സഹമന്ത്രിമാരില്‍ ഒന്നാമനായിട്ടെന്ത്!
ഒമ്പതാമനായിട്ടെന്ത്? ജമാഅത്തെ ഇസ്‌ലാമി മുഖപത്രം വകയാണ് ചോദ്യം.
ആയുസ്സില്‍ ഒരു റേഷന്‍കാര്‍ഡപേക്ഷ പോലും പൂരിപ്പിച്ചു കൊടുത്ത
പാരമ്പര്യമില്ലാത്തവര്‍ക്ക് ഈ വക സംശയങ്ങള്‍ സ്വാഭാവികം.
പക്ഷേ, മാധ്യമം ആരുടെ പത്രം എന്ന ചോദ്യംപോലെ ഉത്തരം കിട്ടാത്തതാവില്ല
ഇത്. ആള്‍ക്കൂട്ടത്തില്‍വെച്ച് തള്ളിപ്പറയുകയും രഹസ്യമായി സ്വന്തം കുഞ്ഞ്
എന്നവകാശപ്പെടുകയും ചെയ്യുന്ന ജമാഅത്ത് – മാധ്യമം രക്തബന്ധം പോലെയല്ല
അഹമ്മദിന്റെ മന്ത്രിസ്ഥാനമെന്ന് സാരം.
മുസ്‌ലിംലീഗിന്റെ കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്കു വീണ്ടും ‘വേവലാതി’
തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയത്തിലെ കന്നിപ്പരീക്ഷണം തന്നെ
വിക്ഷേപണത്തറയില്‍ മൂക്കുകുത്തി വീണ ഒരു സംഘടന അതിന്റെ ജന്മസിദ്ധമായ
സ്വഭാവം ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്ന്.
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ജമാഅത്തുകാര്‍ ആകെ നോക്കിയത്
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റ് ഇ. അഹമ്മദിന്റെ സ്ഥിതി
എന്തെന്നു മാത്രമാണ്. അഹമ്മദ് സാഹിബിന്റെ കാര്യത്തില്‍ ജമാഅത്തുകാരുടെ
ഉത്തരവാദിത്തബോധം അല്ലെങ്കിലേ കുപ്രസിദ്ധമാണ്.
ആദ്യം തോല്പിക്കാന്‍ ഓടി നടന്നു. അതിനുള്ള തിണ്ണബലം ഇല്ലാത്തതിനാല്‍
ഏശിയില്ല. പിന്നെ കേന്ദ്രമന്ത്രിയാക്കാതിരിക്കാനുള്ള മന്ത്രം ചൊല്ലലായി.
ഫലം നാസ്തി. മത്സരിച്ച പാര്‍ട്ടിയും ഭാരവാഹിത്വമുള്ള പാര്‍ട്ടിയും
വെവ്വേറെയാണെന്നു പറഞ്ഞ് പാര്‍ലമെന്റ് അംഗത്വം തന്നെ റദ്ദാക്കാനായി അടുത്ത
കുത്തിത്തിരിപ്പ്. അതും ഏറ്റില്ല. എല്ലാ കളിയിലും തോറ്റ ജമാഅത്തെ
ഇസ്‌ലാമിക്കാര്‍ ഒടുവില്‍ ഒരു സമാശ്വാസ സിദ്ധാന്തം
കണ്ടുപിടിച്ചിരിക്കുന്നു. ‘സഹമന്ത്രി വെറും സഹമന്ത്രി മാത്രം’ എന്ന്.
