം സ്നേഹവും മമതയും അദ്ദേഹം നേടി. തങ്ങളുടെ മതസൌഹാര്‍ദനിലപാടുകളും മാനസിക വിശാലതയും പൊതുരംഗത്തെ പുതുതലമുറയ്ക്ക് പ്രചോദനമാണ്.
. സോണിയ ഗാന്ധി
നിര്‍ണായകഘട്ടങ്ങളില്‍ ശിഹാബ് തങ്ങള്‍ നടത്തിയ ഇടപെടലുകള്‍ സമൂഹത്തെ ഒരേമനസ്സോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനു പ്രയോജനപ്പെട്ടിട്ടുണ്ട്. സാമുദായികമൈത്രിയുടെയും സാഹോദര്യത്തിന്റെയും സാമൂഹികപുരോഗതിയുടെയും മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതിന് എന്നും പ്രചോദനമാണു
ശിഹാബ് തങ്ങളുടെ ജീവിതം.
. ഇ.കെ. നായനാര്‍
സമന്വയത്തിന്റെ വാക്കാണ് ശിഹാബ് തങ്ങള്‍. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം. ഭാരിച്ച ഉത്തരവാദിത്തം ശാന്തമായി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് ആരെയും അദ്ഭുതപ്പെടുത്തും.
. കെ. കരുണാകരന്‍
സംഘര്‍ഷങ്ങള്‍ നിറഞ്ഞ ആ സന്ദര്‍ഭത്തില്‍ (ബാബറി മസ്ജിദ് തകര്‍ക്കല്‍) സമാധാനത്തിന്റെ പ്രവാചകനെപ്പോലെ, എന്തെന്തു വൈഷമ്യങ്ങള്‍ ഉണ്ടെങ്കിലും സംയമനം പാലിക്കണമെന്നും സമാധാനം പുലര്‍ത്തണമെന്നും ശിഹാബ് തങ്ങള്‍ ഉദ്ബോധനം നടത്തിയിരുന്നു. പ്രസ്താവനകളും പ്രസംഗങ്ങളും മാത്രമല്ല, സമാധാനത്തിനായി വിശ്രമരഹിതമായി ഒാടിനടക്കുകയും ചെയ്തു അദ്ദേഹം. അന്നത്തെ ഇരുണ്ട നാളുകളില്‍ കേരളത്തില്‍ സമുദായ
വിദ്വേഷത്തിന്റെ തീ ആളിക്കത്താതിരുന്നതിന്റെ ഏറ്റവും പ്രധാന കാരണക്കാരന്‍ ശിഹാബ് തങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ആ കാലഘട്ടത്തിലെ സേവനങ്ങളെ കേരളത്തിലെ സമാധാനപ്രിയരായ ആളുകള്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.
. എ.കെ. ആന്റണി
വൈകാരികമുഹൂര്‍ത്തങ്ങള്‍ ഏറെയുണ്ടായിട്ടും തികച്ചും സമചിത്തതയോടെയാണ് ശിഹാബ് തങ്ങള്‍ അയോധ്യ പ്രശ്നത്തെ നേരിട്ടത്. വളരെ പക്വമായ നേതൃത്വത്തിനു മാത്രമേ ഇതു സാധ്യമാകൂ. മറിച്ചായിരുന്നു നിലപാടെങ്കില്‍ ഇന്നു കശ്മീര്‍ നേരിടുന്നതുപോലുള്ള ഭീകരമായ അവസ്ഥയിലേക്കുപോലും ഒരുപക്ഷേ, അതു നീങ്ങിപ്പോകുമായിരുന്നു.
. പി.കെ. വാസുദേവന്‍ നായര്‍
ഇന്ത്യയില്‍ പല സ്ഥലങ്ങളിലും കൊലയും കൊള്ളിവയ്പും നടന്നപ്പോള്‍ കേരളത്തിനു ഭ്രാന്ത് പിടിക്കാതിരുന്നതില്‍ ശിഹാബ് തങ്ങളുടെ വിവേകവും രാജ്യസ്നേഹവും വളരെ വിലപ്പെട്ട പങ്കാണു വഹിച്ചത്. സമ്പത്തും പാണ്ഡിത്യവും പ്രശസ്തിയും അതുപോലെ കാമ്യമെന്നു കരുതുന്ന പലതും സ്വന്തമാക്കിയവര്‍ എത്രയോ പേരുണ്ടാകും. എന്നാല്‍, വിനയവും വിവരവും ഒത്തിണങ്ങിയ വ്യക്തികള്‍ അപൂര്‍വമായിരിക്കും. ഇൌ ഗുണങ്ങളുടെ സമന്വയമാണ് ശിഹാബ് തങ്ങളെന്ന് ഹൃദയത്തില്‍ കൈവച്ചു ഞാന്‍ പറയുന്നു.
. എം.പി. വീരേന്ദ്രകുമാര്‍
1992ലെ അയോധ്യാ സംഭവങ്ങളെത്തുടര്‍ന്നു രാജ്യത്തുടനീളം ധാരാളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍, ദുരിതങ്ങള്‍ താരതമ്യേന കേരളത്തില്‍ കുറവാണ്. അതിനുള്ള പ്രധാനപ്പെട്ട കാരണം ശിഹാബ് തങ്ങളുടെതുപോലുള്ള നേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ടാണെന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറയാന്‍ സാധിക്കും.