ഒരിക്കല്‍ തന്റെ ക്ലാസിലെ കുട്ടിയുടെ അച്ഛനെ അങ്ങാടിയില്‍ കണ്ടപ്പോള്‍
മാഷ് പറഞ്ഞു: ‘ഇന്നലെ സ്‌കൂള്‍ വിട്ടുപോകുമ്പോള്‍ നിങ്ങളുടെ മകന്‍ എന്നെ
ഒരേറ്. ഭാഗ്യത്തിന് തലക്കു കൊണ്ടില്ല. ഉടന്‍ അച്ഛന്റെ മറുപടി: എങ്കില്‍ അത്
എന്റെ മോനാവാനിടയില്ല മാഷേ. അവന് ഉന്നം തെറ്റാറില്ല’. സാക്ഷാല്‍ അബുല്‍
അഅ്‌ലാ മൗദൂദിയെങ്ങാനും ഇനി വന്നാല്‍ കേരള ജമാഅത്തുകാരെ കണ്ടാല്‍ പറയും:
ഏതായാലും ഇവരുടെ അച്ഛന്‍ പട്ടം എനിക്കുവേണ്ട. എന്റെ ഫിത്‌ന ചിലതെങ്കിലും
ഫലിച്ചിരുന്നു.
മുസ്‌ലിംലീഗിന്റെ പദവികള്‍ക്കും ബഹുജനാംഗീകാരത്തിനുമെതിരെ അല്പമെങ്കിലും
ആള്‍ബലമോ രാഷ്ട്രീയ പാരമ്പര്യമോ ഉള്ളവര്‍ അസൂയപ്പെടുന്നത് മനസ്സിലാക്കാം.
ആരുടെയെങ്കിലും ചെലവിലല്ലാതെ സ്വന്തം മേല്‍വിലാസത്തില്‍ കേരളത്തിന്റെ
പൊതുമണ്ഡലത്തില്‍ കാലുകുത്താന്‍ എഴുപത്തൊന്നു വര്‍ഷമായിട്ടും
കഴിഞ്ഞിട്ടില്ലാത്ത ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തുള്ളിയിട്ടെന്തുഫലം. ഉള്ള
ചോറും ചക്കയിലൊട്ടുന്നത് മിച്ചം.
കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിംലീഗ് ഏത് വകുപ്പ് സ്വീകരിക്കണമെന്ന്
എന്ത് അര്‍ഹത വെച്ചാണ് ജമാഅത്തുകാര്‍ ഉപദേശിക്കുന്നത്. കാല്‍നൂറ്റാണ്ടിന്റെ
പത്രപ്രവര്‍ത്തനമേനി പറയുന്ന ജമാഅത്ത് ജിഹ്വ കാലൂന്നിയിട്ടിന്നോളം
മുസ്‌ലിംലീഗിനെ കല്ലെറിയാനല്ലാതെ കൈ പൊക്കിയിട്ടില്ല.
പ്രസ്ഥാനത്തിനു കഴിയാത്തത് ഒരു ‘മാധ്യമം’ കൊണ്ടാവുമോ എന്നാണ് പരീക്ഷണം.
ഒരു സമുദായം ഒന്നടങ്കം മെഹ്ബൂബെമില്ലത്തായി നെഞ്ചേറ്റിയ നേതാവിനെ താന്‍
അഞ്ചുപതിറ്റാണ്ടുകാലം നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍ നിന്നും
പുറത്തുകടത്തി പാര്‍ലമെന്റംഗത്വമടക്കമുള്ള പദവികള്‍ ഒന്നൊന്നായി
അഴിച്ചുവെപ്പിച്ചു നിഷ്പ്രഭനാക്കിയതു മാത്രമാണ് ഈ ലീഗ് വിരുദ്ധ കളിയിലെ ഏക
ജമാഅത്ത് വിജയം.
ആവേശകരമായ പ്രഭാഷണവുമായി മതവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന
യുവപണ്ഡിതനെ തീവ്രവാദിയുടെ കുപ്പായമിടീച്ച് ആജീവനാന്തം ജയിലറയില്‍ തള്ളാന്‍
കഴിഞ്ഞതും വേണമെങ്കില്‍ മറ്റൊരു മാധ്യമനേട്ടമായി ജമാഅത്തിനവകാശപ്പെടാം.
അതിലപ്പുറം സ്വന്തം സമുദായത്തിനോ നാടിനോ വേണ്ടി ഒരു പുല്‍ക്കൊടി പോലും
നേടിക്കൊടുക്കാത്തവരാണ്, ജീവിതം മുഴുവന്‍ ജനസേവനത്തിനായി സമര്‍പ്പിച്ചവരെ
പരിഹസിക്കുന്നത്. അതിന്റെ ഒടുവിലെ പതിപ്പാണ് കഴിഞ്ഞ ദിവസം ദല്‍ഹി
കുറിപ്പായി ജമാഅത്ത് പത്രം അരപ്പേജില്‍വെച്ചു വിളമ്പിയത്:
”മാനവശേഷി വികസനവകുപ്പ് കൈയില്‍വെച്ചിട്ടെന്ത്? റെയില്‍വേയിലിരുന്ന്
കൂടുതലൊന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലെന്ത്! വിദേശകാര്യ നയതന്ത്രം
മെച്ചപ്പെടുത്താന്‍ നിലംതൊടാതെ പറക്കുകയാണ്, ഇന്ത്യ ഇറാനെതിരെ വോട്ട്
ചെയ്യട്ടെ. സദ്ദാം ഹുസൈനെ അമേരിക്ക തൂക്കട്ടെ!” എന്നിങ്ങനെ ഇ. അഹമ്മദിനും
മുസ്‌ലിംലീഗിനുമെതിരെ ഉറഞ്ഞുതുള്ളുമ്പോള്‍ സ്വന്തം വായനക്കാര്‍ക്കെങ്കിലും
ബോധ്യപ്പെടുന്ന ഒരു തരി ന്യായമെങ്കിലും കൂട്ടത്തില്‍വെക്കണമായിരുന്നു.
വി.കെ. കൃഷ്ണമേനോനുശേഷം ഐക്യരാഷ്ട്രസഭയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച,
പലവട്ടം യു.എന്‍. അസംബ്ലിയില്‍ ഇന്ത്യയുടെ ശബ്ദമായി ഉയര്‍ന്ന ഇ. അഹമ്മദ്
എന്ന മലയാളി കേരളത്തിന്റെ അഭിമാന സന്തതിയാണെന്ന് മറ്റെല്ലാവരും വിളിച്ചു
പറഞ്ഞപ്പോഴും മിണ്ടിയില്ല ജമാഅത്ത് ജിഹ്വ ഒരിക്കല്‍പോലും. വിശ്വപൗരനായി
വളര്‍ന്ന ഈ മലയാളി മുസ്‌ലിം ദേശീയ രാഷ്ട്രീയത്തില്‍ പതിപ്പിച്ച
വ്യക്തിമുദ്രക്കുനേരെ പരമ്പരാഗത വൈരവുമായി കണ്ണുംപൂട്ടിയിരുന്നു
ജമാഅത്തുകാര്‍.
ഒരു വിദേശകാര്യ സഹമന്ത്രി പദവി കൊണ്ട് ഇ. അഹമ്മദ് സൃഷ്ടിച്ച നിശ്ശബ്ദ
വിപ്ലവം കാണണമെങ്കില്‍ ആലപ്പുഴ സ്വദേശി നൗഷാദിന്റെ കണ്ണുകളില്‍ നോക്കുക.
തദ്ദേശീയന്റെ കാഴ്ച നഷ്ടപ്പെട്ട കേസില്‍ സഊദിയില്‍ കണ്ണ്
ചൂഴ്‌ന്നെടുക്കാന്‍ ശിക്ഷ വിധിക്കപ്പെട്ട യുവാവായിരുന്നു രണ്ടുകുട്ടികളുടെ
പിതാവായ നൗഷാദ്.
കേന്ദ്ര മന്ത്രി എന്നതിനുമപ്പുറം ഒരു കുടുംബനാഥന്റെ
ഉത്തരവാദിത്തബോധത്തോടെയാണ് ആ കാലം അഹമ്മദ് സാഹിബ് ഊണും ഉറക്കവുമില്ലാതെ
അധ്വാനിച്ചത്. സഊദി ഭരണാധികാരികളുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയും
നയതന്ത്രപരമായ നടപടികള്‍ ഒരു നിമിഷംപോലും പാഴാക്കാതെ
പൂര്‍ത്തിയാക്കിക്കൊണ്ടും മാസങ്ങള്‍ നീണ്ട പ്രയത്‌നം. ആ
മന്ത്രിസ്ഥാനത്തിലൂടെ സഊദി ഭരണാധികാരികളുമായി സ്ഥാപിക്കപ്പെട്ട ഇ.