. സി.കെ. പത്മനാഭന്‍
ഏതു തീരുമാനവും ധര്‍മാധിഷ്ഠിതവും കാര്യമാത്രപ്രസക്തവുമാണോ എന്നു പരിചിന്തിക്കുക ആരുടെയും സ്വഭാവമല്ലാത്ത കാലത്തും ശിഹാബ് തങ്ങള്‍ അതിനു മുന്‍തൂക്കം കൊടുത്തു. ദേഷ്യം എന്ന പദം തന്റെ ജീവിതനിഘണ്ടുവില്‍നിന്നു നിര്‍മാര്‍ജനം ചെയ്യാനുള്ള കഴിവ് സവ്യസാചികള്‍ക്കേ ഉണ്ടാകൂ.
. പി.കെ. നാരായണപ്പണിക്കര്‍.
സാമൂഹികനീതിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ശിഹാബ് തങ്ങള്‍ എന്നും തയാറായി. മനുഷ്യമനസ്സിന്റെ സമാധാനമാണ് ലക്ഷ്യം. അവശവിഭാഗങ്ങളുടെ മോചനമാണു മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന സങ്കല്‍പം.
. ഡോ. കെ.കെ. രാഹുലന്‍
രാജ്യതാല്‍പര്യത്തിനായി പ്രവര്‍ത്തിച്ച ഉത്തമനേതാവാണു ശിഹാബ് തങ്ങള്‍. മതവൈരമോ രാഷ്ട്രീയ ചാപല്യമോ ഇല്ലാത്ത പ്രവര്‍ത്തനവും ഉന്നതമായ ധാര്‍മികമൂല്യവുമാണ് അദ്ദേഹത്തിന്റെ മഹത്വം.
. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍
(ശിഹാബ് തങ്ങളെ കണ്ടപ്പോള്‍) എന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ചില മുഖങ്ങള്‍ ഞാന്‍ ഒാര്‍ത്തുപോയി. തിരുമേനിയുടെ, ജോണ്‍പോള്‍ രണ്ടാമന്റെ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി... ആ പട്ടികയില്‍ ഒന്നു കൂടി, എ ഡിവൈന്‍ ഫെയ്സ്.
. മേഴ്സി രവി
അസാധാരണമായ ആദര്‍ശനിഷ്ഠയും അനന്യദൃഷ്ടമായ കര്‍മകുശലതയും എല്ലാറ്റിനും മകുടം ചാര്‍ത്തുന്ന എളിമയും സമത്വബോധവും ശിഹാബ് തങ്ങളെ കേരളത്തിന്റെ വിശിഷ്ട സന്താനങ്ങളുടെ മുന്‍നിരയില്‍ നിര്‍ത്തുന്നു.
. ഡോ. പി.കെ. വാരിയര്‍
വിധ്വംസകര്‍ക്ക് എതിരെ ജാഗരൂകരാകുക. ചിന്തകൊണ്ടും പ്രവൃത്തിക്കൊണ്ടും പ്രതിരോധിക്കണം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സാമുദായിക മൈത്രിയുടെ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തിയും വര്‍ഗീയതയ്ക്കെതിരേയുള്ള പ്രതിരോധം തന്നെയായിരുന്നു.
. മമ്മൂട്ടി
കേരളം വലിയൊരു ബോംബിനു മുകളിലാണ് ഇരിക്കുന്നതെന്ന അവസ്ഥയാണ്. ഏതു നിമിഷവും അതു പൊട്ടിത്തെറിക്കാം. കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ ആ വഴിയിലേക്കു പോകുകയും ചെയ്യുന്നു. ഉറങ്ങിക്കിടന്നിരുന്നൊരു രാക്ഷസീയ കോശം എവിടെയോ ഉണര്‍ന്നു തുടങ്ങിയതുപോലെ. ഇത്തരം വഴിതെറ്റലുകളെ തടുക്കേണ്ടതു പ്രസ്ഥാനങ്ങവും വ്യക്തികളുമാണ്. തന്റെ കുട്ടി ശരിയായ വഴിയിലാണെന്ന് ഒാരോ അച്ഛനും അമ്മയും ഉറപ്പാക്കിയാല്‍ പ്രശ്നം തീര്‍ന്നു. പക്ഷെ വഴി പിഴച്ചുവോ എന്നു അവരറിയുമ്പോഴേക്കും സമയം അതിക്രമിച്ചിരിക്കും. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൌനംപോലും വലിയൊരു ആശ്വാസമായിരുന്നു. അത്തരമൊരു സാന്നിധ്യത്തിന്റെ അഭാവം വലുതു തന്നെയാണ്.
അതു നികത്താനാകില്ല. പക്ഷെ ആ സ്മരണകൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ ദൌത്യങ്ങള്‍ നിര്‍വഹിക്കാനാകണം. ഇല്ലെങ്കില്‍ നാം അദ്ദേഹത്തോടു നാം കാണിച്ച സ്നേഹത്തിനു വേണ്ടത്ര കരുത്തുണ്ടായിരുന്നില്ല എന്നുതന്നെ പറയേണ്ടിവരും.
. മോഹന്‍ ലാല്‍
ചിത്രത്തിന് കടപ്പാട് :
നൌഷു കെ എം
മലയാള മനോരമ ശിഹാബ് തങ്ങള്‍ ഓര്‍മകളില്‍ നിന്നും പകര്‍ത്തിയത് (Story Dated: Saturday, July 31, 2010)