അഹമ്മദിന്റെ സൗഹൃദത്തില്‍ ശിക്ഷ ഇളവുമാത്രമല്ല 2006 ജനുവരിയില്‍ നൗഷാദിന്
ജയില്‍മോചനം തന്നെ സാധ്യമായി.
വിദേശരാജ്യങ്ങളിലെ തടവറകളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് ഇങ്ങനെ
തിരികെയെത്തിയത് എണ്ണമറ്റ ജീവിതങ്ങളാണ്. എല്ലാം ഒരു മന്ത്രിയെക്കൊണ്ടു
തന്നെ. മറക്കില്ല മലയാളികളൊരിക്കലുമത്. വിദേശത്തുവെച്ച് മരിക്കുന്ന
മലയാളികളുടെ മൃതദേഹത്തിനായി ബന്ധുക്കള്‍ മാസങ്ങളും വര്‍ഷവും
കാത്തിരിക്കുന്ന കാലത്തിന് അറുതിവരുത്തിയതും ഈ മന്ത്രി തന്നെ.
ഇ. അഹമ്മദ് എന്ന മലയാളി മന്ത്രിയുടെ പരിശ്രമം വിജയിക്കാന്‍ ഇന്ത്യന്‍
ജനത ഒന്നടങ്കം പ്രാര്‍ത്ഥനയോടെ നിന്ന നാളുകളാണ് 2004 ജൂലൈ. ട്രക്ക്
ഡ്രൈവര്‍മാരായ മൂന്ന് സിക്ക് യുവാക്കളെ ഇറാഖില്‍ ബന്ദികളാക്കി കലാപകാരികള്‍
വിലപേശി. ഇന്ത്യയെന്ന മഹാരാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍
ശ്രമിച്ചവരെ തന്ത്രപൂര്‍വ്വം വീഴ്ത്തി ആ മൂന്നു യുവാക്കളെ
കുടുംബങ്ങള്‍ക്കെത്തിച്ചു കൊടുത്തു അഹമ്മദ്.
പരിചയസമ്പന്നരായ മുതിര്‍ന്ന കാബിനറ്റംഗങ്ങളും പ്രധാനമന്ത്രിക്കൊത്ത
തലയെടുപ്പുള്ളവരും മാത്രം വഹിച്ചുപോന്ന ക്രൈസിസ് മാനേജ്‌മെന്റ്
കമ്മിറ്റിയുടെ ചെയര്‍മാന്‍ പദവി ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.
മന്‍മോഹന്‍സിങും രാജ്യവും അന്നര്‍പ്പിച്ചത് വെറും കന്നിക്കാരനായ വിദേശകാര്യ
സഹമന്ത്രി ഇ. അഹമ്മദിന്റെ ചുമലിലാണ്.
ആറാഴ്ച നീണ്ട നയതന്ത്ര നീക്കങ്ങളാണ് ബന്ദികളുടെ മോചനത്തിനായി അഹമ്മദ്
നടത്തിയത്. കലാപകാരികളോട് അറബിയില്‍ സംസാരിച്ചു. അല്ലാത്തവരോട് അവരുടെ
ഭാഷയില്‍. ഒരു തുള്ളി ചോര പൊടിയാതെ, ഒരു ജീവനും ഹനിക്കാതെ തടവിലാക്കപ്പെട്ട
ഇന്ത്യന്‍ സന്തതികള്‍ക്ക് ഒരു പോറലുമേല്‍ക്കാതെയുള്ള പരിഹാരം.
റാഞ്ചിയ വിമാനം തിരിച്ചുകിട്ടാന്‍ തീവ്രവാദികളെ വിട്ടയച്ച
പ്രധാനമന്ത്രിമാരുള്ള രാജ്യത്താണ് എടപ്പകത്ത് അഹമ്മദ് എന്ന കണ്ണൂരുകാരന്‍,
മലപ്പുറത്തിന്റെ ജനപ്രതിനിധി, മലയാളത്തിന്റെ അഭിമാനപുത്രന്‍ ഈ യുദ്ധവും
വിജയിച്ചത്.
സദ്ദാം ഹുസൈനെ തൂക്കിലേറ്റുക മാത്രമല്ല; മുസ്‌ലിം രാഷ്ട്രങ്ങളില്‍
ചോരപ്പുഴകളൊഴുക്കുകയും ചെയ്ത കിരാതനായ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ്
ബുഷ് 2006 മാര്‍ച്ച് ഒന്നിന് ഇന്ദ്രപ്രസ്ഥത്തില്‍ വന്നപ്പോള്‍ അഭിവാദ്യം
ചെയ്യാന്‍ തിക്കിത്തിരക്കിയവരില്‍ സാമ്രാജ്യത്വ ‘വിരോധി’കളായ
ഇടതുപക്ഷക്കാര്‍ പോലുമുണ്ടായിരുന്നു.
രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ ജോര്‍ജ്ജ് ബുഷിന് കൈകൊടുക്കാന്‍ വരി
നിന്നവരുടെ കൂട്ടത്തില്‍ പക്ഷേ വിദേശകാര്യ സഹമന്ത്രിയായിട്ടും ഇ. അഹമ്മദിനെ
മാത്രം കണ്ടില്ല. അതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സാരഥി.
ഖാഇദെമില്ലത്തിന്റെ പിന്‍ഗാമി.
യാസര്‍ അറഫാത്തിനൊപ്പം നില്‍ക്കുന്ന കൃത്രിമ ഫോട്ടോവെച്ച
രാഷ്ട്രീയക്കാരുള്ള നാടാണ് കേരളം. പക്ഷെ, ഫലസ്തീനിലെ വെള്ളവും വെളിച്ചവും
തടയപ്പെട്ട രാമല്ലയിലെ വീട്ടില്‍ നിരായുധനായി ഏകാന്ത തടവിലെന്നപോലെ കഴിഞ്ഞ
യാസര്‍ അറഫാത്തിനെ ചെന്നു കാണാന്‍ മനസ്സു കാണിച്ചവര്‍ ലോകനേതാക്കളില്‍പോലും
ഏറെയില്ല.
2004 സെപ്തംബറില്‍ അമേരിക്കന്‍ ജൂത മിസൈലുകള്‍ വീടിനു മുകളില്‍
വര്‍ഷിച്ചുകൊണ്ടിരിക്കെ അതിനുള്ളില്‍ കടന്നുചെന്ന് യാസര്‍ അറഫാത്ത് എന്ന
പൊരുതുന്ന ഫലസ്തീന്‍ നായകനെ നെഞ്ചില്‍ ചേര്‍ത്തു പിടിക്കാന്‍ ഒരു നേതാവേ
പുറംലോകത്തു നിന്ന് എത്തിയുള്ളൂ.
ലോക മുസ്‌ലിം നേതൃനിരയില്‍ നിന്നു തന്നെ ഒരാള്‍ മാത്രം. ഇന്ത്യയുടെ ഇ.
അഹമ്മദ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയില്‍ ഫലസ്തീന്‍ അംബാസിഡര്‍ ഒസാമ മൂസ
പ്രസംഗിക്കുമ്പോള്‍ പറഞ്ഞു: ‘ഫലസ്തീനിലെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം
ഇ. അഹമ്മദ് ഇന്ത്യ എന്ന പേര്’.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന, അറബ് രാഷ്ട്രങ്ങളുമായി
ഇന്ത്യയുടെ നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ഏറ്റവുമധികം യത്‌നിച്ച
രാഷ്ട്രതന്ത്രജ്ഞന്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരമാണ് അഹമ്മദ്.
അമ്പത് വര്‍ഷത്തിനുശേഷം ഒരു സഊദി രാജാവ് – അബ്ദുല്ല രാജാവ് – ഇന്ത്യ
സന്ദര്‍ശിച്ചത് ഈ നയതന്ത്ര മികവിന് തെളിവാണ്. അമേരിക്കന്‍
സാമ്രാജ്യത്വത്തിന്റെ പേടിസ്വപ്‌നമായ ഇറാന്‍ പ്രസിഡന്റ് അഹമ്മദ് നജാദ്
ഇന്ത്യന്‍ മണ്ണിലേക്കിറങ്ങിയതും ഈ വിദേശകാര്യ സഹമന്ത്രിയുടെ കൈപിടിച്ചു
തന്നെ.
30 വര്‍ഷത്തിനുശേഷം ആദ്യമായൊരു കുവൈത്ത് അമീര്‍ ഇന്ത്യയില്‍ വന്നു.
ഒന്നിലേറെ പ്രാവശ്യം ഖത്തര്‍, ബഹ്‌റൈന്‍ രാഷ്ട്രത്തലവന്മാര്‍ എത്തി.
കുവൈത്തില്‍ നടന്ന 32 ഏഷ്യന്‍ രാജ്യങ്ങളുടെ സംവാദത്തില്‍
മന്ത്രിതലത്തിലെ നോമിനിയായും ഇന്ത്യന്‍ പ്രധാനമന്ത്രിക്കുവേണ്ടിയും
പങ്കെടുത്തതും അഹമ്മദ് തന്നെ. ഐക്യരാഷ്ട്ര അസംബ്ലിയില്‍ ഫലസ്തീനുവേണ്ടി
ഇന്ത്യയുടെ ശബ്ദമായി മാറി. ദല്‍ഹിയില്‍ ഫലസ്തീന്‍ എംബസി സ്ഥാപിച്ചു.
മുംബൈ കലാപം സംബന്ധിച്ച രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട്
യു.എന്‍. രക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ കേസ് വാദിച്ചത് ഇ.
അഹമ്മദായിരുന്നു. വി.കെ. കൃഷ്ണമേനോനും സ്വരാജ് സിങ്ങിനും ശേഷം ഇങ്ങനെ
നിയുക്തനാകുന്ന മൂന്നാമത്തെ രാഷ്ട്രീയ നേതാവ്. സഊദി രാജാവ് ആതിഥ്യം വഹിച്ച
മതസൗഹൃദ ചര്‍ച്ചാ സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുവിനെ പ്രകീര്‍ത്തിച്ചു
സംസാരിച്ച മുസ്‌ലിം മന്ത്രി.
ദോഹയില്‍ ജി. 77 ഉച്ചകോടി നടക്കുമ്പോള്‍ അഹമ്മദിനെ മാത്രമാണ്
പ്രധാനമന്ത്രി അയച്ചത്. വിദേശകാര്യ മന്ത്രിയായി മുതിര്‍ന്ന നേതാവ് നട്‌വര്‍
സിങ്ങ് ഉള്ളപ്പോഴാണിത്. അഫ്ഗാന്‍ സംബന്ധമായി റഷ്യയിലും ലണ്ടനിലും നടന്ന
സമ്മേളനത്തിലും പസഫിക്ക്, അയര്‍ലണ്ട്, ഫിജി തുടങ്ങിയ രാജ്യങ്ങളുമായുള്ള
ചര്‍ച്ചകളിലും ഇന്ത്യയെ ഇ. അഹമ്മദ് പ്രതിനിധീകരിച്ചു. പ്രധാനമന്ത്രി
പങ്കെടുക്കേണ്ട നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് പ്രതിനിധിയായി
അഹമ്മദ് നിയുക്തനായി.
സീനിയര്‍ മന്ത്രി നട്‌വര്‍ സിങ്ങ് സഭയിലിരിക്കെ സഹമന്ത്രി അഹമ്മദ് പലതവണ
ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. പ്രധാനമന്ത്രി 3 മിനിട്ടും അഹമ്മദ് 48
മിനിട്ടും മറുപടി നല്‍കുന്ന ഘട്ടങ്ങള്‍ വരെയുണ്ടായി. ഇതൊന്നും ഇരന്നു
വാങ്ങിയ അവസരങ്ങളല്ല. പരമയോഗ്യനെന്നു കണ്ട് രാജ്യം
വിശ്വസിച്ചേല്‍പിച്ചതാണ്. ‘റാബിത്വത്തുല്‍ ഇസ്‌ലാമിയ ഫില്‍ഹിന്ദ്’ എന്ന്
അറബ് സമൂഹത്തില്‍ മുസ്‌ലിംലീഗിന് പേര് കിട്ടുന്നതിലുള്ള അസഹിഷ്ണുതക്കപ്പുറം
മറ്റെന്തുണ്ട് ജമാഅത്തിന്റെ ഈ ഹാലിളക്കത്തില്‍.
സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചതിലും ന്യൂനപക്ഷ കാര്യവകുപ്പ്
രൂപീകരിക്കപ്പെട്ടതിലും ന്യൂനപക്ഷ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി കേന്ദ്ര
സര്‍ക്കാര്‍ എണ്ണമറ്റ പദ്ധതികള്‍ നടപ്പിലാക്കിയതിലും അഹമ്മദിന്റെ
സമ്മര്‍ദ്ദവും സ്വാധീനവും തെളിഞ്ഞുകാണാം.
ന്യൂനപക്ഷ പിന്നോക്ക ജില്ലകള്‍ തെരഞ്ഞെടുത്തതില്‍ അര്‍ഹമായ
പ്രദേശങ്ങളുള്‍പ്പെടാത്തതിനാല്‍ ബ്ലോക്കടിസ്ഥാനത്തില്‍ ന്യൂനപക്ഷ
പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന അഹമ്മദിന്റെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍
അംഗീകരിച്ചു കഴിഞ്ഞു.
മാനവ വിഭവശേഷി വകുപ്പുംവെച്ച് മാനം നോക്കി കിടക്കുകയല്ല ഈ സഹമന്ത്രി
ചെയ്തത്. പ്രൈമറി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള സ്വകാര്യ
എയ്ഡഡ്, അണ്‍ എയ്ഡഡ് ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് അടിസ്ഥാന
സൗകര്യവികസനത്തില്‍ പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 125 കോടി രൂപയാണ്
അഹമ്മദിന്റെ പരിശ്രമത്തില്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.
ആ പണം അപേക്ഷ കൊടുത്ത് വാങ്ങി കീശയിലിട്ടശേഷമാണ് അഹമ്മദ് വല്ലതും
ചെയ്‌തോ എന്ന് ജമാഅത്തുകാര്‍ക്ക് സംശയം. ലോകപ്രസിദ്ധമായ അലീഗഢ് മുസ്‌ലിം
സര്‍വകലാശാലയുടെ ഓഫ് കാമ്പസ് കേരളത്തിനായി മലപ്പുറം ജില്ലയിലേക്കു
കൊണ്ടുവന്നു. ഉന്നതദേശീയ നിലവാരമുള്ള എഞ്ചിനീയറിങ് ടെക്‌നോളജി
ഇന്‍സ്റ്റിറ്റിയൂട്ടും വിദേശ ഭാഷാ സര്‍വകലാശാലയും (ഇഫഌ) കേരളത്തിനു കിട്ടി.
രാജ്യത്തെ മുപ്പത്തൊന്നാമത് പാസ്‌പോര്‍ട്ട് ഓഫീസ് സംസ്ഥാനത്ത്
ഏറ്റവുമധികം അപേക്ഷകരുള്ള മലപ്പുറത്ത് സ്ഥാപിച്ചു. എല്ലാ സംസ്ഥാനത്തും
ഇനിയും പാസ്‌പോര്‍ട്ട് ഓഫീസ് ആയില്ലെന്നിരിക്കെയാണിത്. 13 പാസ്‌പോര്‍ട്ട്
സേവാകേന്ദ്രങ്ങള്‍ കേരളത്തിലേക്കെത്തിച്ചു.
19 മാസം കൊണ്ട് 19 തീവണ്ടികള്‍ ജനശതാബ്ദി ഉള്‍പ്പെടെ കേരളത്തിന്
നല്‍കാന്‍ കഴിഞ്ഞ കേന്ദ്ര റെയില്‍വേ സഹമന്ത്രിയാണ് അഹമ്മദ്. സംസ്ഥാനത്തെ
വന്‍ നഗര സ്റ്റേഷനുകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റെയില്‍വെ
സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കി.
അരനാഴിക നേരംകൊണ്ട് ഇത്രയും അത്ഭുതം കാണിക്കാന്‍ തന്നെ അസാമാന്യ
ഭരണനൈപുണ്യം വേണം. അതു മനസ്സിലാക്കാനുള്ള ബുദ്ധി ജമാഅത്തുകാര്‍ക്ക്
പടച്ചവന്‍ കൊടുത്തിട്ടില്ല.
സ്വന്തമായി നയവും നിലപാടും അത് നടപ്പില്‍ വരുത്താന്‍ ഇച്ഛാശക്തിയുമുള്ള
പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. പുതുതായി രാഷ്ട്രീയം
പരീക്ഷിക്കാനിറങ്ങിയ ഭാഗ്യാന്വേഷികളല്ല മുസ്‌ലിംലീഗുകാര്‍. ഒരിക്കല്‍
ഹറാമാക്കിയതിനെ ഹലാലാക്കി കയ്യിട്ട് വാരി തിന്നുന്ന ഗതികെട്ട ജന്മമല്ല ഈ
പ്രസ്ഥാനത്തിന്റേത്.
വിമോചന സമരത്തിന്റെ തീപടരും കാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ നയിച്ച്
രാഷ്ട്രീയത്തില്‍ പാദമൂന്നി അഗ്നിപരീക്ഷകള്‍ അതിജീവിച്ചുവന്ന
പൊതുപ്രവര്‍ത്തകനാണ് ഇ. അഹമ്മദ്. മുളയിലെ കാണിച്ച വിളയുടെ കരുത്ത് കാണാം ആ
ജീവിതപ്പാതയില്‍. ഒരു കൊടുങ്കാറ്റിനും ഉലക്കാനാവാത്ത ആത്മവിശ്വാസത്തിന്റെ
അകമ്പടിയുണ്ട്. പോരാത്തതിന് നിര്‍ഭയനും മഹാപണ്ഡിതനുമായ ഗുരു പകര്‍ന്നു
നല്‍കിയ സിദ്ധികളും.
ഐക്യകേരളം വരും മുമ്പുള്ള മദ്രാസ് നിയമസഭയില്‍ ആഭ്യന്തരമന്ത്രി ഡോ.
സുബ്ബരായന്‍ പ്രഖ്യാപിച്ചു: ”എന്റെ ജീവനുള്ള കാലത്തോളം മുസ്‌ലിംലീഗിനെ
ഞാന്‍ നശിപ്പിച്ചു കൊണ്ടിരിക്കും’. പ്രത്യുത്തരമായി ഉടന്‍ വന്നു
കൊടുങ്കാറ്റ് മൂളുന്ന സിംഹഗര്‍ജനം”.
”എന്റെ ശ്വാസം നിലക്കും വരെ മുസ്‌ലിംലീഗ് നിലനിര്‍ത്താന്‍ ഞാന്‍ പൊരുതി
കൊണ്ടിരിക്കും. അതിനെ തടുക്കാന്‍ പോന്ന ശക്തികള്‍ ഭൂമിയില്‍
പിറന്നിട്ടില്ല”. അപ്പറഞ്ഞതാണ് ഗുരു. കെ.എം. സീതി സാഹിബ്. ആ സിംഹത്തില്‍
നിന്നും പഠിച്ചതാണ് ഇ. അഹമ്മദിന്റെ രാഷ്ട്രീയം.
1 മറുപടികള്‍ ഇവിടെ:
പഠനാർഹവും ആധികാരികവുമായ ലേഖനം
2018, ഫെബ്രുവരി 11 5:01 PMഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